പകരംവീട്ടാന്‍… സര്‍ജിക്കല്‍ ആക്രമണത്തിനു പകരംവീട്ടാന്‍ 250 ഭീകരര്‍ നുഴഞ്ഞുകയറി; നേരിടാന്‍ തയാറെന്നു ഇന്ത്യന്‍ സൈന്യം

indiaശ്രീനഗര്‍: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാനായി 250 ഭീകരര്‍ നുഴഞ്ഞു കയറിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകരസംഘടനകള്‍ നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക് അധീന കാഷ്മീരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ തകര്‍ക്കുന്നതിനു മുമ്പുതന്നെ ഭീകരര്‍ കാഷ്മീരിലേക്ക് കടന്നതായാണ് വിവരം. കാഷ്മീര്‍ താഴ്‌വരയിലെ സുരക്ഷാസേനായാണ് ഭീകരര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയാണ് സൈന്യം പുലര്‍ത്തുന്നത്. ഏതുതരത്തിലുള്ള ആക്രമണത്തിനും തിരിച്ചടിനല്‍കാന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം അതിര്‍ത്തികടന്നുള്ള ഏതാക്രമണവും നേരിടാന്‍ സുസജ്ജരാണെന്ന് സൈന്യം. അതിര്‍ത്തിയിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ സദാസമയവും ജാഗരൂകരാണ്. നിയന്ത്രണരേഖ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നും നിയന്ത്രണ രേഖയിലെ നൗഷറ സെക്ടറിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയന്ത്രണരേഖയിലെ പ്രതിരോധം കുറ്റമറ്റതാണ്. സൈനികര്‍ ആവേശത്തിലാണ്. 24 മണിക്കൂറും ഏത് തിരിച്ചടിയെയും നേരിടാന്‍ സജ്ജരാണെന്നും സൈന്യം വ്യക്തമാക്കി. നിയന്ത്രണരേഖയില്‍ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ഡിഫന്‍സ് പിആര്‍ഒ മനീഷ് മെഹ്തയും അറിയിച്ചു.

പാംപോര്‍ ഭീകരാക്രമണം: രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാരനും പരിക്ക്

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പോലീസുകാരനും പരിക്ക്. കാഷ്മീരിലെ പാംപോറിലാണ് ഭീകരാക്രമണം ഉണ്ടായത്. പാംപോറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ കയറിയ ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് സൈന്യം.

കഴിഞ്ഞ 24 മണിക്കൂറായി സൈന്യം കെട്ടിട സമുച്ചയം വളഞ്ഞിരിക്കുകയാണ്.ചൊവ്വാഴ്ച രാവിലെ ആറോടെയാണ് വീണ്ടും വെടിവയ്പ് ആരംഭിച്ചത്. കെട്ടിടത്തിനുള്ളില്‍ നിലവില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട്.

Related posts