നാഗ്പുര്‍: ഇന്ത്യ- ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നു മുതല്‍. ആദ്യ ടെസ്റ്റില്‍ മഴയാണ് ഇന്ത്യക്കു വിജയം നിഷേധിച്ചത്. ഭൂരിഭാഗവും മഴ കൈയേറിയ മത്സരം ആവേശ സമനിലയാണ് സമ്മാനിച്ചത്. ആദ്യ ടെസ്റ്റിലെ അവസാന ദിനം ബാറ്റിംഗിലും ബൗളിംഗിലും പുറത്തെടുത്ത ആധിപത്യം തുടരാനാണ് ഇന്ത്യ ഇറങ്ങുന്നത്. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ശ്രീലങ്കയ്ക്കു വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
സമനിലയായ മത്സരത്തിലെ അവസാന സെഷനില്‍ ശ്രീലങ്കയുടെ മുന്‍നിരയെയും മധ്യനിരയെയും തകര്‍ത്ത ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മാനസികമായി മുന്‍തൂക്കമുണ്ട്. പിച്ചില്‍ പച്ചപ്പ് നില നിര്‍ത്തുന്നത് ഇന്ത്യന്‍ ടീമിനു ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള തയാറെടുപ്പിനാണെന്നാണ് സൂചനകള്‍. പച്ചപ്പ് നിറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി തൃപ്തിയറിച്ചു. കുറഞ്ഞത് ആദ്യ രണ്ടു ദിവസങ്ങളിലും ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പിച്ച് ഗുണം ചെയ്യുമെന്ന് നായകന് അഭിപ്രായപ്പെട്ടു.
ആദ്യ ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകും. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്ന് ഓപ്പണര്‍ ശിഖര്‍ ധവാനെയും വിവാഹത്തെത്തുടർന്ന് ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറിനെയും ടീമില്‍ നിന്ന് ഒഴിവാക്കി. ധവാനു പകരം മുരളി വിജയ് കെ.എല്‍. രാഹുലിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഭുവനേശ്വര്‍ കുമാറിനു പകരം ഇഷാന്ത് ശര്‍മയോ പുതുമുഖ മീഡിയം പേസര്‍ വിജയ് ശങ്കറോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കാം.
മൂന്നാം ടെസ്റ്റില്‍ ധവാന് തിരിച്ചുവരും. എന്നാല്‍ ഭുവനേശ്വര്‍ മൂന്നാമത്തെ ടെസ്റ്റില്‍ ഉണ്ടാകില്ല. ഇന്ത്യ രണ്ടു സ്പിന്നര്‍മാരെ ഇറക്കുമോയെന്ന കാര്യം സംശയമാണ്. വ്യത്യസ്തയാണ് കോഹ് ലി ആഗ്രഹിക്കുന്നതെങ്കില്‍ കുല്‍ദീപ് യാദവ് ആദ്യ ഇലവനിലെത്തും. രവീന്ദ്ര ജഡേജ പുറത്തിരിക്കേണ്ടിവരും. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ പുതുമുഖം വിജയ് ശങ്കറെ ഉള്‍പ്പെടുത്തിയേക്കാം. ബാറ്റിംഗിലും തിളങ്ങാന്‍ കഴിവുള്ളതാരമാണ് ശങ്കര്‍. ബാറ്റിംഗില്‍ കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പൂജാര, നായകന് കോഹ്ലി എന്നിവര്‍ ഫോമിലാണ്. അജിങ്ക്യ രഹാനെയുടെ ഫോമിലാണ് ആശങ്ക.
ആദ്യ ടെസ്റ്റ് നഷ്ടപ്പെടാത്തതിന്റെ സന്തോഷത്തിലാണ് ശ്രീലങ്ക. കോല്‍ക്കത്ത ടെസ്റ്റിന്റെ ആദ്യ നാലു ദിവസവും ശ്രീലങ്കയ്ക്കു മേധാവിത്വം നേടാനായിരുന്നു. ശ്രീലങ്ക മൂന്നു പേസര്‍മാരെ കളിപ്പിക്കുമെങ്കില്‍ ഇടങ്കയ്യന്‍ പേസര്‍ വിശ്വ ഫെര്‍ണാണ്ടോ നാളെ ഇറങ്ങും.