കൊളംബോ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍നിന്ന് ശ്രീലങ്ക പിന്മാറുന്നതായി സൂചന. ഡല്‍ഹിയിലെ വായു മലിനീകരണവും മൂടല്‍ മഞ്ഞും കളിക്കാര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന വിശദീകരണത്തിലാണ് പിന്മാറുന്നതെന്നാണ് സൂചന.
നേരത്തെ ടെസ്റ്റ് കളിക്കുന്നതിനിടെ ഡല്‍ഹിയിലെ മലിനീകരണ പ്രശ്നങ്ങള്‍ കളിക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. ബാറ്റിംഗ് ഡിക്ലയര്‍ ചെയ്ത നായകന് വിരാട് കോഹ്ലിക്ക് ശ്രീലങ്കന്‍ കളിക്കാര്‍ നന്ദി പറയുക പോലും ചെയ്തിരുന്നു. 26 മിനിറ്റോളം മത്സരം നിര്‍ത്തിവച്ച ശേഷമായിരുന്നു കോഹ്ലി ഇന്ത്യന്‍ ബാറ്റിംഗ് ഡിക്ലയര്‍ ചെയ്തത്.
ഇന്ത്യയില്‍ ഏകദിന പരന്പര കളിക്കുന്നതിനുള്ള ടീം കഴിഞ്ഞ ദിവസം കൊളംബോ വിമാനത്താവളത്തലെത്തിയെങ്കിലും തിരിച്ചുവിളിക്കുകയായിരുന്നു. ശ്രീലങ്കന്‍ കായിക മന്ത്രാലയത്തിന്റെ അനുമതി വാങ്ങാത്തതിനാലായിരുന്നു ഇത്. ശ്രീലങ്കയിലെ നിയമമനുസരിച്ച് ഒരു കായിക ടീം വിദേശത്ത് പര്യടനത്തിനു പോകുമ്പോള്‍ കായികമന്ത്രാലയത്തിന്റെ അനുമതി വാങ്ങണം. അതു ചെയ്യാത്തതില്‍ കായികമന്ത്രാലയം അതൃപ്തി പ്രകടിപ്പിച്ചു. 10 താരങ്ങളായിരുന്നു ഇന്ത്യയിലേക്കുപോരാന് തയാറായി കൊളംബോ വിമാനത്താവളത്തിലെത്തിയത്.
ഇന്ത്യയിലേക്കുള്ള വരവ് റദ്ദാക്കുന്നതിന് ഇതുമൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡല്‍ഹിയിലെ മലിനീകരണ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ടെങ്കിലും ശ്രീലങ്കന്‍ ടീമിന്റെ പിന്മാറ്റത്തിന് പിന്നില്‍ ശ്രീലങ്കന്‍ ടീമിന്റെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന സൂചനയുമുണ്ട്. ഡല്‍ഹിയിലല്ല, ഏകദിന മത്സരങ്ങള്‍ നടക്കുന്നത്.
അതേസമയം, മത്സരത്തില്‍നിന്നു പിന്മാറിയാല് ബിസിസിഐക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നഷ്ടപരിഹാരം നല്‍കേണ്ടിവരും. അക്കാരണത്താല്‍ത്തന്നെ ശ്രീലങ്ക പിന്മാറില്ലെന്നാണ് ബിസിസിഐയുടെ വിശ്വാസം. ഏകദിന പരമ്പരയില്‍ മൂന്നു മത്സരങ്ങളുണ്ട്. അതിന് ശേഷമാണ് ടി20 മത്സരങ്ങള്‍ നടക്കാനിരിക്കുന്നത്.