റോഡ് ഐലൻഡ്: ലോകരാഷ്ട്രങ്ങളിൽ കോവിഡ് മഹാമാരി വിതച്ച നാശത്തേക്കാൾ ഭയനാകമാണ് ഇന്ത്യയിലേതെന്ന് ബ്രൗണ്‍ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ഡീനും ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഡോ. ആശിഷ് ജാ വെളിപ്പെടുത്തി.
ഒൗദ്യോഗികമായി ഇന്ത്യ പുറത്തുവിടുന്ന കണക്കനുസരിച്ച് 2000 പേരാണ് ദിനംപ്രതി മരിക്കുന്നത്.
എന്നാൽ യഥാർഥത്തിൽ ഇതിനേക്കാൾ അഞ്ചിരട്ടിയാണ് (10,000) പ്രതിദിനം ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിക്കുന്നതെന്ന് ആശിഷ് ജാ ചൂണ്ടികാട്ടി.
ആശുപത്രിയിൽ കിടക്കകളും, വെന്റിലേറ്ററും, ഓക്സിജനും ഇല്ലാത്ത അവസ്ഥയാണ്.
ഇന്ത്യ അതിഭീകരമായ അവസ്ഥയിലൂടെയാണ് അനുനിമിഷം മുന്നോട്ടു പോകുന്നത്.
അതുപോലെ തന്നെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ഒൗദ്യോഗിക കണക്ക് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മില്യനിലധികം പേർക്ക് രോഗം ബാധിക്കുന്നു. ഇന്ത്യയിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 30നും 40നും ഇടയിലാണ്.
ഇന്ത്യയിലെ മൂന്നുപേരിൽ ഒരാൾക്ക് വീതം രോഗബാധ ഉണ്ടാകുന്നു. അതോടൊപ്പം ജനിതക മാറ്റം സംഭവിച്ച വൈറസുകളും വ്യാപകമാകുന്നു.
എന്നാൽ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള വാക്സീൻ വളരെ കുറവാണ്.
ജോണ്‍ ഹോപ്കിൻസ് യൂണിവേഴ്സിറ്റി ഡേറ്റയനുസരിച്ച് ഏപ്രിൽ 26 വരെ ഇന്ത്യയിൽ 17 മില്യൻ പേർക്ക് കോവിഡ് പോസിറ്റീവാണെന്നും 198,000 മരണം സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ