ധര്‍മശാല: ന്യൂസിലന്‍ഡ് പര്യടനത്തിലെ മൂന്നു ഏകദിന പരമ്പരയും രണ്ടു ടെസ്റ്റ് പരമ്പരയും പൂര്‍ണമായി തോറ്റ ടീം ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്താനായി സ്വന്തം മണ്ണില്‍ ഇറങ്ങുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നു ഏകദിനങ്ങളുടെ ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ധര്‍മശാലയില്‍ തുടക്കമാകും. ന്യൂസിലന്‍ഡില്‍ സംഭവിച്ച പാളിച്ചകള്‍ എല്ലാം പരിഹരിച്ച് നല്ലൊരു തുടക്കത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്.
ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യ ടീമിലേക്കു തിരിച്ചെത്തുന്നത് നായകന് വിരാട് കോഹ് ലിക്ക് ആശ്വാസമാകും.രാജ്യത്ത്് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസ് ഭീഷണിക്കിടയിലും ധര്‍മശാലയിലെ മഴ ഭീഷണിയിലുമാണ് ഇന്ന് മത്സരം നടക്കുന്നത്.
ന്യൂസിലന്‍ഡിനോട് ഏകദിന പരമ്പരയില്‍ നേരിട്ട 3-0ന്റെ സമ്പൂര്‍ണ തോല്‍വി മറക്കാനാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്.
മികച്ച ഫോമിലാണ് പാണ്ഡ്യ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഭ്യന്തര ട്വന്റി 20 മത്സരത്തില്‍ പാണ്ഡ്യ രണ്ടു സെഞ്ചുറികളുമായി മികച്ച ഫോമിലായിരുന്നു. ഡി.വൈ. പട്ടേല്‍ കോര്‍പറേറ്റ് കപ്പിലെ പ്രകടനത്തിലൂടെ പൂര്‍ണ ആരോഗ്യവാനാണെന്നും താരം തെളിയിച്ചു.
ട്വന്റി 20 ലോകകപ്പ് നടക്കുന്ന ഈ വര്‍ഷം ഏകദിനത്തിന് അത്ര പ്രധാന്യം നല്‍കുന്നില്ലെന്ന് കോച്ച് രവി ശാസ്ത്രിയും നായകന് കോഹ് ലിയും തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഒരു പരമ്പര നഷ്ടം കൂടി സഹിക്കാന്‍ ഇന്ത്യക്കാവില്ല.
അതും പരിചയസമ്പത്ത് കുറഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടീമിനോട്. സ്വന്തം നാട്ടില്‍ നടന്ന ഏകദിനപരമ്പരയില്‍ ഓസ്ട്രേലിയയെ 3-0ന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്.
തുടര്‍ച്ചയായ അഞ്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ മോശമായ നായകന് കോഹ്ലി ആറു വര്‍ഷത്തിനിടെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് നീങ്ങുന്നത്. കിവീസിനെതിരേ ഇന്ത്യന്‍ നായകന് വെറും 75 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. വിമര്‍ശകരുടെ വായടപ്പിക്കാന്‍ നായകന് മികച്ച പ്രകടനം നടത്തിയേ മതിയാകൂ.
ഒരു റിക്കാർഡിനു വക്കിലാണ് ഇന്ത്യൻ നായകൻ. 133 റണ്‍സ് നേടാനായാല്‍ കോഹ് ലിക്ക് സച്ചിന് തെണ്ടുല്‍ക്കറുടെ ഒരു റിക്കാര്‍ഡ് മറികടക്കാനാകും.
ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റിക്കാര്‍ഡാണ് കോഹ് ലിക്കു മുന്നിലുള്ളത്. 300 ഇന്നിംഗ്സുകളില്‍നിന്നാണ് സച്ചിന് ഈ നേട്ടം കൈവരിച്ചത്. കോഹ് ലി 239 ഇന്നിംഗ്സില്‍ 11,867 റണ്‍സ് എടുത്തിട്ടുണ്ട്.
പാണ്ഡ്യക്കു പുറമെ ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് (തോളിനേറ്റ പരിക്ക്), ഭുവനേശ്വര്‍ കുമാര്‍ (ഹെര്‍ണിയ ശസ്ത്രക്രിയ) എന്നിവരും തിരിച്ചെത്തുന്നതോടെ കടലാസില്‍ കരുത്താകും.
ദക്ഷിണാഫ്രിക്കയ്ക്ക് ടീമിനെ സ്ഥിരം സാന്നിധ്യങ്ങളായ ക്വിന്റണ്‍ ഡി കോക്, ഫഫ് ഡു പ്ലസി, ഡേവിഡ് മില്ലര്‍ എന്നിവരാണ് ശക്തമാക്കുന്നത്.
പാണ്ഡ്യ, ധവാന്, ഭുവനേശ്വര്‍ എന്നിവര്‍ പ്ലെയിംഗ് ഇലവണില്‍ സ്ഥാനം ഉറപ്പിക്കും. കേദാര്‍ ജാദവിനെ മാറ്റിയതോടെ മനീഷ് പാണ്ഡെ ആറാം നമ്പര്‍ സ്ഥാനത്തെത്തിയേക്കും.
കാല്‍ക്കുഴയ്ക്കേറ്റ പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലുള്ള ഓപ്പണര്‍ രോഹിത് ശര്‍മയ്ക്കു പകരം ധവാനൊപ്പം കെ.എല്‍. രാഹുലോ പൃഥ്വി ഷായോ ഇറങ്ങിയേക്കാം. പരിചയസമ്പന്നനായ ധവാന്റെ തിരിച്ചുവരവ് മുന്‍നിരയെ ശക്തിപ്പെടുത്തും. രോഹിത്തും ധവാനും ന്യൂസിലന്‍ഡിനെതിരേയുള്ള ഏകദിന പരമ്പരയില്‍ ഇല്ലായിരുന്നു.
ഭുവനേശ്വര്‍ തിരിച്ചെത്തുന്നതോടെ ബൗളിംഗില്‍ ഇന്ത്യയുടെ കരുത്ത് ഉയരും. സ്ലോഗ് ഓവറുകളില്‍ ഭുവനേശ്വറിന്റെ പ്രകടനം ഇന്ത്യക്ക് ഗുണകരമാകും. ന്യൂസിലന്‍ഡിനെതിരേയുള്ള രണ്ടാം ടെസ്റ്റിനിടെ തോളിനു പരിക്കേറ്റ മുഹമ്മദ് ഷാമി പരമ്പരയില്‍ ഇല്ല.
പേസിനു കൂടുതല്‍ പിന്തുണ നല്കുന്ന ധര്‍മശാലയില്‍ രവീന്ദ്ര ജഡേജയാകും കളത്തിലിറങ്ങാന്‍ സാധ്യതയുള്ള ഇന്ത്യയുടെ ഏക സ്പിന്നര്‍.
ഓസ്ട്രേലിയയ്ക്കെതിരേ മൂന്ന് ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരേ ഇറങ്ങുന്നത്.
ഫാഫ് ഡു പ്ലസി, റാസി വാന്‍ ഡെര്‍ ഡുസാന്‍ എന്നിവരെ ഓസ്ട്രേലിയയ്ക്കെതിരേ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിച്ചശേഷം ഡു പ്ലസി മികച്ച ഫോമിലല്ല. ഇന്ത്യക്കെതിരേയുള്ള പരമ്പരയിലൂടെ എല്ലാ പോരായ്മകളും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഓസ്ട്രേലിയയ്ക്കെതിരേയുള്ള പരമ്പരയില്‍ ഹെന്റിച്ച് ക്ലാസനും കെയ്ൽ വെറേയെനും നിര്‍ണായ പ്രകടനങ്ങളാണ് നടത്തിയത്. ഇരുവരും ആ ഫോം ഇന്ത്യയിലും തുടര്‍ന്നേക്കാം. ടെംബാ ബാവുമയും ടീമില്‍ തിരിച്ചെത്തി. ദക്ഷിണാഫ്രിക്കന്‍ സംഘത്തിലെ 16-ാമത്തെ അംഗമെന്ന നിലയില്‍ ജേനെമന് മലനും ടീമിലുണ്ട്.
മലന്റെ ആദ്യ ഇന്ത്യന്‍ പര്യടനമാണ്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള രണ്ടാം ഏകദിനത്തിലെ സെഞ്ചുറിയാണ് മലനെ ഇന്ത്യക്കെതിരേയുള്ള ടീമിലെത്തിച്ചത്.
ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഏകദിനത്തിനായി ധര്‍മശാലയില്‍ ഇറങ്ങുന്നത്. ഇന്ത്യ ഇവിടെ നാല് ഏകദിനങ്ങളില്‍ കളിച്ചപ്പോള്‍ രണ്ടു ജയിച്ചപ്പോള്‍ രണ്ടു തോല്‍വിയും നേരിട്ടു. ധര്‍മശാലയില്‍ നാലു മത്സരങ്ങളില്‍ രണ്ടാമതു ബാറ്റ് ചെയ്തവരാണ് മൂന്നു പ്രാവശ്യം ജയിച്ചത്.