വാഷിംഗ്ടൺ: സാന്പത്തിക വളർച്ചത്തോതിൽ ഇന്ത്യ വീണ്ടും ചൈനയെ മറികടക്കും. ചൈനീസ് വളർച്ച താഴോട്ടു പോകുന്നതു മൂലമാണിത്. ഇന്ത്യയാകട്ടെ സാവധാനം വളർച്ചത്തോത് ഉയർത്തുകയും ചെയ്യും. അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) പുറത്തിറക്കിയ ലോക സാന്പത്തിക പ്രതീക്ഷയിലാണ് ഇതു പറയുന്നത്.
2017ൽ ചൈന 6.9 ശതമാനവും ഇന്ത്യ 6.7 ശതമാനവും വളർന്നതായാണ് ഐഎംഎഫ് നിഗമനം. ഈ വർഷം ഇന്ത്യ 7.3 ശതമാനത്തിലേക്കു വളരുന്പോൾ ചൈന 6.6 ശതമാനത്തിലേക്കു കുറയും. വരും വർഷം ഇന്ത്യ 7.4, ചൈന 6.2 എന്ന തോതിലാകും വളർച്ച. അടുത്ത വർഷത്തെ ഇന്ത്യൻ വളർച്ച ഏപ്രിലിൽ ഐഎംഎഫ് കണക്കാക്കിയ 7.5 ശതമാനത്തിലും കുറവാകും.
അമേരിക്ക – ചൈന വ്യാപാരയുദ്ധം മൂലം ചൈനയുടെ കയറ്റുമതി കറയുന്നതാണ് ചൈനീസ് വളർച്ചയെ വലിച്ചുതാഴ്ത്തുന്ന ഘടകമായി ഐഎംഎഫ് കാണുന്നത്. ആഗോള വളർച്ചയും ഇതുമൂലം കുറയും. 0.2 ശതമാനം വീതം 2018ലും 2019-ലും വളർച്ച കുറവാകും.
ഇന്ത്യയിൽ വിലക്കയറ്റം വർധിക്കുന്നതായി ഫണ്ട് വിലയിരുത്തുന്നു. 2016-17ൽ 4.5 ശതമാനമായിരുന്നു വിലക്കയറ്റം. പിറ്റേ വർഷം 3.6 ശതമാനമായി. ഇക്കൊല്ലം അത് 4.7 ശതമാനമായി കൂടും.