കൊളംബൊ: ട്വന്റി-20യുടെ ആവേശത്തിരയിളക്കം കണ്ട ഏകദിനപോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയം. പരാജയം ഉറ്റുനോക്കിയ ഇന്ത്യയെ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എട്ടാം നന്പറായി ക്രീസിലെത്തിയ ദീപക് ചാഹർ.
82 പന്തിൽ ഒരു സിക്സും ഏഴ് ഫോറും അടക്കം 69 റൺസുമായി പുറത്താകാതെനിന്ന ചാഹറിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ഏകദിനത്തിൽ ജയമാഘോഷിച്ചു. 19 റൺസുമായി ഭൂവനേസ്വർ കുമാർ ചാഹറിന് അടിയുറച്ച പിന്തുണ നൽകി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 193 എന്ന നിലയിൽനിന്നാണ് ഇരുവരും ചേർന്ന് ഇന്ത്യയെ ആവേശോജ്വല ജയത്തിലേക്ക് നയിച്ചത്.
സ്കോർ: ശ്രീലങ്ക 50 ഓവറിൽ 275/9. ഇന്ത്യ 49.1 ഓവറിൽ 277/7. സൂര്യകുമാർ യാദവ് (44 പന്തിൽ 53), കൃണാൽ പാണ്ഡ്യ (54 പന്തിൽ 35), മനീഷ് പാണ്ഡെ (31 പന്തിൽ 37), ശിഖർ ധവാൻ (38 പന്തിൽ 29) എന്നിവരും ണ് ഇന്ത്യക്കായി പൊരുതി.
അസലങ്ക, ഫെർണാണ്ടോ അർധസെഞ്ചുറി നേടിയ ചരിത് അസലങ്കയുടെയും (68 പന്തിൽ 65) ഓപ്പണർ ആവിഷ്ക ഫെർണാണ്ടോയുടെയും (71 പന്തിൽ 50) മികവിലാണ് ലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. അവസാന ഓവറുകളിൽ അടിച്ചുതകർത്ത ചമിക കരുണരത്നെ (33 പന്തിൽ 44 നോട്ടൗട്ട്) ഇന്ത്യക്കു മുന്നിൽ 276 റണ്‍സ് എന്ന ലക്ഷ്യം പടുത്തുയർത്താൻ ലങ്കയെ സഹായിച്ചു.
രണ്ടാം ഓവറിൽ ഓപ്പണർ മിനോദ് ഭനുകയെ പുറത്താക്കാനുള്ള അവസരം ഇന്ത്യക്കു ലഭിച്ചു. ദീപക് ചഹാർ എറിഞ്ഞ രണ്ടാം ഓവറിന്റെ അവസാന പന്തിൽ മനീഷ് പാണ്ഡെ വിട്ടുകളഞ്ഞു. ആക്രമിച്ചു കയറിയ ഇരുവരും ചേർന്ന് ലങ്കയുടെ സ്കോർ 7.4 ഓവറിൽ 50ൽ എത്തിച്ചു.
കരുണരത്നെ അവസാനം നേരിട്ട 10 പന്തിൽ 26 റണ്‍സ് അടിച്ചുകൂട്ടിയത് ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചു. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, യുസ്വേന്ദ്ര ചാഹൽ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹർ രണ്ട് വിക്കറ്റ് സ്വന്തമാക്കി.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അനുകൂലമായില്ല. മൂന്നാം ഓവറിന്റെ അവസാന പന്തിൽ ഓപ്പണർ പൃഥ്വി ഷാ (11 പന്തിൽ 13) ബൗൾഡാക്കി. 3.5 ഓവറിൽ 28 റണ്‍സ് അടിച്ചുകൂട്ടിയ ഇന്ത്യൻ ഓപ്പണിംഗ് സഖ്യത്തിന് അതോടെ വിരാമം.
ആദ്യ ഏകദിനത്തിൽ അർധസെഞ്ചുറി നേടിയ ഇഷാൻ കിഷന്റെ ഊഴമായിരുന്നു അടുത്തത്. നാല് പന്തിൽ ഒരു റണ്ണുമായി കിഷാനും ബൗൾഡ്. സ്കോർ 115ൽ നിൽക്കുന്പോൾ മനീഷ് പാണ്ഡെ റണ്ണൗട്ട്. തൊട്ടുപിന്നാലെ വെടിക്കെട്ടുകാരൻ ഹാർദിക് പാണ്ഡ്യ (0) പുറത്ത്, 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 116, ഇന്ത്യ പരുങ്ങലിൽ.