മുംബൈ: ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിലും പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മാനം കപ്പൽ കയറി. 3-0നു ടെസ്റ്റ് പരന്പര തൂത്തുവാരിയാണ് ന്യൂസിലൻഡ് സ്വദേശത്തോക്കു മടങ്ങുക. ഇതിനു മുന്പു രണ്ടു തവണ മാത്രമായിരുന്നു ഇന്ത്യ സ്വന്തം മണ്ണിൽ പരന്പര പൂർണമായി കൈവിട്ടത്.
എന്നാൽ, മൂന്നു മത്സര പരന്പര 3-0ന് ഇന്ത്യ സ്വന്തം നാട്ടിൽ കൈവിടുന്നത് ചരിത്രത്തിൽ ആദ്യമാണ്. 2000ൽ ദക്ഷിണാഫ്രിക്കയോട് രണ്ടു മത്സര പരന്പര 2-0നും 1980ൽ ഇംഗ്ലണ്ടിനോട് ഏക മത്സര പരന്പര 1-0നും ഇന്ത്യ പരാജയപ്പെട്ടിരുന്നു.
1983നുശേഷം ആദ്യമായാണ് ഇന്ത്യ ഹോം പരന്പരയിൽ മൂന്നു ടെസ്റ്റിൽ പരാജയപ്പെടുന്നത്.
1ടെസ്റ്റ് ചരിത്രത്തിൽ ന്യൂസിലൻഡ് ഒരു പരന്പരയിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്നത് ആദ്യമായാണ്. 200ൽ താഴെയുള്ള ലക്ഷ്യം സ്വന്തം നാട്ടിൽ ടീം ഇന്ത്യ പിന്തുടർന്നു പരാജയപ്പെടുന്നതും ഇതാദ്യമാണ്.
2 ടെസ്റ്റ് ചരിത്രത്തിൽ ഒരു ടീം പിന്തുടർന്നു ജയിക്കാതിരിക്കുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ സ്കോറാണ് ഇന്ത്യക്കു മുന്നിൽ ന്യൂസിലൻഡ് വച്ച 147. 1997ൽ ബ്രിഡ്ജ്ടൗണിൽ വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 120 എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 81നു പുറത്തായിരുന്നു.
ന്യൂസിലൻഡ് വിജയകരമായി പ്രതിരോധിക്കുന്ന രണ്ടാമത്തെ ചെറിയ സ്കോറാണിത്. 1978ൽ ഇംഗ്ലണ്ടിനെതിരേ 137 ഡിഫെൻഡ് ചെയ്ത് 72 റണ്സ് ജയം കിവീസ് സ്വന്തമാക്കിയിരുന്നു.
4 ഈ വർഷം ഇന്ത്യ സ്വന്തം നാട്ടിൽ പരാജയപ്പെട്ട ടെസ്റ്റുകളുടെ എണ്ണം നാല്. ഒരു വർഷത്തെ ഏറ്റവും ഉയർന്ന തോൽവിയാണിത്. 1969ലും നാലു ഹോം ടെസ്റ്റിൽ ഇന്ത്യ തോറ്റിരുന്നു. രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ സ്വദേശത്ത് അഞ്ചാം തോൽവി വഴങ്ങി. മൻസൂർ അലിഖാൻ പട്ടൗഡി (9 തോൽവി) മാത്രമാണ് രോഹിത്തിനു മുന്നിലുള്ളത്.
25 മുംബൈ വാങ്കഡെയിൽ ന്യൂസിലൻഡിന്റെ അജാസ് പട്ടേൽ രണ്ടു മത്സരങ്ങൾ കളിച്ചപ്പോൾ നേടിയത് 25 വിക്കറ്റ്. ഇന്ത്യക്കെതിരേ ഇന്ത്യയിൽ ഏതെങ്കിലും ഒരു സ്റ്റേഡിയത്തിൽ സന്ദർശക ബൗളറിന്റെ ഏറ്റവും മികച്ച വിക്കറ്റ് നേട്ടമാണിത്.