ജയ്പുർ: ട്വന്റി-20 ക്രിക്കറ്റിൽ പുതിയ ക്യാപ്റ്റൻ, ടീമിനു പുതിയ പരിശീലകൻ, ടീമിൽ പുതിയ കളിക്കാർ… ഐസിസി ട്വന്റി-20 ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിനുശേഷം അതെല്ലാം മറക്കാനായി പുതുമോടിയിൽ ഇന്ത്യൻ ടീം ഇന്നിറങ്ങുന്നു.
ഇന്ത്യ x ന്യൂസിലൻഡ് മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യമത്സരം ഇന്നു രാത്രി 7.00ന് ജയ്പുരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ അരങ്ങേറും. സ്വതന്ത്ര ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമയുടെയും മുഖ്യപരിശീലകൻ എന്ന നിലയിൽ രാഹുൽ ദ്രാവിഡിന്റെയും ആദ്യ പരന്പരയ്ക്കാണ് ഇന്നു തുടക്കമാകുന്നത്.
ഓപ്പറേഷൻ 2022
ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് പോയാൽ പോട്ടെ, അടുത്ത വർഷത്തെ ലോകകപ്പ് മുൻനിർത്തി കാര്യങ്ങൾ നീക്കാം എന്ന ഉറച്ച തീരുമാനത്തിലാണു മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡും ട്വന്റി-20 ക്യാപ്റ്റൻ രോഹിത് ശർമയും.
ഏറെനാളായി ഫോമിലല്ലാതിരുന്ന ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങുന്നതെന്നതു ശ്രദ്ധേയം. വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ പ്രമുഖർക്കു ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുമുണ്ട്.
ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ബാറ്ററായ ഋതുരാജ് ഗെയ്ക്വാദ്, പേസർമാരായ ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, ഓൾറൗണ്ടർ വെങ്കിടേഷ് അയ്യർ എന്നിവർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. ഹർഷൽ, ആവേശ്, വെങ്കിടേഷ് എന്നിവർ പുതുമുഖങ്ങളാണ്.
ലോകകപ്പിൽനിന്ന് ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യർ, യുസ്വേന്ദ്ര ചാഹൽ എന്നിവരെ തിരിച്ചു വിളിച്ചിട്ടുമുണ്ട്. 2022 ട്വന്റി-20 ലോകകപ്പ് മുന്നിൽ കണ്ടുള്ള തയാറെടുപ്പാണ് ഇന്ത്യ ഇന്ന് ആരംഭിക്കുന്നത്.
രാഹുൽ ദ്രാവിഡിന്റെ ശിക്ഷണത്തിനു കീഴിൽ ജൂലൈയിൽ ഇന്ത്യ ഏകദിന, ട്വന്റി-20 പരന്പരയ്ക്കായി ശ്രീലങ്കയിൽ പര്യടനം നടത്തിയിരുന്നു. വിരാട് കോഹ്ലി ട്വന്റി-20 ക്യാപ്റ്റൻ സ്ഥാനം രാജിവച്ചതോടെ തൽസ്ഥാനത്തേക്കു രോഹിത് ശർമ എത്തി.
കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും സ്വതന്ത്ര ക്യാപ്റ്റൻസി ലഭിക്കുന്ന ആദ്യപരന്പരയാണിത്. ഇന്ത്യൻ ടീമിലുള്ള മിക്ക താരങ്ങളെയും അണ്ടർ 19, ഇന്ത്യ എ ടീമുകളിലായി പരിശീലിപ്പിച്ച മുൻപരിചയം ദ്രാവിഡിനുണ്ട്.
ക്യാപ്റ്റൻ സൗത്തി
ഐസിസി 2021 ട്വന്റി-20 ലോകകപ്പ് ഫൈനലിസ്റ്റുകളാണു ന്യൂസിലൻഡ്. ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന്റെ വേദന മറക്കാനാണ് കിവീസിന്റെ ശ്രമം. സ്ഥിരം ക്യാപ്റ്റനായ കെയ്ൻ വില്യംസണ് ന്യൂസിലൻഡിനൊപ്പമില്ല. പേസ് ബൗളർ ടിം സൗത്തിയാണു ടീമിനെ നയിക്കുക.
8 വർഷത്തിനുശേഷം
സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഒരു രാജ്യാന്തര മത്സരം നടക്കുന്നത് എട്ടു വർഷത്തിനുശേഷം. 2013 ഒക്ടോബറിൽ ഇന്ത്യ x ഓസ്ട്രേലിയ ഏകദിനമാണ് ഇവിടെ അവസാനമായി നടന്നത്. ട്വന്റി-20 രാജ്യാന്തര മത്സരം അരങ്ങേറുന്നത് ഇതാദ്യം. 12 ഏകദിനങ്ങൾ ഇവിടെ നടന്നതിൽ എട്ടിലും ഇന്ത്യ ജയിച്ചു. ഒരു ടെസ്റ്റ് നടന്നു, സമനിലയിൽ കലാശിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഹോം ഗ്രൗണ്ടാണ്.