വിക്കറ്റിനായി ബൗളറും ക്ലേസ് ഫീൽഡേഴ്സും അന്പയറിനു മുന്നിൽ അപ്പീൽ ചെയ്യുന്നതല്ല, അതിനപ്പുറം ക്രിക്കറ്റ് ആരാധകർ പരസ്പരം ചോദിക്കുന്ന ചോദ്യമായി മാറി ഹൗസാറ്റ്…
ഇന്ത്യ x പാക്കിസ്ഥാൻ ഐസിസി ട്വന്റി-20 ലോകകപ്പ് പോരാട്ടം കണ്ടു കഴിഞ്ഞ് അതിന്റെ ഓർമയിലാണ് ആരാധകർ ഹൗസാറ്റ് (എത്രമാത്രം മികച്ചതായിരുന്നു) എന്നു ചോദിച്ചുപോയത്. തീപ്പൊരി ആവേശം വിതറിയ യഥാർഥ ത്രില്ലർ എന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞ മത്സരമായിരുന്നു ഇന്ത്യ x പാക്കിസ്ഥാൻ.
അതെ, അയൽവാശിയുടെ എരിവും പുളിക്കും ഒപ്പം ബൗളിംഗ് തീവ്രതയുടെ പരകോടികൂടി കണ്ട പോരാട്ടമായിരുന്നു അത്.
സലാം ബുംറ◄
19 ഓവറിൽ 119ന് പുറത്തായ ഇന്ത്യ, പാക്കിസ്ഥാനെ 20 ഓവറിൽ 113/7ന് ഒതുക്കി ആറ് റണ്‍സ് ജയം നേടിയെങ്കിൽ അതിന്റെ ക്രെഡിറ്റ് പേസർ ജസ്പ്രീത് ബുംറയ്ക്കു സ്വന്തം. നാല് ഓവറിൽ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് ബുംറ സ്വന്തമാക്കി. നേടിയ വിക്കറ്റ് എണ്ണത്തിൽ അല്ല, അതിന്റെ മൂല്യമാണ് ബുംറയെ ബുംറയാക്കുന്നത്. ബാബർ അസം (10 പന്തിൽ 13), മുഹമ്മദ് റിസ്വാൻ (44 പന്തിൽ 31), ഇഫ്തിക്കർ അഹമ്മദ് (ഒന്‍പത് പന്തിൽ അഞ്ച്) എന്നിവരാണ് ബുംറയുടെ ഇരകൾ.
ഇതിൽ 15-ാം ഓവറിന്റെ ആദ്യപന്തിൽ റിസ്വാനെ പുറത്താക്കിയതാണ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. ബാറ്റിംഗ് വിഷമകരമായ പിച്ചിൽ നിലയുറപ്പിച്ച റിസ്വാൻ മടങ്ങിയതോടെ പാക്കിസ്ഥാന്റെ അടിതെറ്റി. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 80 എന്ന നിലയിൽ നിന്ന് ഏഴിന് 113ൽ പാക്കിസ്ഥാൻ അതോടെ ഒതുങ്ങി.
ഫുള്ളർ ലെംഗ്ത് പന്തിൽ റിസ്വാന്റെ ബാറ്റിനും പാഡിനുമിടയിലൂടെ കടന്ന ബുംറയുടെ പന്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിയ നിമിഷമായിരുന്നു അത്. നസാവു കൗണ്ടി ഇന്റർനാഷണൽ സ്റ്റേഡിയത്തിന്റെ ഗാലറിയിൽ തിങ്ങിനിറഞ്ഞ 34,028 കാണികളുടെ ഇരിപ്പിടങ്ങൾക്ക് തീപടർത്തിയ അവസാന അഞ്ച് ഓവർ ആയിരുന്നു പിന്നീട് കണ്ടത്.
പന്തിന്റെ പോരാട്ടം ◄
ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബൗളിംഗ് ആക്രമണമാണ് പാക്കിസ്ഥാനെ വരിഞ്ഞു മുറുക്കിയതെങ്കിലും ഇന്ത്യയെ 119ൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരുന്നു. 31 പന്തിൽ ആറ് ഫോറിന്റെ സഹായത്തോടെ 42 റണ്‍സ് നേടിയ പന്തായിരുന്നു ടോപ് സ്കോറർ.
പിച്ചിന്റെ അപ്രതീക്ഷിത ബൗണ്‍സും സ്വിംഗും മുതലാക്കാൻ ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബൗളിംഗ് തെരഞ്ഞെടുത്തു. എന്നാൽ, പാക്കിസ്ഥാന്റെ ദയനീയ ഫീൽഡിംഗ് ഇന്ത്യക്ക് അനുഗ്രഹമായി. ഋഷഭ് പന്തിന് മൂന്ന് ലൈഫ് ലഭിച്ചെന്നതാണ് ഏറെ ശ്രദ്ധേയം. അതിൽ രണ്ട് തവണ ഉസ്മാൻ ഖാനായിരുന്നു ക്യാച്ച് നഷ്ടപ്പെടുത്തിയത്.
ഒരു പ്രാവശ്യം ഇഫ്തിക്കർ അഹമ്മദും. ലഭിച്ച അവസരം മുതലാക്കി പന്ത് ഇന്ത്യ 100ലേക്ക് അടുപ്പിച്ചു. നാലാം നന്പറായി സ്ഥാനക്കയറ്റം ലഭിച്ച അക്സർ പട്ടേലിനൊപ്പം (18 പന്തിൽ 20) 39 റണ്‍സിന്റെയും സൂര്യകുമാർ യാദവിനൊപ്പം (എട്ട് പന്തിൽ ഏഴ്) 31 റണ്‍സിന്റെയും കൂട്ടുകെട്ടും പന്ത് നടത്തി. വിക്കറ്റിനു പിന്നിൽ മൂന്ന് ഉജ്വല ക്യാച്ച് പന്ത് എടുത്തെന്നതും ശ്രദ്ധേയം.
ചരിത്ര ജയം ◄
ട്വന്റി-20 ക്രിക്കറ്റ് പാക്കിസ്ഥാനെതിരേ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറാണ് 119. 2012ൽ 133/9 ആയിരുന്നു ഇതുവരെയുള്ള ചുരുങ്ങിയ സ്കോർ. എന്നാൽ, ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യ 135 റണ്‍സിൽ താഴെ വിജയകരമായി പ്രതിരോധിച്ചിട്ടില്ല എന്നത് ന്യൂയോർക്കിലെ നസാവു സ്റ്റേഡിയത്തിൽ തിരുത്തപ്പെട്ടു.
2016 ൽ സിംബാബ്വെയ്ക്ക് എതിരേ 138 റണ്‍സ് ഇന്ത്യ പ്രതിരോധിച്ച് ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്. മാത്രമല്ല, ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ ഡിഫെൻഡ് ചെയ്ത് ജയിക്കുന്ന ഏറ്റവും ചെറിയ സ്കോറും പാക്കിസ്ഥാനെതിരായ 119 ആണ്. ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരേ 2016ൽ 146 റണ്‍സ് പ്രതിരോധിച്ച് ജയിച്ചതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.