ദുബായ്: ഏഷ്യാ കപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിനായി ആരാധകർക്കൊപ്പം രഹസ്യാന്വേഷണ ഏജൻസികളും കാത്തിരിക്കുന്നു. ദുബായിൽ നടക്കുന്ന മത്സരം കാണാൻ അധോലോക കുറ്റവാളിയും മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ദാവൂദ് ഇബ്രാഹിമും അനുയായികളും എത്തിയേക്കുമെന്നാണ് രഹസ്യന്വേഷണ റിപ്പോർട്ട്.
ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ചയാണ് ഇന്ത്യാ-പാക് മത്സരം നടക്കുന്നത്. ക്രിക്കറ്റ് കാണാൻ ദാവൂദിനൊപ്പം അദ്ദേഹത്തിന്റെ ഡി കമ്പനിയും എത്തുമെന്നാണ് ഏജൻസി റിപ്പോർട്ട്. മുംബൈയിലും കറാച്ചിയിലും താമസിക്കുന്ന ദാവൂദിന്റെ ബന്ധുക്കൾ മത്സരം കാണാനായി ദുബായിൽ എത്തിയിട്ടുണ്ട്. അതിനാൽ ദാവൂദ് എത്താനുള്ള സാധ്യത കൂടുതലാണെന്ന് ഏജൻസികൾ വിശ്വസിക്കുന്നു.
ആഗോള രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതിനെപ്പറ്റിയുള്ള വിവരം ആദ്യം ലഭിച്ചത്. ദാവൂദ് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ലോകത്തിലെ പ്രധാനപ്പെട്ട ആറ് രഹസ്യാന്വേഷണ ഏജൻസികൾ അതിജാഗരൂകരായി മത്സരദിനം വീക്ഷിക്കും. ഇന്ത്യൻ ഏജൻസിക്ക് പുറമെ യുകെ, യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളുടെ ഏജൻസികളാണ് ദാവൂദിനു വേണ്ടി വലവിരിക്കുന്നത്. ദാവൂദിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ തേടാനും ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഇന്ത്യ-പാക് മത്സരം നടക്കുമ്പോള്‍ വാതുവയ്പ്പ് മറ്റേതു മത്സരങ്ങളേക്കാള്‍ വാശിയേറും. ക്രിക്കറ്റ് നടക്കുന്പോൾ ദുബായിലും പാകിസ്ഥാനിലും ഇരുന്ന് അധോലോകത്തെ നിയന്ത്രിക്കുന്ന ദാവൂദ് ഇബ്രാഹിമിലേക്ക് തന്നെയാണ് കണ്ണികള്‍ നീളുന്നത്. കോടികളുടെ ബിസിനസ് നടക്കുന്ന സിനിമ വ്യവസായവും ക്രിക്കറ്റും ദാവൂദിന്റെ ഇഷ്ട മേഖലകളാണ്.