കൊച്ചി: കേരളപ്പിറവി ദിന സമ്മാനമായി ലഭിച്ച ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ വേദി വിവാദമായതോടെ നിലപാടിൽ അയവ് വരുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ. മത്സരവേദി കൊച്ചിയാകണമെന്നു വാശിയില്ലെന്നു കെസിഎ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
ഇന്നു രാവിലെ വേദിയെപ്പറ്റിയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ജിസിഡിഎയും കെസിഎയും തമ്മിലുള്ള നിർണായക യോഗം നടക്കുന്നതിനു മണിക്കൂറുകൾ മാത്രം മുൻപാണ് ഈ ചുവടു മാറ്റം.
കലൂർ സ്റ്റേഡിയത്തിലെ ടർഫ് തകർത്ത് ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനെച്ചൊല്ലി വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് കെസിഎയുടെ മനം മാറ്റം. എങ്കിലും, 30 വർഷത്തെ പാട്ട കരാർ ജിസിഡിഎയുമായി കെസിഎയ്ക്കു നിലനിൽക്കുന്നുണ്ട്. ഇനി മത്സരങ്ങൾ ലഭിക്കുന്പോൾ എന്തു ചെയ്യണമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ തീരുമാനമുണ്ടാകും. ഇന്നു വൈകുന്നേരം കെസിഎ പത്രസമ്മേളനവും വിളിച്ചിട്ടുണ്ട്.
വിവാദമുണ്ടാക്കി കളി നടത്തില്ലെന്നാണു ജയേഷ് ജോർജ് ഇന്നു രാവിലെ പ്രതികരിച്ചത്. കേരള ബ്ലാസ്റ്റേഴ്സുമായോ സർക്കാരുമായോ ഏറ്റുമുട്ടൽ നടത്തില്ല. ക്രിക്കറ്റും ഫുട്ബോളും ഒരുപോലെ വളരട്ടെയെന്നാണു കെസിഎയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കായിക മന്ത്രി ഇക്കാര്യവുമായി ബന്ധപ്പെട്ടു വിളിച്ചിരുന്നു. മത്സരം തിരുവനന്തപുരത്ത് നടക്കട്ടെയെന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. കെസിഎയ്ക്കു വാശിയൊന്നുമില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഏകദിന മത്സരം നടക്കുന്പോൾ 25 ലക്ഷം രൂപയാണ് ജിസിഡിഎയ്ക്കു ലഭിക്കുക. ഈ വരുമാനം മുന്നിൽ കണ്ടാണ് കെസിഎയുമായി ദീർഘകാല കരാറിനു സന്നദ്ധമായതും. കരാർ ഒപ്പിട്ടതോടെ ഇപ്പോഴുള്ള ഫ്ളെഡ് ലൈറ്റ് ഉൾപ്പെടെ 10 കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കെസിഎ കലൂർ സ്റ്റേഡിയത്തിൽ നടത്തി.
ഐഎസ്എൽ മത്സരം വന്നപ്പോഴും ടർഫ് അടക്കം പരിപാലിച്ചിരുന്നതും കെസിഎയാണ്. ഈ സാഹചര്യത്തിൽ മത്സരം നടത്താൻ അവകാശമുണ്ടെന്നായിരന്നു ഇതുവരെ കെസിഎയുടെ നിലപാട്.