ലണ്ടൻ: സ്ത്രീകൾക്ക് ഏറ്റവും ആപൽക്കാരിയായ രാജ്യമായി ഇന്ത്യ. രാജ്യത്തെ ലൈംഗികാതിക്രമങ്ങളും ബാലവിവാഹങ്ങളും അടിമപ്പണിയും മനുഷ്യക്കടത്തും നിർബന്ധിത വിവാഹങ്ങളും ഒക്കെച്ചേർന്നാണ് ഈ നാണക്കേട് വരുത്തിവച്ചത്.
തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ 550 വിദഗ്ധർക്കിടയിൽ സർവേ നടത്തിയാണ് ഈ പട്ടിക തയാറാക്കിയത്. ഏഴു വർഷം മുന്പ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇവിടെനിന്നാണ് ഇന്ത്യയുടെ “ഉയർച്ച’’. അന്ന് അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, പാക്കിസ്ഥാൻ എന്നിവയ്ക്കു പിന്നിലായിരുന്നു ഇന്ത്യ. ഇപ്പോൾ അവയെല്ലാം പിന്നിലായി.
സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യ വേണ്ടത്ര നടപടി എടുക്കുന്നില്ലെന്ന് സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. “സ്ത്രീകളോട് ഇന്ത്യ അങ്ങേയറ്റം മോശമായാണു പെരുമാറുന്നത്… മാനഭംഗം, ലൈംഗികാതിക്രമങ്ങൾ, പീഡനങ്ങൾ, പെൺ ശിശുഹത്യ തുടങ്ങിയവ പെരുകുന്നു’’ കർണാടകത്തിലെ ഒരു ഉദ്യോഗസ്ഥയായ മഞ്ജുനാഥ് ഗംഗാധര ഫൗണ്ടേഷനോടു പറഞ്ഞു.
സ്ത്രീകൾക്ക് ആപൽക്കരമായ രാജ്യങ്ങൾ
1. ഇന്ത്യ
2. അഫ്ഗാനിസ്ഥാൻ
3. സിറിയ
4. സോമാലിയ
5. സൗദി അറേബ്യ
6. പാക്കിസ്ഥാൻ
7. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ
8. യെമൻ
9. നൈജീരിയ
10. യുഎസ്എ
അവലംബം: തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ സർവേ 2018.