ജെയ്ഷെ മുഹമ്മദ് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചു തകര്‍ത്തതിനു പിന്നാലെ പിന്നാലെ കച്ച് അതിര്‍ത്തിയിലേക്ക് എത്തിയ പാകിസ്ഥാന്റെ ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പുല്‍വാമ ഭീകരാക്രമണം നടന്ന് 12-ാം ദിനം ഇന്ത്യ നല്കിയ തിരിച്ചടിയില്‍ ജയ്ഷെ ഇ മുഹമ്മദിന്റെ ഒരു ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ന്നിരുന്നു. ഇന്ത്യന്‍ ആക്രമണത്തില്‍ മൂന്ന് ജയ്ഷെ താവളങ്ങളാണ് തരിപ്പണമായത്. ഇതില്‍ ബാലാക്കോട്ടിലെ ഹെഡ്ക്വാര്‍ട്ടേഴ്സും ഉള്‍പ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാലകോട്ട്, ചകോട്ടി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങളാണ് ബോംബുകള്‍ വര്‍ഷിച്ച് ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചായിരുന്നു ഇന്ത്യയുടെ ആക്രമണം.
കൃത്യമായി പാക് അധീനകാഷ്മീരിലെ ജയ്ഷെ ക്യാമ്പുകളുടെ ജിയോഗ്രഫിക്കല്‍ കോര്‍ഡിനേറ്റുകള്‍ ഇന്ത്യന്‍ സൈന്യത്തിന് കിട്ടിയിരുന്നു. ഈ ക്യാംപുകളുടെ കൃത്യമായ സ്ഥാനം കണ്ടെത്തി എങ്ങനെ ആക്രമണം നടത്തണമെന്ന് ആസൂത്രണം ചെയ്തു. തുടര്‍ന്നാണ് അപ്രതീക്ഷിതമായി വ്യോമാതിര്‍ത്തി കടന്ന് ആക്രമണം നടത്തി മടങ്ങിയത്. പുല്‍വാമയ്ക്ക് ശേഷം അതിര്‍ത്തിയില്‍ പാകിസ്ഥാനും ജാഗ്രതയിലാണെന്ന് സൈന്യം കണക്കുകൂട്ടിയിരുന്നു. ഇതെല്ലാം കണക്കാക്കിയാണ് ആക്രമണം ആസൂത്രണം ചെയ്തത്. ഇന്ത്യന്‍ സമയം 3.40നും 4.05നും ഇടയിലായിരുന്നു ഇന്ത്യയുടെ മിന്നല്‍ ആക്രമണമെന്നായിരുന്നു വിവരം.