ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിന്റെ 2025 എഡിഷനുള്ള ടീമുകളെ പ്രഖ്യാപിക്കാൻ ഇനി ബാക്കിയുള്ളത് ഇന്ത്യയും ആതിഥേയരായ പാക്കിസ്ഥാനും മാത്രം. ഫെബ്രുവരി 19ന് കറാച്ചിയിലാണ് ചാന്പ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരം. ആതിഥേയരായ പാക്കിസ്ഥാൻ ന്യൂസിലൻഡിനെ നേരിടുന്നതോടെ 2025 സീസണിനു തുടക്കമാകും. ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യയുടെ ആദ്യ മത്സരം ഫെബ്രുവരി 20ന് ബംഗ്ലാദേശിന് എതിരേ ദുബായിലാണ്.
ചാന്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കാൻ ഐസിസി പ്രഖ്യാപിച്ച തീയതി കഴിഞ്ഞു. എന്നാൽ, ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ തങ്ങളുടെ സംഘങ്ങളെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 19ന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. അതേസമയം, ഗ്രൂപ്പ് ബിയിലെ കരുത്തരായ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും അവരുടെ 15 അംഗ ടീമുകളെ ഇന്നലെ പ്രഖ്യാപിച്ചു എന്നതും ശ്രദ്ധേയം.
കമ്മിൻസിന്റെ ഓസീ സംഘം
15 അംഗ സാധ്യതാ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ) ഇന്നലെ പ്രഖ്യാപിച്ചത്. കണങ്കാലിലെ പരിക്കും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവുമെല്ലാമായി ശ്രീലങ്കൻ പര്യടനത്തിൽനിന്നു വിട്ടുനിൽക്കുന്ന പാറ്റ് കമ്മിൻസ് തന്നെയാണ് ഓസ്ട്രേലിയയെ നയിക്കുക. ഇന്ത്യക്കെതിരായ ബോർഡർ-ഗാവസ്കർ ട്രോഫി ടെസ്റ്റ് പരന്പരയ്ക്കിടെ പരിക്കേറ്റു പുറത്തായ പേസർ ജോഷ് ഹെയ്സൽവുഡ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
മാറ്റ് ഷോർട്ട്, ആരോണ്‍ ഹാർഡി, നഥാൻ എല്ലിസ് തുടങ്ങിയവർ ടീമിൽ ഇടം നേടി. 2023 ഐസിസി ഏകദിന ലോകകപ്പ് കിരീടം ചൂടിയ ഓസ്ട്രേലിയൻ ടീമിൽനിന്നു മൂന്നു മാറ്റങ്ങളാണ് വന്നിരിക്കുന്നത്. ഡേവിഡ് വാർണർ (റിട്ടയേർഡ്), കാമറൂണ്‍ ഗ്രീൻ (ശസ്ത്രക്രിയ), സീൻ ആബട്ട് എന്നിവർ ചാന്പ്യൻസ് ട്രോഫിക്കുള്ള ഓസീസ് സംഘത്തിലില്ല. 2009ൽ ആണ് ഓസ്ട്രേലിയ അവസാനമായി ചാന്പ്യൻസ് ട്രോഫി സ്വന്തമാക്കിയത്. ഫെബ്രുവരി 22ന് ലാഹോറിൽ ഇംഗ്ലണ്ടിനെതിരായ ഓസീസിന്റെ ആദ്യ പോരാട്ടം.
പ്രോട്ടീസിനെ ബൗമ നയിക്കും
ഐസിസി ചാന്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ദക്ഷിണാഫ്രിക്കൻ ടീമിനെ തെംബ ബൗമ നയിക്കും. 2023 ഐസിസി ഏകദിന ലോകകപ്പിൽ സെമിയിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലെ 10 കളിക്കാർ ചാന്പ്യൻസ് ട്രോഫിക്കുള്ള സംഘത്തിലും ഉൾപ്പെട്ടു. പേസർമാരായാ ആൻറിച്ച് നോർക്കിയ, ലുങ്കി എൻഗിഡി എന്നിവർ തിരിച്ചെത്തിയതാണ് പ്രോട്ടീസ് ടീമിൽ ശ്രദ്ധേയം.
2023 സെപ്റ്റംബറിനുശേഷം നോർക്കിയ 50 ഓവർ ക്രിക്കറ്റിൽ കളിച്ചിട്ടില്ല. 2024 ഒക്ടോബറിനുശേഷം രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലാണ് എൻഗിഡി. ടോണി ഡി സോർസി, റയാൻ റിക്കൽടണ്, ട്രിസ്റ്റണ്‍ സ്റ്റബ്സ്, വിയാൻ മൾഡർ എന്നിവരെ ഉൾപ്പെടുത്തി നവോന്മേഷം കൊണ്ടുവരാൻ പ്രോട്ടീസ് ശ്രമിച്ചിട്ടുണ്ട്. 1998ലെ കന്നി ചാന്പ്യൻസ് ട്രോഫി ചാന്പ്യന്മാരാണ് ദക്ഷിണാഫ്രിക്ക. പ്രോട്ടീസിന്റെ ഏക ഐസിസി ട്രോഫിയും അതാണ്. ഫെബ്രുവരി 21നു കറാച്ചിയിൽവച്ച് അഫ്ഗാനിസ്ഥാനെതിരേയാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.