ന്യൂഡല്‍ഹി: കാഷ്മീരില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നുവോ ? കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. തീവ്രവാദികള്‍ക്ക് നേരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.പാകിസ്താന്‍ സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐഎസ്ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.
കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനം അവര്‍ക്കുള്ളതുപോലെയാണ് അവരുടെ പ്രവര്‍ത്തനമെന്നും കാശ്മീരിലെ യുവാക്കളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുവദിക്കണമെന്നും എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ സഹോദരനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ ആഴ്ച തന്നെ ഒരു ബിഎസ്എഫ് ജവാനേയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു.