മൗണ്ട് മൗന്‍ഗനൂയി: ഇന്ത്യയുടെ പുരുഷന്മാര്ക്കു പിന്നാലെ വനിതകളും ന്യൂസിലന്‍ഡില്‍ ഏകദിന ക്രിക്കറ്റ് പരമ്പര നേടി. ന്യൂസിലന്‍ഡിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റ് ജയത്തോടെയാണ് മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണയും സ്മൃതി മന്ദാനയാണ് (90 നോട്ടൗട്ട്) ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. ഇത്തവണ ക്യാപ്റ്റന്‍ മിതാലി രാജിനൊപ്പം (63 നോട്ടൗട്ട്) ചേര്‍ന്നാണ് മന്ദാന ഇന്ത്യയെ ജയത്തിലെത്തിച്ചത്.
ന്യൂസിലന്‍ഡ് 44.2 ഓവറില്‍ 161ന് ഓള്‍ഔട്ട്. ഇന്ത്യ 35.2 ഓവറില്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 166. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെ ബാറ്റിംഗിനു വിട്ടു. ഇന്ത്യന്‍ ബൗളര്‍മാര്‍ ഒരിക്കല്‍ക്കൂടി മികവ് തെളിയിച്ചതോടെ കിവീസിനു തകര്‍ച്ചയായിരുന്നു. സ്കോര്‍ തുറക്കുംമുമ്പേ ഓപ്പണര്‍ സൂസി ബേറ്റ്സിനെ നഷ്ടമായി.
അഞ്ചു വിക്കറ്റിന് 62 എന്ന നിലയില്‍ തകര്‍ന്ന കിവീസിനെ എമി സാറ്റേര്ത്വെയ്റ്റനും ലെയ് കാസ്പെറെക്കുമാണ് വന്‍ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. 71 റണ്‍സ് എടുത്ത സാറ്റേര്ത്വെയ്റ്റാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്കോറര്‍. പേസര്‍ ജുലാന് ഗോസ്വാമി മൂന്നും സ്പിന്നര്‍മാരായ എക്ത ബിഷ്ത്, ദീപ്തി ശര്‍മ, പൂനം യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അനായാസ ജയം തേടി ഇറങ്ങിയ ഇന്ത്യയുടെ തുടക്കവും മോശമായിരുന്നു. സ്കോര്‍ബോര്‍ഡില്‍ 15 റണ്‍സ് എത്തിയപ്പോള്‍ രണ്ടു വിക്കറ്റ് വീണു. ഓപ്പണര്‍ ജെമിമ റോഡ്രിഗസ് (0), ദീപ്തി ശര്‍മ (8) എന്നിവരാണ് പുറത്തായത്. മന്ദാനയ്ക്കു കൂട്ടായി പരിചയസമ്പന്നയായ മിതാലി എത്തിയതോടെ മത്സരം ഇന്ത്യയുടെ വരുതിയിലായി. ഇരുവരും ചേര്‍ന്ന തകര്‍ക്കപ്പെടാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 151 റണ്‍സാണ് പിറന്നത്.
മികച്ച ഫോമില്‍ തുടരുന്ന മന്ദാന കഴിഞ്ഞ 10 ഏകദിനത്തില്‍നിന്നു നേടുന്ന എട്ടാമത്തെ അര്‍ധ സെഞ്ചുറിയാണ്. കിവീസിനെതിരേയുള്ള ആദ്യ ഏകദിനത്തില്‍ 105 റണ്‍സ് നേടിയിരുന്നു. 82 പന്തില്‍നിന്ന് 90ലെത്തിയ മന്ദാന 13 ഫോറും ഒരു സിക്സും നേടി. മറുവശത്തുനിന്ന മിതാലി 111 പന്തില്‍നിന്നാണ് 63 റണ്‍സ് നേടിയത്. നാലു ഫോറും രണ്ടു സിക്സും ക്യാപ്റ്റന്റെ ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു. സിക്സ് നേടിക്കൊണ്ടാണ് മിതാലി വിജയറണ്‍ കുറിച്ചത്.