ബിഷ്കെക്: ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കാഷ്മീർ ഉൾപ്പെടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിനു ലഭിച്ച വലിയ ജനവിധി ഉപയോഗിക്കുമെന്നാണ് കരുതുന്നതെന്നും ഇമ്രാൻ പറഞ്ഞു. കിർഗിസ്ഥാനിലെ ബിഷ്കിക്കിൽ നടക്കുന്ന ഷാങ്ഹായി സഹകരണ സമിതി (എസ്സിഒ) ഉച്ചകോടിക്ക് പുറപ്പെടും മുന്പ് റഷ്യൻ വാർത്താ ഏജൻസി സ്പുട്നിക്കിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഇക്കാര്യം പറഞ്ഞത്.
അയൽരാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യൻ നേതൃത്വവുമായി സംസാരിക്കുന്നതിനുള്ള മികച്ച അവസരമായാണ് ബിഷ്കെക് ഉച്ചകോടിയെ കാണുന്നതെന്നും ഇമ്രാൻ പറഞ്ഞു. നിലവിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം താഴ്ന്ന നിലയിലാണ്. പാക്കിസ്ഥാൻ അതിന്റെ അയൽക്കാരുമായി പ്രത്യേകിച്ച് ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്- ഇമ്രാൻ പറഞ്ഞു.
എന്നാൽ പാക്കിസ്ഥാനുമായി ഉടൻ ചർച്ചകൾക്ക് തയാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. പാക്കിസ്ഥാന്റെ സമീപനത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും ഭീകരവാദത്തെ രാജ്യ നയമായാണ് അവർ പിന്തുടരുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ(എസ്സിഒ) ഉച്ചകോടിക്ക് മുന്നോ ടിയായി ചൈനീസ് പ്രസിഡൻറ് ഷി ചിൻപിംഗുമായുള്ള കൂടിക്കാഴ്ച്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്. പാക്കിസ്ഥാനുമായി ഇപ്പോൾ ചർച്ചയ്ക്ക് പറ്റിയ അന്തരീക്ഷമല്ലെന്നും മോദി പറഞ്ഞു.
പൊതുതെരഞ്ഞെടുപ്പിലെ മികച്ച വിജയത്തോടെ പ്രധാനമന്ത്രിക്കസേരയിൽ കൂടുതൽ കരുത്തനായശേഷം മോദി പങ്കെടുക്കുന്ന ആദ്യത്തെ ഉച്ചകോടിയാണു ഷാങ്ഹായിലേത്. ചൈനയുടെ നേതൃത്വത്തിലുള്ള എട്ടംഗ സാന്പത്തികസുരക്ഷാ കൂട്ടായ്മയാണ് എസ്സിഒ. എസ്സിഒ സമ്മേളനത്തിനായി കിർഗിസ്ഥാൻ തലസ്ഥാ നത്ത് ഇന്നലെയാണ് മോദി എത്തിയത്.