ഇന്ത്യന്‍ ഫുട്ബോളിന് മികച്ചൊരു വര്‍ഷമാണ് കടന്നു പോയത്. വിജയകരമായ അണ്ടര്‍ 17 ലോകകപ്പ് നടത്തിപ്പുകൊണ്ടുമാത്രമല്ല ടൂര്‍ണമെന്റില്‍ പങ്കെടുത്ത ഇന്ത്യയുടെ കൗമാരതാരങ്ങളുടെ പ്രകടനവും ആരാധകരുടെയും ഒപ്പം ക്രിട്ടിക്സിന്റെയും പ്രശംസയ്ക്കു പാത്രമായി. അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങളിലെ കാണികളുടെ എണ്ണത്തിൽ ഇന്ത്യ പുതിയ റിക്കാര്‍ഡ് കുറിക്കുകയും ചെയ്തു. എല്ലാം കൊണ്ടും ലോക ഫുട്ബോളിനെ ഇന്ത്യ ഞെട്ടിച്ച വർഷമായിരുന്നു.
ഫുട്ബോള്‍ മാപ്പില്‍ ഇന്ത്യ
ലോക ഫുട്ബോളിന് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനുള്ള സംഘാടനശേഷി ഇന്ത്യ തെളിയിച്ച വര്‍ഷമായിരുന്നു 2017. ആദ്യമായി ഫിഫയുടെ ഒരു ടൂര്‍ണമെന്റിന് ആതിഥേയരായ ഇന്ത്യ തങ്ങള്‍ക്കു ലഭിച്ച അവസരം ഭംഗിയായി, സ്റ്റൈലായിത്തന്നെ വിനിയോഗിച്ചു. അതും ഒരു ഫുട്ബോള്‍ ലോകകപ്പായപ്പോള് ഇന്ത്യ അതിന്റെ നടത്തിപ്പിലൂടെ ഫിഫയെപ്പോലും അതിശയിപ്പിച്ചു.
ഇന്ത്യക്ക് ഫുട്ബോള്‍ അസോസിയേഷനില്‍ നിന്ന് പ്രത്യേക പ്രശംസയും ലഭിച്ചു. മത്സരം കാണാന്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളില്‍നിന്നും മറ്റു രാജ്യങ്ങളില്‍നിന്നും ആരാധകരെത്തി. ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരും തങ്ങള്‍ക്കു ലഭിച്ച അവസരം ഒട്ടും പാഴാക്കിയില്ല. കാണികളെ നിറച്ചുകൊണ്ട് ഇന്ത്യ പുതിയ റിക്കാര്‍ഡ് എഴുതിച്ചേര്‍ത്തു. ഫൈനലില്‍ രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം അഞ്ചു ഗോളടിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മായി. ഫൈനല്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച തിരിച്ചുവരവുകളില്‍ ഒന്നാണ് ഇംഗ്ലണ്ട് നടത്തിയത്.
ടൂര്‍ണമെന്റില്‍ ഏറ്റവും താഴെ റാങ്കിലുള്ള ഇന്ത്യയില്‍നിന്ന് ഒന്നും പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും ഇന്ത്യ തോറ്റു. എന്നാല്‍ ശക്തമായ പോരാട്ടത്തിലൂടെയും പ്രകടനത്തിലെ മികവിലൂടെയും ഇന്ത്യയുടെ യുവതാരങ്ങള്‍ ഏവരുടെയും പ്രശംസയ്ക്കു പാത്രമായി. ഫുട്ബോളില്‍ തങ്ങളുടെ പ്രകടനം മോശമല്ലെന്ന് ഇന്ത്യയുടെ കുട്ടികൾ ലോകത്തെ അറിയിച്ചു.
ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎസ്എയോട് എതിരില്ലാത്ത മൂന്നു ഗോളിനു തോറ്റു. മൂന്നു ദിവസം കഴിഞ്ഞ് ഇന്ത്യ ലോകകപ്പില്‍ ചരിത്രമെഴുതി. കൊളംബിയയ്ക്കെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ചു. തൗന്ജാം ജീക്സണ് സിംഗാണ് ചരിത്രമെഴുതിയ ഗോള്‍ കുറിച്ചത്. ഈ ഗോള്‍ കളി കണ്ട 48,000 ആരാധകർക്കു വലിയ ആഘോഷത്തിന്റെ മുഹൂര്‍ത്തമാണ് നല്‍കിയത്. എന്നാല്‍ ആഘോഷം തീരും മുമ്പേ കൊളംബിയ വിജയ ഗോള്‍ നേടി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഘാനയോട് 4-0ന് തോറ്റു.
ഈ അണ്ടര്‍ 17 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പേര് കണ്ട ടൂര്ണമെന്റായിമാറി. 1,347,133 പേരാണ് മത്സരം നേരിട്ട് കണ്ടത്. ശരാശരി 25,900 പേര് മത്സരം കാണാനുണ്ടായിരുന്നു. 1985ല്‍ ചൈനയില്‍ നടന്ന ടൂര്‍ണമെന്റ് കണ്ട കാണികളുടെ എണ്ണമാണ് ഇന്ത്യ മറകടന്നത്.
തോല്‍വി അറിയാതെ ഇന്ത്യ
വിശ്വസിക്കുമോ ഇല്ലയോ എന്നറിയില്ല. 2016 മാര്‍ച്ച് മുതല്‍ ഇന്ത്യ അന്താരാഷ് ട്ര മത്സരങ്ങളില്‍ തോറ്റിട്ടില്ല. 13 മത്സരങ്ങളില്‍ ഇന്ത്യ തോല്‍വി അറിയാതെ കുതിക്കുകയാണ്. 2017ൽ ഏഴു ജയവും രണ്ടു സമനിലയും സുനില്‍ ഛേത്രിയും സംഘവും സ്വന്തമാക്കി. ഏഷ്യയിലെ ഏറ്റവും വലിയ ടൂര്‍ണമെന്റായ 2019 എഎഫ്സി എഷ്യന്‍ കപ്പിന് ഇന്ത്യ യോഗ്യത നേടുകയും ചെയ്തു. രണ്ടു മത്സരം കൂടി ബാക്കിയിരിക്കേ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. റാങ്കിംഗില്‍ ഇന്ത്യ നൂറു കടന്ന വര്‍ഷമായിരുന്നു. ജൂലൈയില്‍ പുറത്തുവിട്ട റാങ്കിംഗില്‍ ഇന്ത്യ 96-ാം സ്ഥാനത്തെത്തി. എന്നാല്‍ വര്‍ഷാവസാനം ഇന്ത്യ 105 സ്ഥാനത്താണ്. അന്താരാഷ് ട്ര മത്സരങ്ങള്‍ ഇന്ത്യക്കു കുറഞ്ഞതാണ് റാങ്കിംഗില്‍ പിന്നോട്ടിറങ്ങാന്‍ കാരണമായത്.
ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ നാലു മത്സരങ്ങള്‍ ജയിച്ച ഇന്ത്യ യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ടിക്കറ്റുറപ്പിച്ചു. അഞ്ചു കളിയില്‍ നാലു ഗോള്‍ നേടിയ ഛേത്രി ഇന്ത്യയുടെ ടോപ് സ്കോററായി. ഇതിനുമുമ്പ് 1964, 1984, 2011 വര്‍ഷങ്ങളിലാണ് ഇന്ത്യ ഏഷ്യ കപ്പില്‍ പങ്കെടുത്തത്.
ഇന്ത്യയുടെ മുന്നേറ്റത്തിന് ഏറ്റവും കൂടുതല്‍ ക്രെഡിറ്റ് അർഹിക്കുന്നത് പരിശീലകന് സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് അര്‍ഹിക്കുന്നതാണ്. 2015 ഫെബ്രുവരിയില്‍ കോണ്സ്റ്റന്റൈന് രണ്ടാം തവണ ഇന്ത്യയുടെ പരിശീലകനാകുമ്പോള്‍ 171 ആയിരുന്നു റാങ്ക് അവിടെനിന്നാണ് ഇന്ത്യ മുന്നേറിയത്.
ചരിത്രമെഴുതി ഐസോള്‍ എഫ്സി
മിസോറാമില്‍നിന്നുള്ള ഐസോള്‍ എഫ്സി ഐ ലീഗ് ചാമ്പ്യന്മാരായ വര്‍ഷമായിരുന്നു. 2016ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി ചാമ്പ്യന്മാരായതുപോലൊരു അവസ്ഥയാണ് ഐസോള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്. ഒരു പോയിന്റിന്റെ ലീഡോടെ കരുത്തരായ മോഹന്‍ബഗാനെ പിന്നിലാക്കിയാണ് ഐസോള്‍ ചാമ്പ്യന്മാരായത്.
എന്നാല്‍ ഈ ആഘോഷത്തിന് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ തീരുമാനം തിരിച്ചടിയായി. ഐ ലീഗും ഐഎസ്എലുമായി ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ എഐഎഫ്എഫ് ആരംഭിച്ചു. ഐഎസ്എലിന് ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗായ ഐ ലീഗിനെക്കാള്‍ പേരും പെരുമയും ലഭിക്കുന്നതാണ് ഫുട്ബോള്‍ അസോസിയേഷനെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്. ഇതോടെ ഐസോള്‍ ആരാധകര്‍ ഞെട്ടി. എന്നാല്‍ തത്കാലം എഐഎഫ്എഫ് ലയിപ്പിക്കല്‍ തീരുമാനം മാറ്റിവച്ചു. ഇതോടെ സാമ്പത്തികമായി ഉയര്‍ന്ന ഐ ലീഗ് ടീമുകള്‍ ഐഎസ്എലില്‍ എത്തുകയും ചെയ്തു. ഇങ്ങനെവന്നതോടെ ചെറിയ ബജറ്റുള്ള ടീമുകള്‍ ഐ ലീഗില്‍ തുടര്‍ന്നു.
ഐഎസ്എൽ വളർന്നു
നാലാം പതിപ്പ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചു മാസമായി നീളം വച്ചു. കഴിഞ്ഞ മൂന്നു പതിപ്പും രണ്ടു മാസം കൊണ്ടു തീരുന്നതായിരുന്നു. പുതിയ രണ്ടു ടീമുകള്‍ കൂടി ഐഎസ്എലില്‍ ഇടംപിടിച്ചു. രണ്ടു തവണ ഐലീഗ് ചാമ്പ്യന്മാരയ ബംഗളൂരു എഫ്സിയും പുതിയ ടീം ജംഷഡ്പുര്‍ എഫ്സിയും ഐഎസ്എലില്‍ ചേര്‍ന്നു.
മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഫ്രാഞ്ചൈസി ഫീസിന്റെ കാര്യത്തില്‍ ഐഎസ്എലുമായി ഒത്തുപോകാത്തതിനെത്തുടര്ന്ന് ഐലീഗില്‍ തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ഒരേ സമയത്ത് എഐഎഫ്എഫ് ഐഎസ്എലും ഐ ലീഗും നടത്താന്‍ തീരുമാനിച്ചു. അടുത്ത സീസണ് മുതല്‍ ഒരു ലീഗ് മാത്രം മതിയെന്ന് ഏഷ്യന്‍ ഫുട്ബോല്‍ കോണ്‍ഫെഡറേഷന്‍ എഐഎഫ്എഫിനു നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഐ ലീഗിനെക്കാള്‍ ഐഎസ്എലിനെയാണ് എഐഎഫ്എഫും ശ്രദ്ധിക്കുന്നത്.
2019ലാണ് ഐഎസ്എലില്‍ അടുത്ത വികസനം ഉണ്ടാകുക. അപ്പോൾ പുതിയ ടീമുകൾ എത്തും. ഫീസിന്റെ കാര്യത്തില്‍ ചേര്‍ന്നുപോകാത്തതാണ് പലടീമിനെയും ഐഎസ്എലില്‍നിന്നു പുറത്തുനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നത്.