കോൽക്കത്ത: ഇംഗ്ലണ്ടിന് എതിരായ അഞ്ചു മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരം ഇന്നു കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിനെതിരേ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
2025 ചാന്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നതിന്റെ കലിപ്പ് തീർക്കാൻ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിനുള്ള അവസരമാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരന്പര.
ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക ടീമുകൾക്കെതിരായ കഴിഞ്ഞ പരന്പരകളിൽ സെഞ്ചുറി നേടിയ സഞ്ജു, അതേ പ്രകടനം ഇംഗ്ലണ്ടിനെതിരേയും ആവർത്തിക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ദേശീയ ടീമിലേക്ക് ഇതാദ്യമായി തിരിച്ചെത്തുന്ന പേസർ മുഹമ്മദ് ഷമിയുടെ പ്രകടനവും ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നു.