അഹമ്മദാബാദ്: 2023 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് അഹമ്മദാബാദ് ഒരുങ്ങി. നാളെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം. ഇരുടീമും അഹമ്മദാബാദിലെത്തി. ഏഴു വർഷത്തിനുശേഷമാണ് ഇന്ത്യൻ മണ്ണിൽ ഇരുടീമും ഏറ്റുമുട്ടുന്നത്.
കനത്ത സുരക്ഷയിലാണ് പാക്കിസ്ഥാൻ ടീം അഹമ്മദാബാദിലെത്തിയത്. ടീമുകളുടെ സുരക്ഷയ്ക്കായി നഗരത്തിൽ ഗുജറാത്ത് പോലീസ്, എൻഎസ്ജി, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവയിൽനിന്നായി 11,000ത്തിലധികം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
പാക്കിസ്ഥാൻ ടീം താമസിക്കുന്ന ഹോട്ടലും പരിസരവും കനത്ത സുരക്ഷയിലാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ സാക അഷ്റഫ് മത്സരം കാണാനെത്തുന്നുണ്ട്. പാക്കിസ്ഥാനിൽനിന്ന് അറുപതോളം മാധ്യമപ്രവർത്തകരും എത്തും.
വ്യാജ ടിക്കറ്റ്
ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. 1,32,000 കാണികളെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിലെ സ്റ്റേഡിയം നാളെ നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷ.
മത്സരത്തിന്റെ ടിക്കറ്റിന് ആവശ്യക്കാർ ഏറെയായതോടെ തട്ടിപ്പുകാരും സജീവമായി. വ്യാജ ടിക്കറ്റുകൾ വിറ്റതിന് നാലു യുവാക്കളെ അറസ്റ്റ് ചെയ്തതായി അഹമ്മദാബാദ് സിറ്റി പോലീസ് അറിയിച്ചു. 200 വ്യാജ ടിക്കറ്റുകളാണ് പോലീസ് പിടിച്ചെടുത്തത്.
ആദ്യം ഒരു ഒറിജിനൽ ടിക്കറ്റ് വാങ്ങിയ സംഘം ഇത് സ്കാൻ ചെയ്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുകയും 200 പ്രിന്റ് എടുക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയായിരുന്നു വ്യാജ ടിക്കറ്റ് വിൽപന. 2000 മുതൽ 20,000 രൂപ വരെയാണ് വ്യാജ ടിക്കറ്റിന്റെ വില.