ഇസ്ലാമാബാദ്: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരെ ലോകകപ്പിൽ മത്സരിക്കില്ലെന്ന ഇന്ത്യൻ നിലപാടിനെതിരെ പാക്കിസ്ഥാൻ. ഇതുമായി ബന്ധപ്പെട്ട് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിനെ സമീപിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ പ്രാഥമിക റൗണ്ടിൽ തങ്ങളോട് കളിക്കില്ല എന്ന നിലപാടിലാണ്.
അങ്ങനെ ആദ്യ റൗണ്ടിൽ കളിക്കാതിരുന്നാൽ അടുത്ത ഘട്ടത്തിൽ ഇരു ടീമുകളും വീണ്ടും നേർക്കുനേർ വരുമ്പോഴും ഇന്ത്യ ഇതേ നിലപാട് തന്നെയാകില്ലേ സ്വീകരിക്കുകയെന്നും പിസിബി വൃത്തങ്ങൾ ചോദിക്കുന്നു. ഇക്കാര്യങ്ങളാണ് അവർ ഐസിസിക്കു മുൻപാകെ ഉന്നയിക്കുക. അതേസമയം, പാക് നിലപാട് സംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിട്ടില്ല.
നേരത്തെ, ലോകകപ്പിൽ പാക്കിസ്ഥാനുമായി ഒരു മത്സരവും കളിക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. ആദ്യഘട്ടത്തിലാണ് മത്സരമെങ്കിൽ പാക്കിസ്ഥാൻ മത്സരിക്കാതെ തന്നെ അടുത്ത റൗണ്ടിലേക്ക് കടക്കുമെന്നും ഫൈനലിലാണ് ഇരുകൂട്ടരും നേർക്കുനേർ വരുന്നതെങ്കിൽ കളിക്കാതെ തന്നെ പാക്കിസ്ഥാൻ ലോക ജേതാക്കളാകുമെന്നുമായിരുന്നു ബിസിസിഐ മുൻപ് വ്യക്തമാക്കിയിരുന്നത്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, ചേതൻ ചൗഹാൻ തുടങ്ങിയവർ ഇന്ത്യ പാക്കിസ്ഥാനെതിരെ കളിക്കേണ്ടെന്ന അഭിപ്രായമുയർത്തി രംഗത്തെത്തിയിരുന്നു.