തിരുവനന്തപുരം: കേന്ദ്രത്തിൽ ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സംസ്ഥാനത്തെ ഇരുത് സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ് അലങ്കോലമാക്കിയ തെരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്.
വോട്ട് ചെയ്യാൻ എത്തിയവർക്ക് ഏറെ മണിക്കൂർ നേരെ ക്യൂ നിൽക്കേണ്ടി വന്നു. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് ഇരിക്കാൻ സംവിധാനമില്ലായിരുന്നു. കുടിവെള്ളം പോലും ലഭ്യമാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടർമാരോട് മാനുഷിക പരിഗണന നൽകാതെ ക്രൂരമായാണ് പെരുമാറിയത്.
തെരഞ്ഞെടുപ്പ് പ്രക്രിയയെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം ഹൈജാക്ക് ചെയ്തു. ഇരട്ടവോട്ടുകൾ ഇത്തവണയും ലിസ്റ്റിൽ കടന്നു കൂടി. സിപിഎം ജില്ലാ കമ്മിറ്റികൾ ഉദ്യോഗസ്ഥർക്ക് ടാർജറ്റ് നൽകിയിരുന്നു. ഒരു ബൂത്തിൽ മിനിമം പത്ത് ഇരട്ട വോട്ട് ചേർക്കണമെന്നായിരുന്നു ടാർഗറ്റെന്നും വേണുഗോപാൽ ആരോപിച്ചു.
മൂന്ന് മുതൽ അഞ്ച് ശതമാനം വരെയും സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. പല ബൂത്തുകളിലും വോട്ടെടുപ്പിന് താമസം വന്നു. വോട്ടെടുപ്പ് താമസിച്ച ബൂത്തുകളിൽ 90 ശതമാനവും യുഡിഎഫിന് മുൻതൂക്കമുള്ള ബൂത്തുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ സിപിഎമ്മിന്റെ നിർദേശം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും ചില സ്ഥലങ്ങളിൽ ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.