രാജ്കോട്ട്: രാജ്കോട്ടിൽ ഇന്ത്യൻ രാജ്. മികച്ച ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ റിക്കാർഡ് ജയം സ്വന്തമാക്കി.
നാലാംദിനം മൂന്നാം സെഷനിൽ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ കുറിച്ചത് 434 റണ്‍സിന്റെ കൂറ്റൻ ജയം. റണ്‍ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ 445, 430/4 ഡിക്ലയേഡ്. ഇംഗ്ലണ്ട് 319, 122. ആദ്യ ഇന്നിംഗ്സിൽ 112 റണ്‍സും രണ്ട് വിക്കറ്റും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്.
ജയ് ജയ് ജയ്സ്വാൾ
മൂന്നാംദിനം സെഞ്ചുറി തികച്ചതിന്റെ പിന്നാലെ പുറംവേദനയെത്തുടർന്ന് ക്രീസ് വിട്ട യശസ്വി ജയ്സ്വാൾ ഇന്നലെ മൈതാനത്ത് തിരിച്ചെത്തി. 151 പന്തിൽ 91 റണ്‍സ് നേടിയ ശുഭ്മാൻ ഗിൽ റണ്ണൗട്ടായതോടെയായിരുന്നു അത്. തുടർന്ന് നൈറ്റ് വാച്ചറായെത്തിയ കുൽദീപ് യാദവും (91 പന്തിൽ ഒരു സിക്സും മൂന്ന് ഫോറും ഉൾപ്പെടെ 27) മടങ്ങി. അതോടെ ജഡേജയ്ക്ക് മുന്‍പേ സർഫറാസ് ഖാൻ ക്രീസിൽ. നാല് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിൽ ക്രീസിലൊന്നിച്ച ജയ്സ്വാൾ – സർഫറാസ് സഖ്യം അഞ്ചാം വിക്കറ്റിൽ അഭേദ്യമായ 172 റണ്‍സ് കൂട്ടുകെട്ട് സ്ഥാപിച്ചു. 158 പന്തിലായിരുന്നു ഇവർ 172 റണ്‍സ് അടിച്ചെടുത്തത്.
നേരിട്ട 192-ാം പന്തിൽ 150ഉം 231-ാം പന്തിൽ 200ഉം ജയ്സ്വാൾ നേടി. ഈ പരന്പരയിൽ ജയ്സ്വാളിന്റെ രണ്ടാം ഇരട്ടശതകമാണ്. 236 പന്തിൽ 214 റണ്‍സുമായി ജയ്സ്വാളും 72 പന്തിൽ 68 റണ്‍സുമായി സർഫറാസ് ഖാനും പുറത്താകാതെനിന്നു. 12 സിക്സും 14 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
ഗാംഗുലിയെ മറികടന്ന് ജയ്സ്വാൾ
ഒരു ടെസ്റ്റ് പരന്പരയിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന ഇടംകൈയൻ ബാറ്റർ എന്ന റിക്കാർഡിൽ മുൻതാരം സൗരവ് ഗാംഗുലിയെ ജയ്്സ്വാൾ പിന്തള്ളി. ഇംഗ്ലണ്ടിനെതിരേ നടക്കുന്ന പരന്പരയിൽ ജയ്സ്വാളിന്റെ ഇതുവരെയുള്ള റണ്‍സ് 545ആണ്. 80, 15, 209, 17, 10, 214* എന്നതാണ് ജയ്സ്വാളിന്റെ ഈ പരന്പരയിലെ സ്കോർ. 2007-08ൽ പാക്കിസ്ഥാനെതിരേ ഗാംഗുലി 534 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
എട്ടാം ടെസ്റ്റ് മാത്രം കളിച്ച ജയ്സ്വാൾ രണ്ട് ഡബിൾ സെഞ്ചുറി അടക്കം 861 റണ്‍സ് ഇതിനോടകം തികച്ചു. മൂന്ന് സെഞ്ചുറി നേടിയതിൽ ഒരെണ്ണംപോലും 150ൽ താഴെയില്ലെന്നതും ശ്രദ്ധേയം.
അരങ്ങേറ്റത്തിൽ സർഫറാസ്
അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സിലും അർധസെഞ്ചുറി നേടി സർഫറാസ് ഖാൻ. ഇന്ത്യൻ മധ്യനിരയുടെ വിശ്വസ്തനാണെന്നും ടീമിൽ തനിക്ക് സ്ഥാനം നൽകണമെന്നും പ്രസ്താവിക്കുന്നതായിരുന്നു സർഫറാസിന്റെ ഇന്നിംഗ്സ്. 72 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും അടക്കം 68 റണ്‍സുമായി സർഫറാസ് പുറത്താകാതെനിന്നു. ആദ്യ ഇന്നിംഗ്സിൽ 62 റണ്‍സ് നേടി.
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും 50+ സ്കോർ നേടുന്ന നാലാമത് ബാറ്ററാണ് സർഫറാസ്. സുനിൽ ഗാവസ്കർ, ദിലാവർ ഹുസൈൻ, ശ്രേയസ് അയ്യർ എന്നിവരാണ് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്.
കറക്കി വീഴ്ത്തി
557 റണ്‍സ് എന്ന പടുകൂറ്റൻ ലക്ഷ്യത്തിനായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയത്. ഏഴാം ഓവറിന്റെ ആദ്യപന്തിൽ ബെൻ ഡക്കറ്റിനെ (4) ഉജ്വല സ്റ്റംപിംഗിലൂടെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറെൽ പുറത്താക്കി. മുഹമ്മദ് സിറാജിന്റെ ത്രോയിലായിരുന്നു അത്. തൊട്ടുപിന്നാലെ സാക് ക്രൗളിയെ (11) ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി.
തുടർന്ന് ഇന്ത്യൻ സ്പിന്നർമാർ രംഗം ഏറ്റെടുത്തു. 12.4 ഓവറിൽ 41 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ അഞ്ചും എട്ട് ഓവറിൽ 19 റണ്‍സ് വഴങ്ങി കുൽദീപ് യാദവ് രണ്ടും ആറ് ഓവറിൽ 19 റണ്‍സ് വഴങ്ങി ആർ. അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കിയതോടെ ഇംഗ്ലണ്ട് 39.4 ഓവറിൽ 122നു പുറത്ത്.