ന്യൂഡല്‍ഹി: തികഞ്ഞ ആത്മവിശ്വാസത്തോടെ വിരാട് കോഹ്ലിയും കൂട്ടരും മാനസികമായി തകര്‍ന്ന ശ്രീലങ്കയ്ക്കെതിരേ ഇറങ്ങുകയാണ്. ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ഇന്നു തുടക്കമാകും. പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലാണ്. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യ ഫോമിലാണ്. ഓപ്പണിംഗ് ആരെ ഇറക്കുമെന്ന കാര്യത്തില്‍ മാത്രമാണ് കോഹ്ലിക്ക് ആശങ്ക. രണ്ടാം ടെസ്റ്റില്‍നിന്നു വിട്ടുനിന്ന ഓപ്പണിംഗ് ബാറ്റ്സ്മാന് ശിഖര്‍ ധവാന് മൂന്നാം ടെസ്റ്റിനുള്ള ടീമിലുണ്ട്.
ധവാനു പകരം രണ്ടാം ടെസ്റ്റിലുണ്ടായിരുന്ന മുരളി വിജയ് 128 റണ്‍സുമായി മികച്ച പ്രകടനം നടത്തിയിരുന്നു. മൂന്നു ഓപ്പണര്‍മാരില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുന്ന രണ്ടു പേര് ആരെന്ന കാര്യം നായകനു ചെറിയൊരു തലവേദനയാകും. ഇന്ന് നടക്കുന്ന ടെസ്റ്റില്‍നിന്ന് കോഹ് ലി മാറി നില്ക്കാന് സാധ്യതയുണ്ട്.
അങ്ങനെവന്നാല്‍ കെ.എല്‍. രാഹുല്‍ നാലാം സ്ഥാനത്ത് ബാറ്റിംഗിനിറങ്ങും. കോഹ്ലി കളിച്ചാല്‍ മൂന്നു പേരില്‍ ഒരാള്‍ എന്തായാലും പുറത്തിരിക്കേണ്ടിവരും. ഫോമിലല്ലാത്ത അജിങ്ക്യ രഹാനെയെ പുറത്തിരുത്താന്‍ തീരുമാനിച്ചാല്‍ ഈ സ്ഥാനത്ത് ഇവരില്‍ ഒരാളെ ഇറക്കാനാകും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് രഹാനെയ്ക്ക് ഒരവസരം കൂടി നല്‍കാനും ഇന്ത്യന്‍ മാനേജ്മെന്റ് തയാറാകുമെന്നും സൂചനയുണ്ട്. വിദേശത്ത് രഹാനെയുടെ ബാറ്റിംഗ് ഇന്ത്യക്ക് നിര്‍ണായകമാണ്.
ആദ്യ ടെസ്റ്റിൽ മഴ ഇന്ത്യയുടെ വിജയം തടഞ്ഞുനിര്‍ത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ ഇന്നിം ഗ്സിനും 239 റണ്‍സിനും ജയത്തോടെ പരമ്പരയില്‍ മുന്നിലെത്തി. ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യന്‍ ടീം കഴിഞ്ഞ മത്സരങ്ങളില്‍ ഫോമിലായിരുന്നു. അത് ന്യൂഡല്‍ഹിയിലും തുടര്‍ന്ന് മത്സരം നാലു ദിവസത്തിനുള്ളില്‍ തീര്‍ക്കാനാണ് ഇറങ്ങുന്നത്.
ഈ സീസണില്‍ ഇന്ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തോടെ നാട്ടില്‍ ഇന്ത്യയുടെ മത്സരം പൂര്‍ത്തിയാകുകയാണ്. 2018 വെല്ലുവിളികള്‍ നിറഞ്ഞ വര്‍ഷമാണ്. മൂന്നു എവേ ടെസ്റ്റ് മത്സരങ്ങള്‍- ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയോടെ ഇന്ത്യയുടെ പുതിയ ടെസ്റ്റ് സീസണു തുടക്കമാകും. 2018ന്റെ അവസാനത്തോടെ ഇംഗ്ലണ്ടിനെതിരേ അഞ്ചു ടെസ്റ്റ്, ഓസ്ട്രേലിയയ്ക്കെതിരേ നാലു ടെസ്റ്റ് എന്നിവയുമുണ്ട്. ഈ മത്സരങ്ങള്‍ എല്ലാം പൂര്‍ത്തിയാകുമ്പോള്‍ കോഹ് ലിയുടെ സംഘത്തിന്റെ കരുത്തും നായകന്റെ ഗുണവും പാടവവും വ്യക്തമാകും.
രണ്ടാം ടെസ്റ്റില്‍ കോഹ് ലിയുടെ ഇരട്ട സെഞ്ചുറിക്കു പുറമെ വിജയ്, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ആറു വിക്കറ്റിന് 610 റണ്‍സ് എന്ന സ്കോറില്‍ ഡിക്ലയര്‍ ചെയ്തു. ഫിറോസ് ഷാ കോട്ലയിലെ പിച്ച് നാഗപുരിലെ പോലെ ഫ്ളാറ്റ് പിച്ചല്ല. ബൗളിംഗില്‍ സ്പിന്നര്‍മാരായ അശ്വിന്, രവീന്ദ്ര ജഡേജ, പേസര്‍മാരായ ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ തിളങ്ങിയേക്കും.
ടെസ്റ്റില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യക്കെതിരേ മൂന്നാം ടെസ്റ്റിലും വെല്ലുവിളി ഉയര്‍ത്താന്‍ ശ്രീലങ്കയ്ക്കാകില്ലെന്നാണ് കരുതുന്നത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ഇന്ത്യക്കാണെങ്കില്‍ ഒരു പരിശീലനമാകുകയും ചെയ്യും.
ശ്രീലങ്കയുടെ വെറ്ററന്‍ സ്പിന്നര്‍ രംഗണ ഹെറാത്ത് പരിക്കേറ്റ് നാട്ടിലേക്കു തിരിച്ചത് ടീമിനു തിരിച്ചടിയായി. എയ്ഞ്ചലോ മാത്യൂസ് ഫോമിലല്ല. ദിനേശ് ചാണ്ഡിമല്‍, ദിമുത് കരുണരത്നെ എന്നിവര്‍ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.