കൊല്ലം: രാജ്യത്തെ അഞ്ചിലൊന്ന് ട്രാക്കുകളിൽ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്തി റെയിൽവേ. കഴിഞ്ഞ വർഷം നടത്തിയ സമയബന്ധിത പ്രവർത്തനങ്ങളിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിക്കാൻ ഇന്ത്യൻ റെയിൽവേക്കു സാധിച്ചത്.
ഇതിനായി 23,000 ട്രാക്ക് കിലോമീറ്ററുകൾ നവീകരിക്കുകയുണ്ടായി. ഫെൻസിംഗ്, ആധുനിക സിഗ്നൽ സംവിധാനങ്ങൾ എന്നിവയടക്കമുള്ള മെച്ചപ്പെട്ട സുരക്ഷാനടപടികൾ ഏർപ്പെടുത്തിയതും വേഗത വർധിപ്പിക്കുന്നതിൽ സഹായകമായി.
ഇന്ത്യൻ റെയിൽവേയുടെ 1.03 ലക്ഷം ട്രാക്ക് കിലോമീറ്റർ ശൃംഖലയിൽ 23, 000 കിലോമീറ്ററുകളും ഇപ്പോൾ മണിക്കൂറിൽ 130 കിലോമീറ്റർ സ്പീഡിൽ ട്രെയിനുകൾ ഓടിക്കാൻ യോഗ്യമായി കഴിഞ്ഞു. ഇത് കൂടാതെ 54, 337 ട്രാക്ക് കിലോമീറ്ററുകളിൽ 110 കിലോമീറ്റർ വേഗതയിൽ വണ്ടികൾക്ക് സഞ്ചരിക്കാൻ കഴിയുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷം 5,000 ട്രാക്ക് കിലോമീറ്ററുകളുടെ വേഗത 110 ആയി ഉയർത്തുക എന്നതാണു ലക്ഷ്യം. ഇതിൽ 2,741 കിലോമീറ്റർ നെറ്റ് വർക്കിന്റെ വേഗത 110 കിലോമീറ്ററായി ഇതിനകം ഉയർത്തിക്കഴിഞ്ഞു.
കൂടാതെ ചില പ്രധാന സ്ട്രെച്ചുകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗതയുള്ള സെമി-ഹൈസ്പീഡ് ട്രെയിനുകൾക്കായി വേഗത കൂട്ടുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും മുൻനിര ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാനുള്ള ശേഷിയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന വന്ദേ സ്ലീപ്പർ ട്രെയിനുകളുടെ പരമാവധി വേഗത 180 കിലോമീറ്ററാണ്.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷണ ഓട്ടത്തിൽ ഈ സ്പീഡ് വിജയകരമായി പൂർത്തീകരിച്ചു. എങ്കിലും സർവീസ് ആരംഭിക്കുമ്പോൾ വന്ദേ സ്ലീപ്പർ ട്രെയിൻ 160 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. അതേസമയം മുൻ വർഷത്തെ അപേക്ഷിച്ച് 2024 ഏപ്രിൽ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ വരുമാനത്തിൽ നാല് ശതമാനം വർധനയും മൂലധന ചെലവിൽ രണ്ട് ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ഇത് മെച്ചപ്പെട്ട പ്രകടനമായാണ് റെയിൽ വേ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇക്കാലയളവിലെ മൂലധന ചെലവ് 1.92 കോടി രൂപയിലെത്തി. ചരക്ക് ഗതാഗതം വഴി 1.26 ലക്ഷം കോടി രൂപയുടെ വരുമാനവും ഉണ്ടായി. യാത്രക്കാരിൽ നിന്നുള്ള വരുമാനം ആറ് ശതമാനം വർധിച്ച് 55,988 കോടി രൂപയിൽ എത്തി. ഇന്ത്യൻ റെയിൽവേയുടെ മൊത്തം വരുമാനം നടപ്പ് സാമ്പത്തിക ആദ്യത്തെ ഒമ്പത് മാസങ്ങളിൽ 1.93 ലക്ഷം കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7674 കോടി രൂപ കൂടുതലാണ്.
എസ്.ആർ. സുധീർ കുമാർ