തിരുവനന്തപുരം: കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നാലാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് മുന്നിൽ ഇംഗ്ലണ്ട് ലയണ്‍സിന് ദയനീയ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ലയണ്‍സ് ഉയർത്തിയ 221 റണ്‍സ് എന്ന വെല്ലുവിളി നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇതോടെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ട പരന്പരയിൽ നാലും ഇന്ത്യ നേടി.
ഇംഗ്ലണ്ട് ഉയർത്തിയ 221 റണ്‍സ് മറികടക്കാനായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് എട്ടു റണ്‍സ് സ്കോർ ചെയ്തപ്പോൾ നഷ്ടമായി. 1.4-ാം ഓവറിൽ ആർ.ഡി ഗെയ്ക് വാദിനെ ലൂയിസ് ഗ്രിഗറിയുടെ പന്തിൽ വിൽ ജാക്സ് പിടിച്ചു പുറത്താക്കി. എന്നാൽ, തുടർന്നെത്തിയ റിക്കി ഭൂയിയുമായി ഓപ്പണർ കെ.എൽ. രാഹുൽ ഇന്ത്യൻ സ്കോർ 50 കടത്തി.
ഇന്ത്യ 67 റണ്‍സിൽ നിൽക്കെയാണ് ഭൂയിയെ സ്റ്റീവ് മുല്ലേനി സാം ബില്ലിംഗ്സിന്റെ കൈകളിലെത്തിച്ചത്. തുടർന്നെത്തിയ എ.ആർ. ഭവാനി കാര്യമായ സ്കോറിംഗ് നടത്താൻ കഴിഞ്ഞില്ല. 12 റണ്‍സ് എടുത്ത ഭവാനിയെ വിൽ ജാക്സിന്റെ പന്തിൽ അലക്സ് ഡേവിസ് പിടിച്ച് പുറത്താക്കി.
ഇന്ത്യയുടെ സ്കോർ 102ൽ എത്തിയപ്പോൾ 42 റണ്‍സ് എടുത്ത കെ.എൽ. രാഹുലിനെ വിൽ ജാക്സ് മടക്കി. തുടർന്നെത്തിയ ഋഷഭ് പന്തും ദീപക് ജഗ്ബീർ ഹൂഡെയും ചേർന്നുള്ള സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യ എ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 27.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ 46.3 ഓവറിൽ ഈ കൂട്ടുകെട്ട് വിജയത്തിൽ എത്തിച്ചു.
നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണർമാർ കാര്യമായ അടിത്തറ ഒരുക്കാൻ കഴിയാത്തതാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ സ്കോറിംഗ് മന്ദഗതിയിലാക്കിയത്. ഇംഗ്ലണ്ടിനു വേണ്ടി ഒലീ പോപ്പ് (65 റണ്‍സ്), സ്റ്റീവൻ മുല്ലേനി (58 നോട്ടൗട്ട്) എന്നിവരാണ് കൂടുതൽ റണ്‍സ് എടുത്തത്. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 221 റണ്‍സ് സ്കോർ ചെയ്തത്.
തോമസ് വർഗീസ്