ജമ്മു കാഷ്മീരിനെക്കുറിച്ച് ഇനി പാക്കിസ്ഥാനുമായി ചര്ച്ച ചെയ്യാനില്ലെന്നും ഇനി ചര്ച്ച പാക് അധീന കാഷ്മീരിനെക്കുറിച്ചു മാത്രമെന്നും ഇന്ത്യ നിലപാടെടുത്തതോടെ വെട്ടിലായി പാക്കിസ്ഥാന്. ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ പാക് പിന്തുണയോടെ കാഷ്മീരില് ചിലയിടങ്ങളില് കല്ലേറുണ്ടായതായി റിപ്പോര്ട്ടുകള് വന്നിരുന്നു. കാഷ്മീരില്നിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകള് വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു. അതിനിടെ പാക് അധിനിവേശ കാഷ്മീരിലേക്ക് ഇന്ത്യന് സൈന്യം അക്രമം നടത്തിയെന്നും റിപ്പോര്ട്ടുകളുണ്ട്. രണ്ട് പേര് ഇന്ത്യന് വെടിവയ്പ്പില് കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു.
ഇന്ത്യയില് പ്രശ്നങ്ങളുണ്ടാക്കാന് പാക്കിസ്ഥാന് ശ്രമിക്കുന്നുണ്ട്. കാഷ്മീരില് കേന്ദ്ര ഭരണം ഏര്പ്പെടുത്തിയതോടെ പ്രകോപനവുമായി പാക്കിസ്ഥാന് രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര സമ്മര്ദ്ദത്തിനും ശ്രമിച്ചു. എന്നാല് കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് അമേരിക്കയും റഷ്യയും അറബ് രാജ്യങ്ങളും സ്വീകരിച്ചത്. ഇതോടെയാണ് വീണ്ടും പാക് പിന്തുണയുള്ളവര് കാഷ്മീരില് സജീവമായത്. നിയമങ്ങളില് ഇളവ് വരുത്തിയത് ഇവര് അനുകൂലമാക്കാന് ശ്രമിച്ചു. ഇതോടെയാണ് വീണ്ടും കാഷ്മീരില് പ്രതിഷേധം തുടങ്ങിയത്.
ഇതിനെ കര്ശനമായി തന്നെ ഇന്ത്യന് സേന നേരിട്ടു. മുഹമ്മദ് സിദ്ദിഖ് ദലാല് (78), സമീര് ഹുസൈന് ഖുദ്രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ശ്രീനഗറില് കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവര്ക്കു പരുക്കേറ്റതെന്നാണ് റിപ്പോര്ട്ടുകള്. പ്രതിഷേധിക്കാന് ഇറങ്ങിയ 4000 പേരെ സേന അറസ്റ്റ ്ചെയ്തതായാണ് റിപ്പോര്ട്ട്. നിര്ത്തിവച്ച ഇന്റര്നെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗീകമായി ആരംഭിച്ചിരുന്നെങ്കിലും ആക്രമ സംഭവങ്ങളെത്തുടര്ന്ന് വീണ്ടും നിര്ത്തി.
വാട്സാപ്പിലൂടെയാണ് അക്രമത്തിന് കാഷ്മീരില് ആളെ കൂട്ടുന്നത്. ഇത് കാരണമാണ് ഇന്ര്നെറ്റ് സേവനങ്ങള് നിര്ത്തി വയ്ക്കേണ്ടി വന്നത്. അക്രമങ്ങള്ക്ക് പാക് അനുകൂലികളായ ന്യൂനപക്ഷം ശ്രമിക്കുന്നതിനാല് വീണ്ടും നിയന്ത്രണങ്ങള് കൊണ്ടു വന്നു. പാക് അധിനിവേശ കാഷ്മീരില് നിന്ന് നുഴഞ്ഞു കയറ്റത്തിനും ശ്രമമുണ്ടായി. ഇതിനേയും സൈന്യം തകര്ത്തു. കനത്ത ജാഗ്രതയാണ് ഏവിടേയും പുലര്ത്തുന്നത്. കശ്മീര് താഴ്വരയിലെ 190 സ്കൂളുകള് ഇന്നലെ തുറന്നെങ്കിലും അധികം വിദ്യാര്ത്ഥികളെത്തിയില്ല. പലയിടത്തും അദ്ധ്യാപകര് എത്തി. ശ്രീനഗറിലും താഴ്വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങള് അടഞ്ഞു കിടന്നു. അപൂര്വം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്.
അതിര്ത്തി ജില്ലകളിലെ സ്കൂളുകളുടെ പ്രവര്ത്തനം പൂര്ണമായിരുന്നുവെന്ന് അധികൃതര് പറഞ്ഞു. കോളജുകളും ഹയര് സെക്കന്ഡറി സ്കൂളുകളും പ്രവര്ത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണര് ഐജാസ് ആസാദ് പറഞ്ഞു. ഇന്റര്നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല് ജിഎസ്ടി റിട്ടേണുകള് നല്കാനുള്ള സമയം കശ്മീരില് നീട്ടണമെന്ന് വ്യാപാരികള് ആവശ്യപ്പെട്ടു. ഇതിനിടെ കാഷ്മീരിലെ സ്ഥിതിഗതികള് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് അഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു. കാഷ്മീര് പൊലീസ്, സിആര്പിഎഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവല് ആശയവിനിമയം നടത്തിയിരുന്നു.
അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപുമായി ഫോണില് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്. മേഖലയിലെ ചില നേതാക്കള് നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള് സമാധാനം നിലനിര്ത്തുന്നതിന് ചേര്ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കാഷ്മീര് വിഷയത്തില് പാക് നേതാക്കള് നടത്തിയ പരാമര്ശങ്ങള് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള് ചര്ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.