നാഗ്പുര്‍: രോഹിത് ശര്‍മ ഒരിക്കല്‍ക്കൂടി സംഹാരതാണ്ഡവമാടിയ മത്സരത്തില്‍ ഓസീസിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം. ഓപ്പണിംഗ് കൂട്ടുകെട്ട് ഇത്തവണയും കത്തിക്കയറിയപ്പോള്‍ ഓസീസ് ഉയര്‍ത്തിയ 243 റണ്‍സ് വിജയലക്ഷ്യം 43 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
ഓസീസിനെതിരായ അവസാന ഏകദിനത്തിൽ ഏഴ് വിക്കറ്റിന്റെ ഉജ്വല ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 4-1നു സ്വന്തമാക്കി, മാത്രവുമല്ല, വിജയത്തോടെ ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്താനുമായി. 119 പോയിന്റുള്ള ദക്ഷിണാഫ്രിക്കയെ മറികടന്ന് 120 പോയിന്റുമായാണ് ഇന്ത്യ ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയത്. രോഹിത് ശർമയെ മാൻ ഓഫ് ദ മാച്ചായും ഹർദിക് പാണ്ഡ്യയെ മാൻ ഓഫ് ദ സീരീസായും തെര ഞ്ഞെടുത്തു. രോഹിത് ശര്‍മയുടെ സെഞ്ചുറിയും (125) അജിങ്ക്യ രഹാനെയുടെ (61) അര്‍ധ സെഞ്ചുറിയുമാണ് ഓസീസിനെ അനായാസം മറികടക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 109 പന്തില്‍ അഞ്ച് സിക്സും 11 ഫോറും അടങ്ങുന്നതാണ് രോഹിത് ശര്‍മയുടെ ഇന്നിംഗ്സ്. രഹാനെ 74 പന്തില്‍ ഏഴ് തവണയാണ് പന്തിനെ അതിര്‍ത്തി കടത്തിയത്. രോഹിത് ശര്‍മയുടെ കരിയറിലെ 14-ാം സെഞ്ചുറിയാണിത്. സിക്സര്‍ അടിച്ചുകൊണ്ടാണ് രോഹിത് സെഞ്ചുറിയിലേക്കു കുതിച്ചത്. വിരാട് കോഹ്ലി 39 റൺസ് നേടി. ഓസ്ട്രേലിയയ്ക്കു വേണ്ടി സാംബ രണ്ടു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ (53) അര്‍ധസെഞ്ചുറിയും ട്രാവിസ് ഹെഡ് (42), സ്റ്റോണിസ് (46), ആരോണ്‍ ഫിഞ്ച് (32) എന്നിവരുടെ മികച്ച ബാറ്റിംഗുമാണ് ഓസീസിന് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. വാര്‍ണറും ഫിഞ്ചും മികച്ച തുടക്കം നല്‍കിയിട്ടും ഓസ്ട്രേലിയയ്ക്ക് അതു മുതലാക്കാനായില്ല.
ഇരുവരും ചേര്‍ന്ന് 66 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ഓസീസ് മധ്യനിര ഒന്നിന് 99 എന്ന നിലയില്‍നിന്ന് നാലിന് 118 എന്ന നിലയിലേക്ക് തകര്‍ന്നു. അവസാന ഓവറുകളിലും ആഞ്ഞടിക്കാനും ഓസീസിന് കഴിഞ്ഞില്ല. വാലറ്റത്തെ ബുംറയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ചുരുട്ടിക്കെട്ടി. അവസാന അഞ്ച് ഓവറില്‍ മൂന്ന് വിക്കറ്റുകളാണ് വീണത്. ഓസ്ട്രേലിയ നേടിയതാകട്ടെ 31 റണ്‍സും.
ടീമില്‍ തിരിച്ചെത്തിയ അക്സര്‍ പട്ടേല്‍ മൂന്നും ജസ്പ്രീത് ബുംറ രണ്ടും ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബംഗളൂരുവില്‍ നടന്ന നാലാം ഏകദിനത്തില്‍ ഓസ്ട്രേലിയക്കായിരുന്നു ജയം. തുടര്‍ച്ചയായ ഒന്‍പത് ഏകദിനങ്ങള്‍ക്കുശേഷം ഇന്ത്യ വഴങ്ങിയ തോല്‍വിയായിരുന്നു അത്.