ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരന്പര ആരംഭിക്കുന്നതിനു മുന്‍പുതന്നെ ചില ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തിയിരുന്നു, ഇന്ത്യ പരന്പര നേടില്ല. എന്നാൽ, മറ്റൊരുകൂട്ടം വിലയിരുത്തി, കളത്തിൽ മികവ് തെളിയിച്ചാൽ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. പരന്പര തുടങ്ങിയപ്പോൾ ആദ്യത്തെ പക്ഷക്കാരുടെ ഒപ്പമായി ടീം ഇന്ത്യ. കാരണം, ആദ്യ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടു.
മൂന്നാം ടെസ്റ്റ് ജയിച്ച് മറുവാദക്കാർക്ക് പ്രതീക്ഷ നല്‍കിയെങ്കിലും നാലാം ടെസ്റ്റിൽ 60 റണ്‍സിന്റെ തോൽവിയോടെ പരന്പര 3-1ന് അടിയറവച്ചു. പരന്പരയിൽ ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ലോഡ്സിൽ അഞ്ചാം ടെസ്റ്റ് ആരംഭിക്കും. ജയിച്ചാൽ തോൽവിയുടെ ഭാരം ഇന്ത്യക്കു കുറയ്ക്കാം. മറിച്ചാണെങ്കിൽ വിരാട് കോഹ്ലിക്കും കൂട്ടർക്കുമുള്ള പരാജയഭാരം കൂടും.
കീഴടക്കാൻ പറ്റാത്ത ടീം അല്ല ഇംഗ്ലണ്ടെന്ന് പരന്പരയുടെ വിവിധ സമയങ്ങളിൽ വെളിപ്പെട്ടതാണ്. ബാറ്റിംഗിൽ ഇംഗ്ലീഷ് താരങ്ങൾക്ക് ശോഭിക്കാൻ കഴിഞ്ഞുമില്ല. ഇന്ത്യയുടെ ബലഹീനത ഇംഗ്ലണ്ട് മുതലാക്കിയപ്പോൾ അവരുടെ ബലഹീനത കണ്ട് കണ്ണടയ്ക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. പരന്പര ഇന്ത്യ കൈവിടാനുള്ള എട്ട് പ്രധാന കാരണങ്ങൾ, ഇന്ത്യക്ക് കിട്ടിയ എട്ടിന്റെ പണികൾ…
ഓപ്പണിംഗ് ദുരന്തം: മൂന്ന് ഓപ്പണർമാരെയാണ് ഇന്ത്യ നാല് ടെസ്റ്റിലായി പരീക്ഷിച്ചത്. മുരളി വിജയ്, ശിഖർ ധവാൻ, കെ.എൽ. രാഹുൽ. മൂന്നും വന്പൻ പരാജയം. നാലും അഞ്ചും ടെസ്റ്റിനുള്ള ടീമിൽനിന്ന് വിജയ്യെ ഒഴിവാക്കുകകൂടി ചെയ്തു. നാല് ടെസ്റ്റിലെ എട്ട് ഇന്നിംഗ്സുകളിലായി ഒരു അർധസെഞ്ചുറിപോലും ഇന്ത്യൻ ഓപ്പണർമാർ നേടിയില്ല. മൂന്നാം ടെസ്റ്റിൽ ധവാൻ-രാഹുൽ കൂട്ടുകെട്ട് രണ്ട് ഇന്നിംഗ്സിലും 60 റണ്‍സ് വീതം നേടി, ഇന്ത്യ ജയിക്കുകയും ചെയ്തു.
കോഹ്ലി മാത്രം: ക്യാപ്റ്റൻ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യൻ ബാറ്റിംഗ് നിരയിൽ ശോഭിച്ചത്. എട്ട് ഇന്നിംഗ്സിലായി 544 റണ്‍സ് കോഹ്ലി നേടി. 68.00 ആണ് ക്യാപ്റ്റന്റെ ശരാശരി. ചേതേശ്വർ പൂജാരമാത്രമാണ് (48.20) ശരാശരി പ്രകടനം നടത്തിയ മറ്റൊരു ബാറ്റ്സ്മാൻ.
മധ്യനിര പരാജയം: ഇന്ത്യയുടെ മധ്യനിരയും വാലറ്റവും വൻ പരാജയമായിരുന്നു. എന്നാൽ, ഇംഗ്ലണ്ടിന്റെ ജയങ്ങളിൽ നിർണായക പങ്ക് വഹിച്ചത് മധ്യനിരയും വാലറ്റവും ബാറ്റുകൊണ്ട് നടത്തിയ ചെറുത്തുനിൽപ്പും. ഇംഗ്ലണ്ടിന്റെ മുൻനിര തകർന്നപ്പോൾ സാം കരൻ, ക്രിസ് വോക്സ് എന്നിവർ പിടിച്ചുനിന്നു. കളിഗതിയിൽ ഇവരുടെ പോരാട്ടം നിർണായകമായി. 50.20 ശരാശരിയിൽ 251 റണ്‍സാണ് കരൻ അഞ്ച് ഇന്നിംഗ്സിൽനിന്ന് നേടിയത്.
കണ്ണടച്ച് സെലക്ഷൻ: ഇന്ത്യയുടെ ടീം തെരഞ്ഞെടുപ്പും ഒരു ചൂതാട്ടമായിരുന്നു. ആദ്യ ടെസ്റ്റിൽ ചേതേശ്വർ പൂജാരയെ ടീമിൽ ഉൾപ്പെടുത്തിയില്ല. രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ എക്സ്ട്രാ സ്പിന്നറായി ഉൾപ്പെടുത്തി.
കൈവിട്ട അവസരങ്ങൾ: അർധാവസരങ്ങൾപോലും മുതലാക്കേണ്ട സാഹചര്യത്തിൽ ഇന്ത്യ കളി കൈവിട്ട സാഹചര്യവുമുണ്ടായി. ഒന്നാം ടെസ്റ്റിൽ ഒരു ഘട്ടത്തിൽ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 87 എന്ന നിലയിലായിരുന്നു. ആദിൽ റഷീദിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി ശിഖർ ധവാൻ ഇന്ത്യയുടെ കുഴിതോണ്ടി. നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ആറിന് 86 ആയിരുന്ന ഇംഗ്ലണ്ടിനെ 246 വരെ പോകാൻ ഇന്ത്യ അനുവദിച്ചു.
വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാൻ: ഇന്ത്യയുടെ വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാന്മാരായ ദിനേശ് കാർത്തികും ഋഷഭ് പന്തും പരാജയപ്പെട്ടു. മറുവശത്ത് ഇംഗ്ലണ്ടിന്റെ ജോണി ബെയർസ്റ്റോയും ജോസ് ബട്ലറും ഫോം കണ്ടെത്തി. ബട്ലർ 260 റണ്‍സുമായി പരന്പരയിൽ ഇംഗ്ലണ്ടിനായി ഏറ്റവും അധികം റണ്‍സ് നേടിനിൽക്കുകയാണ്.
ഗുണമില്ലാതെ അശ്വിൻ: നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത് ഓഫ് സ്പിന്നർ മൊയീൻ അലിയായിരുന്നു. ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ അലിയാണ് കളിയിലെ കേമൻ ആയതും. ഇന്ത്യയുടെ അശ്വിൻ പരാജയപ്പെട്ടിടത്താണിത്.
ചിന്ത പോര: ഇന്ത്യൻ ക്യാന്പിൽ വ്യത്യസ്ത ചിന്തയില്ലെന്നതും മറ്റൊരു പ്രശ്നമായി. ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പ്രതിരോധത്തിലായപ്പോൾ കോഹ്ലി അശ്വിനെ പന്ത് ഏൽപ്പിച്ചില്ലെന്ന് വിമർശനം ഉണ്ടായി. നാലാം ടെസ്റ്റിൽ 245 റണ്‍സ് ജയിക്കാൻവേണ്ടിയിരുന്ന ഇന്ത്യ ഋഷഭ് പന്തിനെ ഓപ്പണിംഗിൽ പരീക്ഷിക്കാൻ ശ്രമിക്കണമായി രുന്നു എന്നും അഭിപ്രായമുയർന്നു.