മുംബൈ: ടോസ് കിട്ടിയാൽ ബാറ്റിംഗ്, ടോസ് നഷ്ടപ്പെട്ടാൽ…? ഐസിസി 2023 ഏകദിന ക്രിക്കറ്റ് സെമിയിൽ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യക്കു മുന്നിലുള്ളത് രണ്ടു വഴികളാണ്.
ആദ്യത്തേത് ടോസ് നേടിയാൽ കണ്ണുംപൂട്ടി ബാറ്റിംഗ് തെരഞ്ഞെടുക്കുക. ടോസ് നഷ്ടപ്പെട്ടാല് പ്ലാന് ബി വേണം. ന്യൂസിലൻഡിനാണ് ടോസ് ലഭിക്കുന്നതെങ്കിൽ അവർ ആദ്യം ബാറ്റ് ചെയ്യാനാണു സാധ്യത. അതോടെ കളിതന്ത്രം കീഴ്മേൽ മറിയും.
ന്യൂസിലൻഡ് മുന്നോട്ടുവയ്ക്കുന്ന സ്കോർ, അത് എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും മത്സരത്തിന്റെ ആദ്യ 15 ഓവർ അതീവശ്രദ്ധയിൽ കളിക്കുകയെന്നതാണ് ഇന്ത്യക്കു മുന്നിൽ പിന്നീടുള്ള വഴി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഡിസ്നി+ ഹോട്ട്സ്റ്റാറിലും തത്സമയം.
ലീഗ് റൗണ്ടിൽ ആധികാരിക പ്രകടനത്തിലൂടെ സെമിയിലെത്തിയ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യന് ടീം, ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ടോസ് ഭാഗ്യമാണ്. ലീഗ് റൗണ്ടിൽ അപരാജിത കുതിപ്പിലൂടെ ചരിത്രംകുറിച്ച് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്.
കിവീസാകട്ടെ നാലാം സ്ഥാനക്കാരായും. ടോസ് നിർണായകമാകുന്ന സെമി പോരാട്ടത്തിൽ, ടീമുകൾ എങ്ങനെ തന്ത്രവും കുതന്ത്രവും മെനയുമെന്ന് കാണാൻ കുറച്ചു മണിക്കൂറുകൾ കൂടി കാക്കണം.
ഹിറ്റും സ്ട്രോക്കും
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ സമീപകാലത്തെ ഏറ്റവും മികച്ച ഫോമിലാണ്. ആദ്യ പവർപ്ലേയിൽ പരമാവധി റണ്സ് അടിച്ചുകൂട്ടുകയെന്ന നയം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഈ ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ മുന്നിൽനിന്നു നടപ്പാക്കി.
ആദ്യ പവർപ്ലേയിൽ ടൂർണമെന്റിൽ ഏറ്റവും സ്ട്രൈക്ക് റേറ്റ് രോഹിത് ശർമയ്ക്കാണ്, 129.53. രോഹിത് ഈ ലോകകപ്പിൽ ഇതുവരെ നേടിയ 503 റണ്സിൽ 307ഉം പവർപ്ലേയിൽ അടിച്ചെടുത്തതാണ്. അതുകൊണ്ടുതന്നെ മൂന്നാം നന്പറായി എത്തുന്ന വിരാട് കോഹ്ലിക്ക് സമ്മർദമില്ലാതെ ബാറ്റ് ചെയ്യാൻ സാധിക്കുന്നു.
ടോസ് നഷ്ടപ്പെട്ട് ഇന്ത്യ രണ്ടാമതു ബാറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ, ക്ഷമയോടെ ബാറ്റ് ചലിപ്പിച്ച്, മെല്ലെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന പഴയ രോഹിത്തിനെ കാണാൻ സാധിച്ചേക്കും.
ചേസിംഗിലെ രാജാവായാണ് വിരാട് കോഹ്ലി വിശേഷിപ്പിക്കപ്പെടുന്നത്. സമ്മർദമില്ലാത്ത സാഹചര്യമൊരുക്കി നൽകിയാൽ കോഹ്ലി പതിന്മടങ്ങ് വിനാശകാരിയാകും. കോഹ്ലിക്ക് സമ്മർദം നൽകാനായി രോഹിത് ശർമയെ തുടക്കത്തിൽ പുറത്താക്കുന്ന തന്ത്രത്തിനാകും ന്യൂസിലൻഡ് മുൻതൂക്കം നൽകുക.
ലീഗ് ഘട്ടത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നേർക്കുനേർ ഇറങ്ങിയപ്പോൾ രോഹിതിനെതിരേ ന്യൂസിലൻഡ് ഈ തന്ത്രമാണു പുറത്തെടുത്തത്. ധരംശാലയിൽ രോഹിത്തിനെതിരേ ഒരു ബൗണ്സർപോലും ന്യൂസിലൻഡ് ബൗളർമാർ എറിഞ്ഞില്ല. ട്വന്റി-20 ക്രിക്കറ്റിൽ രോഹിത്തിനെതിരേ ഷോർട്ട് പിച്ച് ആക്രമണം നടത്തിയ ബൗളർമാരാണ് ഇപ്പോൾ അതൊഴിവാക്കിയതെന്നതും ശ്രദ്ധേയം.
ലെഫ്റ്റ്-റൈറ്റ്
രോഹിത്തിനെ തുടക്കത്തിൽ വീഴ്ത്താൻ സാധിച്ചാൽ ന്യൂസിലൻഡിന് ഇന്ത്യൻ മധ്യനിര ബാറ്റിംഗിനു കടിഞ്ഞാണിടാൻ സാധിച്ചേക്കും. കാരണം, ഇന്ത്യയുടെ ആദ്യ ആറ് ബാറ്റർമാരും (രോഹിത്, ഗിൽ, കോഹ്ലി, ശ്രേയസ്, രാഹുൽ, സൂര്യകുമാർ) വലംകൈയന്മാരാണ്. ന്യൂസിലൻഡിനാണെങ്കിൽ രണ്ട് ഇടംകൈ സ്പിന്നർമാരുണ്ട് (മിച്ചൽ സാന്റ്നർ, രചിൻ രവീന്ദ്ര). വലംകൈ ബാറ്റർമാരെ ഇടംകൈ സ്പിന്നർമാരിലൂടെ തളയ്ക്കുകയും മികച്ച ലെംഗ്തിൽ പേസർമാർ പന്തെറിയുകയും ചെയ്താൽ കൂറ്റൻ സ്കോറിലേക്ക് കുതിക്കാതെ ഇന്ത്യയെ തടയാൻ കിവീസിനു സാധിക്കും.
മിച്ചൽ സാന്റ്നറിന് അർഹിച്ച പരിഗണന നൽകുകയെന്നതാണ് ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിലുള്ള വെല്ലുവിളി. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരേ സാന്റ്നറിന്റെ ബൗളിംഗ് 10-2-34-2 എന്നതായിരുന്നു. ഈ ലോകകപ്പിൽ ധരംശാലയിൽ ഇന്ത്യ നാലു വിക്കറ്റ് ജയം നേടിയപ്പോൾ സാന്റ്നറായിരുന്നു ന്യൂസിലൻഡ് ബൗളർമാരിൽ റണ്സ് വഴങ്ങാൻ പിശുക്ക് കാണിച്ചത്, 10-0-37-1.
വലംകൈ ബാറ്റർമാർക്കെതിരേ സാന്റ്നറിന്റെ മികവും ഈ ലോകകപ്പിൽ കണ്ടു, സാന്റ്നർ ഇതുവരെ വീഴ്ത്തിയ 16ൽ 15 വിക്കറ്റും വലംകൈ ബാറ്റർമാരുടേതാണ്. ഏഴാം നന്പറിലുള്ള രവീന്ദ്ര ജഡേജ മാത്രമാണ് ഇന്ത്യയുടെ ഏക ഇടംകൈ ബാറ്റർ. ഇഷാൻ കിഷൻ ഇടംകൈ ബാറ്ററായി ടീമിലുണ്ടെങ്കിലും സൂര്യകുമാറിനു പകരമായി പ്ലേയിംഗ് ഇലവനിൽ ഇടംനേടുമോയെന്നതും മറ്റൊരു ചോദ്യം.
ഐസിസി 2023 ഏകദിന ലോകകപ്പിൽ ലീഗ് റൗണ്ട് സമാപിച്ചപ്പോൾ ഏറ്റവും കൂടുതൽ റണ്സ് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ പേരിലാണ്.
ഒന്പത് മത്സരങ്ങളിൽ 99.00 ശരാശരിയിൽ 88.95 സ്ട്രൈക്ക് റേറ്റുമായി രണ്ട് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയും ഉൾപ്പെടെ 594 റണ്സ്. 55 ഫോറും ഏഴ് സിക്സും ഇതുവരെ കോഹ്ലി പറത്തി.
ലോകകപ്പിൽ റണ്വേട്ടയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്പോഴും കോഹ്ലിയുടെ ഐസിസി ഏകദിന ക്രിക്കറ്റ് നോക്കൗട്ട് പ്രകടന ചരിത്രം അത്രശുഭകരമല്ല എന്നതാണ് വാസ്തവം. അതിന്റെ ആശങ്ക ഇന്ത്യൻ ആരാധകർക്കുണ്ട്.
2011, 2015, 2019 ഐസിസി ഏകദിന ലോകകപ്പുകളിലായി ആറ് നോക്കൗട്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി ഇന്ത്യക്കുവേണ്ടി ക്രീസിലെത്തി. ആറ് മത്സരങ്ങളിലുമായി വെറും 73 റണ്സ് മാത്രമാണ് കോഹ്ലിക്കു നേടാൻ സാധിച്ചത്.
വലച്ച് വാങ്കഡെ
മുംബൈ: ഈ ലോകകപ്പിൽ ഇതുവരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന നാലു മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് രണ്ടാമതു ബാറ്റ് ചെയ്ത ടീം ജയിച്ചത് (അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയ). ഗ്ലെൻ മാക്സ്വെല്ലിന്റെ 201 നോട്ടൗട്ട് എന്ന അദ്ഭുത ഇന്നിംഗ്സ് ഓസീസിന് ജയമൊരുക്കി.
മാക്സ്വെൽ കത്തിക്കയറുന്നതിനു മുന്പ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 91 എന്നതായിരുന്നു ഓസ്ട്രേലിയയുടെ സ്കോർ. ആ മത്സരം മാറ്റിവച്ചാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് ഒപ്പംനിൽക്കുന്നതാണു വാങ്കഡെയുടെ സ്വഭാവം. അതിന്റെ പ്രധാന കാരണം ഫ്ളഡ്ലൈറ്റിൽ ന്യൂബോളിനു കൂടുതൽ സ്വിംഗും സീമും ലഭിക്കുമെന്നതാണ്. ഇതു രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാക്കും.
15 ഓവർ പരീക്ഷ
ഈ ലോകകപ്പിൽ വാങ്കഡെയിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ ശരാശരി സ്കോർ 357/6 എന്നതാണ്. രണ്ടാമത് ബാറ്റ് ചെയ്ത ടീമിന്റേത് 188/9ഉം. ഈ കണക്കാണ് ടോസ് നേടിയാൽ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നു പറയാനുള്ള പ്രധാന കാരണം. ഈ ലോകകപ്പിൽ ഇതുവരെയുള്ള ഒന്നാം ഇന്നിംഗ്സ് പവർപ്ലേയിലെ ശരാശരി സ്കോർ 52/1 എന്നതാണെങ്കിൽ രണ്ടാം ഇന്നിംഗ്സിൽ അത് 42/4 ആയി മാറുന്നു. ടോസ് കിട്ടിയാല് ചേസിംഗിന് ഒരു ക്യാപ്റ്റനും തയാറാകാത്തത് ഇതുകൊണ്ടുതന്നെ.
പ്ലാന് ബി
ടോസ് നഷ്ടപ്പെട്ട് രണ്ടാമത് ബാറ്റ് ചെയ്യേണ്ട ഗതികേട് ഇന്ത്യക്കുവന്നാൽ ആദ്യ 15 ഓവറിൽ ടെസ്റ്റ് ക്രിക്കറ്റ് ശൈലിയിൽ പ്രതിരോധിക്കുക എന്നതുമാത്രമാണ് പോംവഴി. കാരണം, ആദ്യ 15 ഓവറിനുശേഷം ബാറ്റിംഗിന് അനുകൂലമായി പിച്ചും സാഹചര്യവും മാറുന്നതാണ് വാങ്കഡെയുടെ സ്വഭാവം. രണ്ടാം ഇന്നിംഗ്സിൽ ആദ്യ 10 ഓവറിനുശേഷം പിച്ചിൽനിന്ന് സ്വിംഗ് ലഭിക്കുന്നത് കുറവാണ്.
എന്നാൽ, 15 ഓവർവരെ സീം (പിച്ചിൽ കുത്തി അപ്രതീക്ഷിതമായുള്ള പന്ത് മൂവ്മെന്റ്) ഉണ്ടായിരിക്കും. ആദ്യ 20 ഓവർ കഴിഞ്ഞാൽ വൈകുന്നേരത്തേക്കാൾ (ഒന്നാം ഇന്നിംഗ്സ്) ബാറ്റിംഗ് അനുകൂലമായി മാറുന്നതും ഇതുവരെ കണ്ടു.
ബൗളിംഗ് ഓപ്ഷൻ
മുംബൈ: ഇന്ത്യയേക്കാൾ ന്യൂസിലൻഡിനാണ് ബൗളിംഗ് ഓപ്ഷൻ കൂടുതൽ. നാല് സ്പെഷലിസ്റ്റ് ബൗളർമാമാരെയും രണ്ട് എക്സ്ട്രാ സ്പിന്നർമാരെയുമാണ് ന്യൂസിലൻഡ് ഇതുവരെ ഉപയോഗിച്ചത്. രചിൻ രവീന്ദ്രയും ഗ്ലെൻ ഫിലിപ്സുമാണ് എക്സ്ട്രാ സ്പിന്നർമാരായി ന്യൂസിലൻഡിനൊപ്പമുള്ളത്.
ഇന്ത്യക്ക് നാലു സ്പെഷലിസ്റ്റ് ബൗളർമാരും സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയുമാണുള്ളത്. ഈ ലോകകപ്പിൽ രവീന്ദ്ര ജഡേജ 10 ഓവർ എറിഞ്ഞിട്ടും വിക്കറ്റ് ലഭിക്കാതിരുന്നത് ന്യൂസിലൻഡിനെതിരേ മാത്രമായിരുന്നു.
ന്യൂസിലൻഡിന്റെ ആദ്യ ആറ് ബാറ്റർമാരിൽ മൂന്നുപേർ (ഡെവണ് കോണ്വേ, രചിൻ രവീന്ദ്ര, ടോം ലാഥം) ഇടംകൈയന്മാരാണെന്നതും ശ്രദ്ധേയം. ജഡേജയെ കൂടുതൽ ഫലപ്രദമായി ഇന്നു നേരിടാൻ ഈ ഇടംകൈ ബാറ്റർമാർ ശ്രമിച്ചേക്കും.
അതുകൊണ്ടുതന്നെ ഇടംകൈ ലെഗ് സ്പിന്നറായ (ഓർത്തഡോക്സ് സ്പിൻ) ജഡേജ ബൗളിംഗിന് എത്തുന്നതിനു മുന്പ് കിവീസിന്റെ രണ്ട് ഓപ്പണിംഗ് ഇടംകൈയന്മാരെയും പറഞ്ഞയയ്ക്കുക എന്നതാണ് ഇന്ത്യയുടെ ആദ്യ ലക്ഷ്യം.