ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിക്ക് ആറാം സീസണില്‍ ആദ്യ പോയിന്റ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചാണ് ചെന്നൈയിന് ആദ്യ പോയിന്റ് നേടിയത്.
ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ എവേ മത്സരത്തില്‍ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തിയ മുംബൈയ്ക്ക് ഈ മികവ് ചെന്നൈയിന് എതിരേ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഗോവയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ എഫ്സി ഗോവയോട് എതിരില്ലാത്ത മൂന്ന് ഗോളിനു പരാജയപ്പെട്ട ചെന്നൈയിനു സ്വന്തം ഗ്രൗണ്ടില്‍ വിജയം നേടാനായില്ല.
മത്സരത്തില്‍ ഇരുടീമിനും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതെല്ലാം നഷ്ടമാക്കിയാണ് സമനില വഴങ്ങിയത്. അര ഡസനോളം അവസരങ്ങളെങ്കിലും ഇരു ടീമുകള്‍ക്കും ലഭച്ചിട്ടുണ്ട്. മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.
ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല. ഗോള്‍ വലയ്ക്കു മുന്നില്‍ മിന്നുന്ന പ്രകടനം നടത്തിയ അമരീന്ദര്‍ സിംഗിന്റെ പ്രകടനമാണ് മുംബൈയ്ക്കു രക്ഷയായത്. ഗോളെന്നുറച്ച് നാല് മികച്ച അവസരങ്ങളാണ് അമരീന്ദറിന്റെ മികവിനു മുന്നില്‍ മടങ്ങിയത്. ചെന്നൈയിന് മുന്‍നിരയിലെ ജെജെ ലാല്പെകുലയുടെ പരിക്ക് അവരുടെ മുന്നേറ്റങ്ങളെ ബാധിച്ചു. ചെന്നൈയിനു ലഭിച്ച അവസരങ്ങള്‍ ആന്ദ്രെ ഷെംബ്രിക്കും റാഫേല്‍ ക്രിവെല്ലാരോയ്ക്കും ലാല്യാന്സ്വാല ചാങ്തെയ്ക്കും മുതലാക്കാന്‍ കഴിഞ്ഞില്ല.
മറുഭാഗത്ത് മുംബൈയ്ക്കും ലഭിച്ചു മികച്ച ഒരുപിടി അവസരങ്ങള്‍. മുംബൈ നിരയില്‍ ടുണീഷ്യന്‍ താരം അമിനെ ചെര്മിറ്റിക്കായിരുന്നു അവസരങ്ങള്‍ ഏറെയും ലഭിച്ചത്. എന്നാല്‍, ഒന്നും ഗോളിലേക്ക് വഴിതിരിച്ചുവിടാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ സെര്‍ജി കെവിനും കിട്ടി മികച്ച അവസരങ്ങള്‍. ഇതും പാഴാക്കി.നാലു പോയിന്റുമായി മുംബൈ രണ്ടാമതും ഒരു പോയിന്റുമായി ചെന്നൈയിന് എട്ടാം സ്ഥാനത്തുമാണ്.