ഗൂഗിള് പ്ലേസ്റ്റോറിനു ബദലായി തദ്ദേശീയമായി പുതിയ ആപ്പ് സ്റ്റോര് വികസിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ച് കേന്ദ്ര സര്ക്കാര്.
തദ്ദേശീയമായി ആപ് സ്റ്റോര് വികസിപ്പിക്കുന്നതിനെ സര്ക്കാര് ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര ഐടിവകുപ്പ് മന്ത്രി രവിശങ്കര് പ്രസാദ് രാജ്യസഭയില് പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആപ് സ്റ്റോറാണ് മൊബൈല് സേവാ ആപ്പ് സ്റ്റോര്. വിവിധ സേവനങ്ങള് നല്കുന്ന 965 ആപ്പുകളാണ് ഇതില് ലഭ്യമാകുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് മന്ത്രി തദ്ദേശീയമായി ആപ്പ് സ്റ്റോര് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്.
ആപ്പ് സ്റ്റോര് വികസിപ്പിക്കുന്ന കാര്യത്തില് സ്വകാര്യ കമ്പനികളെ പിന്തുണയ്ക്കുകയാണ് കേന്ദ്ര സര്ക്കാര്.നിലവില് മറ്റു സേവനദാതാക്കളുടെ പ്ലാറ്റ്ഫോം ഉപയോഗിച്ച് ആപ്പ് സേവനം ലഭ്യമാക്കുന്ന ഹോസ്റ്റ് ആപ്പ് രീതിയാണ് നിലവില് കമ്പനികള് പിന്തുടരുന്നത്.
ഇതിന് കേന്ദ്രസര്ക്കാര് വേണ്ട പ്രോത്സാഹനം കമ്പനികള്ക്ക് നല്കുന്നുണ്ട്. എന്നാല് തദ്ദേശീയമായി ആപ്പ് സ്റ്റോര് വികസിപ്പിക്കുന്നതിനാണ് കേന്ദ്രസര്ക്കാര് കൂടുതല് പരിഗണന നല്കുന്നതെന്ന് രവിശങ്കര് പ്രസാദ് പറഞ്ഞു.
നിലവില് ഗൂഗിള്, ആപ്പിള് സ്റ്റോറുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. ഇത് നിരവധി പ്രശ്നങ്ങള് സൃഷ്ടിക്കുന്നതായുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രവിശങ്കര് പ്രസാദ്.
തദ്ദേശീയമായി ഒരു പ്ലേ സ്റ്റോര് വികസിപ്പിക്കുന്നതിന്റെ സാധ്യതയാണ് സര്ക്കാര് പരിശോധിക്കുന്നത്. അല്ലെങ്കില് സര്ക്കാര്, സ്വകാര്യ ആപ്പുകള്ക്കായി പ്രത്യേക ആപ് സ്റ്റോര് വികസിപ്പിക്കാന് സാധിക്കുമോ എന്ന കാര്യവും സര്ക്കാര് പരിശോധിക്കുന്നുണ്ട്.