പാക്കിസ്ഥാനെ എല്ലാത്തരത്തിലും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളാണ് പല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയും ഇന്ത്യയോട് അനുഭാവം പ്രകടിപ്പിക്കുന്ന രാജ്യങ്ങളും നടത്തു വരുന്നത്. നയതന്ത്ര ബന്ധങ്ങളിലും സമാനമായ ചില നിലപാടുകള്‍ സ്വീകരിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാക് പ്രതിനിധികളോട് സൗഹൃദം പങ്കിടാന്‍ വിസമ്മതിച്ചിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍. പാക് പ്രതിനിധികള്‍ സൗഹൃദം പങ്കിടാന്‍ ഹസ്തദാനം ചെയ്തപ്പോള്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അത് നിരസിച്ചു.
പാക് പ്രതിനിധികള്‍ക്ക് ഹസ്തദാനം നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. നമസ്‌തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്ഥാന്‍ എ.ജി അന്‍വര്‍ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്.
കുല്‍ഭൂഷണ്‍ ജാദവ് കേസിന്റെ വിചാരണ നടപടികള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. വിചാരണ നടപടികള്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക് അന്‍വര്‍ മസൂദ് ഖാന്‍ ഹസ്തദാനം ചെയ്യാന്‍ എത്തിയത്.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാക് പ്രതിനിധികളോട് ഇത്തരത്തില്‍ പെരുമാറുന്നത് ആദ്യമായല്ല. 2017 മെയ് മാസത്തിലും പാക് പ്രതിനിധികളെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ അവഗണിച്ചിരുന്നു.