ന്യൂഡല്‍ഹി: ഇന്ത്യാ-പാക്കിസ്ഥാന് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അതിര്‍ത്തികടന്നുള്ള ഭീകരാക്രമണം അവസാനിക്കാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുമായുള്ള ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ദുബായില്‍ മത്സരം നടത്താന്‍ അനുവദിക്കണമെന്ന ബിസിസിഐയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കേന്ദ്രം തീരുമാനം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളും പരമ്പര നടത്തുമെന്ന ഇരു രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ 2014ല്‍ കരാറിലായിരുന്നു. ഇതേത്തുര്‍ന്ന് 2016ല്‍ പാക്കിസ്ഥാന് ടീമിനെ ഇന്ത്യയിലേക്കു പരമ്പരയ്ക്ക് ക്ഷണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു.
എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതിന്റെയും അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണം വര്‍ധിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ ബിസിസിഐയുടെ ആവശ്യം നിഷേധിച്ചിരുന്നു.ഈ വര്‍ഷം ദുബായില്‍ വെച്ച് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏകദിന ട്വന്റി-20 പരമ്പര നടത്തുന്നതിനാണ് ബിസിസിഐ ആഭ്യന്തര മന്ത്രാലയത്തോട് അനുമതി തേടിയിരുന്നത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിര്‍ത്തിവച്ച ഇന്ത്യ-പാക്ക് പരമ്പര പുനരാരംഭിക്കാന്‍ പലതവണ ശ്രമങ്ങള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അതിനിടെ, വീണ്ടും ആക്രമണങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. നിലവില്‍ ദുബായില്‍ ആണ് പാക്കിസ്ഥാന്റെ ഹോം മല്‍സരങ്ങള്‍ നടക്കുന്നത്.