ശ്രീനഗർ: അതിർത്തിയിലെ പ്രകോപനത്തിൽ പാക്കിസ്ഥാനെ കടുത്ത പ്രതിഷേധമറിയിക്കാൻ ഇന്ത്യ. ഇന്നലെ രാത്രി ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ പാക് സൈന്യം വെടിയുതിർത്തിരുന്നു.
യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ബിഎസ്എഫ് പോസ്റ്റുകൾക്കു നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്കും ഒരു തദ്ദേശീയനും പരിക്കുപറ്റി.
അന്താരാഷ്ട്ര അതിർത്തിയായ ജമ്മു കാഷ്മീരിലെ അർണിയയിലാണ് സംഭവം. ഇന്നലെ രാത്രി എട്ടോടെയാണ് പാക് സൈന്യം വെടിയുതിർത്തതെന്ന് മുതിർന്ന ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തുടർന്ന് ഇന്ത്യൻ സൈന്യം ശക്തിയായി തിരിച്ചടിച്ചു. അതിർത്തിയിലിപ്പോഴും സംഘർഷവാസ്ഥ തുടരുന്നതായാണ് റിപ്പോർട്ട്. ഇന്നലെ ജമ്മു കാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. കുപ്വാരയിലെ മച്ചിൽ സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.