ന്യൂഡൽഹി: നാളെ ലണ്ടനിൽ ആരംഭിക്കുന്ന വനിതാ ഹോക്കി ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ പ്രമോഷണൽ പരിപാടിയിൽ ഉപയോഗിച്ചത് അശോക ചക്രം ഇല്ലാത്ത ഇന്ത്യൻ ദേശീയ പതാക. അധികൃതരുടെ അനാസ്ഥ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കി. ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാൽ നിൽക്കുന്ന വശത്ത് സ്ഥാപിച്ച ദേശീയ പതാകയുടെ മാതൃകയിലാണ് അശോകചക്രം ഇല്ലാതിരുന്നത്.
തേംസ് നദിയുടെ തീരത്തായിരുന്നു ചടങ്ങ്. ലോകകപ്പിൽ പങ്കെടുക്കുന്ന 16 ടീമുകളുടെയും ക്യാപ്റ്റന്മാർ പരിപാടിയിൽ സംബന്ധിച്ചു. ആതിഥേയരായ ഇംഗ്ലണ്ട്, അമേരിക്ക, അയർലൻഡ് എന്നിവയ്ക്കൊപ്പം പൂൾ ബിയിലാണ് ഇന്ത്യ. നാളെ ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് രണ്ടിന് ഇംഗ്ലണ്ടിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
നിലവിലെ ചാന്പ്യന്മാരായ ഹോളണ്ട്, ദക്ഷിണകൊറിയ, ഇറ്റലി, ചൈന എന്നിവയാണ് പൂൾ എയിൽ. പൂൾ സിയിൽ അർജന്റീന, ജർമനി, സ്പെയിൻ, ദക്ഷിണകൊറിയ എന്നിവയും പൂൾ ഡിയിൽ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ, ബെൽജിയം എന്നിവയുമാണ്.
ഇന്ത്യൻ വനിതാ ടീം ലോകകപ്പ് ഹോക്കിയിൽ പങ്കെടുക്കുന്നത് ഇത് ഏഴാം തവണയാണ്. 1974ൽ നാലാം സ്ഥാനത്ത് എത്തിയതാണ് ലോകകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനി തകളുടെ മികച്ച പ്രകടനം. 1974ലാണ് വനിതാ ഹോക്കി ലോകകപ്പ് പോരാട്ടം ആരംഭിച്ചത്.