ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്ത്യന്‍ സൈന്യം ശാന്തസ്വഭാവം കൈവിടുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വെടിനിര്‍ത്തലിന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു തോക്കുപയോഗിക്കാതെയുള്ള പെട്രോളിങ്.
എന്നാല്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യം കാണിച്ച നെറികേട് ഇന്ത്യയെ മാറ്റിചിന്തിപ്പിക്കുകയാണ്. ആണി തറച്ച തടിക്കഷണങ്ങളുമായി ഇനി ചൈനീസ് പട്ടാളം ഇറങ്ങിയാല്‍ വെടിവെച്ചു പുകയ്ക്കാനാണ് ഓര്‍ഡര്‍.
അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്‍കി.
അതിര്‍ത്തിയില്‍ വെടിവെയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്.
ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്.
കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും.
ഇതിനിടെ ഗാല്‍വാനില്‍ ഏതാനും ചൈനീസ് പട്ടാളക്കാരെ ഇന്ത്യ പിടികൂടിയ ശേഷം വിട്ടയച്ചതായ കേന്ദ്ര മന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ. സിങ് അറിയിച്ചു.
ഏറ്റുമുട്ടലുണ്ടായ ഗല്‍വാനിലെ പെട്രോള്‍ പോയിന്റ് 14 ഇന്ത്യയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നുഴഞ്ഞു കയറ്റത്തില്‍ നിന്ന് ചൈന പിന്മാറിയെന്നാണ് സേന നല്‍കുന്ന സൂചന.
അങ്ങനെ അതിര്‍ത്തിയില്‍ ഇന്ത്യ കൂടുതല്‍ പിടിമുറുക്കുകയാണ്. ഇനി പ്രകോപിപ്പിച്ചാല്‍ അതേ രീതിയില്‍ നേരിടുമെന്ന് സേനാ, നയതന്ത്ര ചര്‍ച്ചകളില്‍ ചൈനയെ ഇന്ത്യ അറിയിച്ചു കഴിഞ്ഞു.
കിഴക്കന്‍ ലഡാക്കിലേക്ക് ഇന്ത്യ 2 ഡിവിഷന്‍ സൈനികരെക്കൂടി എത്തിച്ചു. ഇതോടെ ഇവിടെ സൈനിക ബലം 45000 ആയി.
അതിനിടെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളില്‍ ചൈന നടത്തുന്ന പടയൊരുക്കത്തിന്റെ കൂടുതല്‍ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഇന്ത്യയുടെ ഭാഗത്തേക്ക് ചൈനീസ് സേന എട്ടു കിലോമീറ്ററോളം അതിക്രമിച്ചു കയറിയെന്നാണ് വ്യക്തമാകുന്നത്. നാലാം മലനിരയില്‍ (ഫിംഗര്‍ 4) സംഘര്‍ഷം മൂര്‍ധന്യാവസ്ഥയിലാണ്.
ഇവിടെ 500 മീറ്റര്‍ അകലത്തില്‍ ഇരു സേനകളും ടെന്റുകളടക്കം സ്ഥാപിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്. മേജര്‍ ജനറല്‍ തലത്തില്‍ ഇരു സേനകളും ഇന്നലെയും ചര്‍ച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരം ഉരുത്തിരിഞ്ഞില്ല.
ഉത്തരാഖണ്ഡിലെ കാലാപാനിയോടു ചേര്‍ന്നുള്ള അതിര്‍ത്തിയില്‍ സേനാ പോസ്റ്റ് സ്ഥാപിക്കാന്‍ നേപ്പാള്‍ തീരുമാനവും ഇന്ത്യയെ പ്രകോപിപ്പിക്കാനാണ്.
കാലാപാനിക്കു പുറമേ ഇന്ത്യന്‍ പ്രദേശങ്ങളായ ലിപുലേഖ് ചുരം, ലിംപിയാധുര എന്നിവ തങ്ങളുടെ ഭാഗമാക്കി ഭൂപടം പരിഷ്‌കരിച്ചതിനു പിന്നാലെയാണ് സേനാതലത്തില്‍ നേപ്പാളിന്റെ പ്രകോപന നീക്കം. അവിടേക്കെത്തുന്നതിനു റോഡും നിര്‍മ്മിക്കാന്‍ അവര്‍ക്ക് പദ്ധതിയുണ്ട്.
ഇതിന് പിന്നിലും ചൈനയുടെ ഇടപെടലാണ്. പാക്കിസ്ഥാനേയും നേപ്പാളിനേയും ഇറക്കി ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാനാണ് നീക്കം.
ഇതിനിടെ, ഭീകരര്‍ക്കു യുഎസ് നിര്‍മ്മിത തോക്ക്, ഗ്രനേഡ്, വെടിയുണ്ടകള്‍ എന്നിവയുമായി പാക്കിസ്ഥാനില്‍നിന്ന് വന്ന ഡ്രോണ്‍ കാഷ്മീരിലെ ഹിരാനഗര്‍ സെക്ടറില്‍ ഇന്ത്യന്‍ സേന വെടിവച്ചു വീഴ്ത്തി.
നിയന്ത്രണ രേഖയോടു ചേര്‍ന്നുള്ള ബാരാമുള്ള റാംപുര്‍ സെക്ടറില്‍ പാക്ക് സേന ഷെല്ലാക്രമണം നടത്തിയെങ്കിലും ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.