പുല്‍വാമയിലുണ്ടായ ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിനും പകരം ചെയ്തിരിക്കുമെന്നാണ് പാക്കിസ്ഥാന് അറിയിച്ചിരിക്കുന്നത്. യുദ്ധ സമാനമായ അന്തരീക്ഷത്തിലേയ്ക്കാണ് ഇന്ത്യ- പാക് അതിര്‍ത്തി നീങ്ങിക്കൊണ്ടിരിക്കുന്നതും. അതിര്‍ത്തിയില്‍ വ്യോമസേന അതീവ ജാഗ്രതയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഇസ്രയേല്‍.
ഇന്ത്യയ്ക്ക് 50 ഹെറോണ്‍ ഡ്രോണുകള്‍ (ആളില്ലാ വിമാനങ്ങള്‍) നല്കാന് തയാറാണെന്നാണ് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. പ്രതിരോധമേഖലയിലെ ഏറ്റവും വലിയ ആയുധമാണ് ഈ ആളില്ലാ വിമാനങ്ങള്‍. 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്.
35,000 അടി ഉയരത്തില്‍ വരെ പറന്ന് ആക്രമണം നടത്താനും നിരീക്ഷിച്ച് കൃത്യമായ ലക്ഷ്യത്തിലേക്ക് എത്താനും ഹെറോണിന് സാധിക്കും. ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസാണ് ഹെറോണ്‍ ഡ്രോണുകള്‍ നിര്‍മിക്കുന്നത്. നിരീക്ഷിക്കാനും ആക്രമിക്കാനും ശേഷിയുള്ള ഡ്രോണുകളാണ് ഹെറോണ്‍. ഇസ്രയേല്‍ വ്യോമസേനയുടെ ഏറ്റവും വലിയ ആയുധങ്ങളിലൊന്നാണ് ഹെറോണ്‍.
ഫ്രാന്‍സ്, തുര്‍ക്കി, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ഹെറോണ്‍ ഉപയോഗിക്കുന്നുണ്ട്. ഭീകരരുടെ താവളം കണ്ടെത്തി ആക്രമണം നടത്താന്‍ ഹെറോണിന് സാധിക്കും. സ്ഥലവും പ്രദേശത്തെ സംഭവികാസങ്ങളും എല്ലാം ആളില്ലാ വിമാനങ്ങള്‍ തല്‍സമയം പകര്‍ത്തി കമാന്‍ഡകോളുടെ കേന്ദ്രത്തിലേക്ക് എത്തിച്ചുക്കൊടുക്കും.
470 കിലോഗ്രാം ആയുധങ്ങള്‍ വരെ വഹിക്കാന്‍ ശേഷിയുള്ള ഹെറോണ്‍ ഡ്രോണ്‍ 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കും. അതിര്‍ത്തി കടന്ന് ആക്രമണം നടത്തി തിരിച്ചുവരാന്‍ വരെ ശേഷിയുള്ളതാണ് ഹെറോണ്‍. ഡ്രോണിന്റെ നീളം 8.5 മീറ്ററും വിങ്സ്പാന്‍ 16.6 മീറ്ററുമാണ്. ഏത് ഇരുട്ടിലും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്.