ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ വേഗമേറിയ പിച്ചുകളിലൊന്നായ വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ആരംഭിക്കും. ആദ്യ രണ്ടു ടെസ്റ്റും തോറ്റ ഇന്ത്യ പരമ്പര നഷ്ടമാക്കിക്കഴിഞ്ഞു. ഇനി മൂന്നാം ടെസ്റ്റില്‍ അഭിമാനപോരാട്ടത്തിന് ഇന്ത്യ ഇറങ്ങുകയാണ്. എക്സ്ട്രാ ബാറ്റ്സ്മാനായി അജിങ്ക്യ രഹാനെയെ ആദ്യ പതിനൊന്നിൽ ഉൾപ്പെടു ത്താൻ വിരാട് കോഹ്ലി തയാ റായേക്കും.
ടെസ്റ്റിലെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കുകയാണ് ടീം ലക്ഷ്യമിടുന്നത്. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍മാര്‍ക്കു മുന്നില്‍ കഴിഞ്ഞ രണ്ടു മത്സരത്തിലും ഇന്ത്യയുടെ പേരുകേട്ട ബാറ്റിംഗ് നിര തോറ്റു. നാളെ മത്സരം നടക്കുന്ന വാണ്ടറേഴ്സ് പേസിനെ കൂടുതല്‍ തുണയ്ക്കുന്ന പിച്ചുകളിലൊന്നാണ്. ടീമിലെ ഏക സ്പിന്നര്‍ കേശവ് മഹാരാജിനെ മാറ്റി നിര്‍ത്തി പകരം ടീമില്‍ ഒരു എക്സ്ട്രാ ബാറ്റ്സ്മാനെ ഇറക്കാനും ദക്ഷിണാഫ്രിക്ക തയാറായേക്കും.
എന്തൊക്കെയാണെങ്കിലും വാണ്ടറേഴ്സ് ഇന്ത്യക്ക് സന്തോഷം നല്കിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണ്. 2006 ഡിസംബറില്‍ ഇന്ത്യ ഇവിടെ 123 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ആ വിജയത്തിൽ മലയാളി പേസര്‍ എസ്. ശ്രീശാന്ത് ആദ്യ ഇന്നിംഗ്സില്‍ വീഴ്ത്തിയ അഞ്ചു വിക്കറ്റ് പ്രകടനം നിര്‍ണായകമായിരുന്നു. 2013 ഡിസംബറില്‍ ഇന്ത്യ ഇതേ ഗ്രൗണ്ടില്‍ സമനില നേടിയിരുന്നു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും കഴിഞ്ഞ പരമ്പരകളില്‍ ഇവിടെ വിജയം നേടുകയും ചെയ്തിരുന്നു.
പേസിനെ തുണയ്ക്കുന്ന പിച്ചായതുകൊണ്ട് നാലുപേരുടെ പേസ് നിരയായിക്കും കോഹ്ലി നാളെ ഇറക്കുക. ആര്. അശ്വിനു പകരം എക്സ്ട്രാ ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തിയാല്‍ അജിങ്ക്യ രഹാനെ ആദ്യ ഇലവനില്‍ ഉണ്ടാകും. നെറ്റ്സിലെ പരിശീലനങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിച്ച രഹാനെ നന്നായി ബാറ്റും ചെയ്തിരുന്നു. പേസ് നിരയില്‍ ആരെയൊക്കെ ഇറക്കുന്നമെന്ന കാര്യം ഇന്ത്യ ടീം മാനേജ്മെന്റിനു തലവേദനാകും.
പാര്‍ഥിവിനു പകരം ദിനേശ് കാര്‍ത്തിക്
പാര്‍ഥിവ് പട്ടേലിനു പകരം വിക്കറ്റ്കീപ്പറായി ദിനേശ് കാര്‍ത്തിക് ഇറങ്ങാന്‍ സാധ്യതയുണ്ട്. വളരെ നാളുകള്‍ക്കുശേഷം ടെസ്റ്റില്‍ ഇറങ്ങിയ പട്ടേലിന് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ കാര്യമായൊന്നും ചെയ്യാനായില്ല. വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും താരം മോശമായി. ക്യാച്ചുകള്‍ നഷ്ടമാക്കുകയും ചെയ്തു.