മുംബൈ: 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ലോകകപ്പിലെ തുടർച്ചയായ ഏഴാം മത്സരവും ജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാമതായാണ് ഇന്ത്യ സെമിയിലെത്തിയത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ശ്രീലങ്കയെ 302 റണ്‍സിനാണ് ഇന്ത്യ തകർത്തത്. ഇതോടെ ഇന്ത്യക്ക് 14 പോയിന്റായി.
ഇന്ത്യ മുന്നോട്ടുവച്ച 358 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്ക 55 റണ്‍സില്‍ എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണു ശ്രീലങ്കയെ തകര്‍ത്തത്. ലോകകപ്പ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം എന്ന റിക്കാർഡ് ഷമി സ്വന്തമാക്കി.
ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിനു വിടുകയായിരുന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ ശുഭ്മാന്‍ ഗില്‍ (92), വിരാട് കോഹ്ലി (88), ശ്രേയസ് അയ്യര്‍ (82) എന്നിവരുടെ മികവില്‍ ഇന്ത്യ 50 ഓവറില്‍ എട്ടു വിക്കറ്റിന് 357 റണ്‍സ്. ഒന്നു പൊരുതാന്‍പോലും തയാറാകാതെ ലങ്കന്‍ ബാറ്റര്‍മാര്‍ കീഴടങ്ങിയതോടെ 19.4 ഓവറില്‍ 55; എല്ലാവരും പുറത്ത്.
ലങ്കയുടെ അഞ്ചുപേരാണ് അക്കൗണ്ട് തുറക്കുംമുമ്പ് പുറത്തായത്. ഇതിലെ മൂന്നുപേര്‍ ഗോള്‍ഡന്‍ ഡക്കായി. ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നഷ്ടമായ ശ്രീലങ്കയ്ക്ക് ഒരിക്കല്‍പ്പോലും ഇന്ത്യക്കു ഭീഷണിയാകാനായില്ല. മൂന്നു ബാറ്റര്‍മാര്‍ക്കു മാത്രമാണ് രണ്ടക്ക സംഖ്യ കാണാനായത്. കാസുന്‍ രഞ്ജിത (14) ആണ് ലങ്കയുടെ ടോപ് സ്കോറര്‍.