പെര്‍ത്ത്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ ഓപ്പണിംഗ് പ്രശ്നം വിടാതെ പിന്തടരുന്നു. ഫോമിലെത്താന്‍ ലോകേഷ് രാഹുല്‍-മുരളി വിജയ് കൂട്ടുകെട്ടിന് ഇതുവരെയായിട്ടില്ല. ആദ്യ ടെസ്റ്റില്‍ മാത്രമാണ് ഇവരില്‍നിന്ന് രണ്ടക്കമുള്ള ഒരു സഖ്യം പിറന്നത്. ആ ടെസ്റ്റില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു.
രണ്ടു മത്സരം കഴിഞ്ഞിട്ടും ഇന്ത്യക്ക് ഇതുവരെ ഓപ്പണിംഗിലെ പോരായ്മകള്‍ പരിഹരിക്കാനായിട്ടില്ല. പ്രശ്നങ്ങൾ എന്തെന്ന് ഓപ്പണർമാർ തന്നെ കണ്ടെത്തി പരിഹരക്കട്ടെയെന്നാണ് നായകൻ വിരാട് കോഹ്ലി പറയുന്നത്.
ഓപ്പണിംഗിലെ പരാജയം മധ്യനിരയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. മൂന്നാം നമ്പറിലുള്ള ചേത്വേശ്വര്‍ പൂജാരയ്ക്ക് നാല് ഇന്നിംഗ്സില്‍ മൂന്നു തവണ നാലോവറിനുള്ളില്‍ ഇറങ്ങേണ്ടിവന്നു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ വ്യത്യാസം വെളിപ്പെടുത്തുന്നതായിരുന്നു പെര്‍ത്ത് ടെസ്റ്റ്്. ഓസ്ട്രേലിയയുടെ മാര്‍കസ് ഹാരിസ്-ആരോണ്‍ ഫിഞ്ച് ഒന്നാം ഇന്നിംഗ്സില്‍ നേടിയ 112 റണ്‍സിന്റെ കൂട്ടുകെട്ട് അവരെ 300നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ ഇടയാക്കി. രണ്ടാം ഇന്നിംഗ്സില്‍ ഇരുവരുടെയും 59 റണ്‍സിന്റെ കൂട്ടുകെട്ട് മികച്ച വിജയലക്ഷ്യം കുറിക്കാനും സഹായിച്ചു.
നാല് ഇന്നിംഗ്സിനുമായി രാഹുലിന് 48 റണ്‍സാണ് നേടാനായത്. രാഹുലിനെ നാട്ടിലേക്ക് തിരിച്ചയയ്ക്കാന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്കര്‍ പറഞ്ഞു. രാഹുല്‍ തിരിച്ച് നാട്ടിലെത്തി കര്‍ണാടകയ്ക്കുവേണ്ടി രഞ്ജി കളിക്കട്ടെയെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞത്.
കഴിഞ്ഞ ഏഴ് ഇന്നിംഗ്സുകളില്‍ രാഹുലിന് അര്‍ധ സെഞ്ചുറി നേടാനായിട്ടില്ല. ഇതോടൊപ്പം താരത്തിന്റെ പുറത്താകല്‍ കൂടുതല്‍ നിരാശപ്പെടുത്തുന്നതാണ്. കഴിഞ്ഞ 14 ഇന്നിംഗ്സില്‍ രാഹുല്‍ ബൗള്ഡാകുകയോ എല്‍ബിഡബ്ല്യുവോ ആകുകയായിരുന്നു.
പുറത്താകാന്‍ പുതിയ വഴി തേടുന്നയാളാണ് രാഹുലെന്ന് നേരത്തെ ഇന്ത്യന്‍ ബാറ്റിംഗ് കോച്ച് സഞ്ജയ് ബംഗാര്‍ പറഞ്ഞു. വിജയ്യും അത്ര മികവിലല്ല. നാല് ഇന്നിംഗ്സിലായി 49 റണ്‍സാണ് വിജയ് നേടിയത്. പരിക്കേറ്റ പൃഥ്വി ഷാ ഇല്ലെന്നത് വിജയ്ക്ക് ഗുണമാണ്.
അടുത്ത ടെസ്റ്റ് മുതല്‍ മായങ്ക് അഗര്‍വാള്‍ ടീമിനൊപ്പം ചേരും. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുടെ അടിസ്ഥാനത്തില്‍ ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ലാത്ത അഗര്‍വാളെ ഓപ്പണിംഗില്‍ പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.