കേപ്ടൗൺ: അങ്ങനെ പേടിച്ചതുപോലെ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ആദ്യ ടെസ്റ്റിൽ ഇന്ത്യ പാട്ടുംപാടി തോറ്റു. ചെറുതായി വാലറ്റം പൊരുതിയെങ്കിലും നല്ലൊന്നാന്തരമായി തന്നെ. പ്രതീക്ഷിച്ചതിനപ്പുറം സംഭവിച്ചില്ല. അപ്രതീക്ഷിതമായൊന്നും ചെയ്യാനായില്ലെന്നു പറയുന്നതാകും ശരി. ഇപ്പോൾ വിരാട് കോഹ്ലിക്കും സംഘത്തിനും മനസിലായിട്ടുണ്ടാകും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന്. ബാറ്റിംഗിലും ബൗളിംഗിലും ഫഫ് ഡുപ്ലിസിക്കും സംഘത്തിനും പിന്നിലായിരുന്നെങ്കിലും ഹർദിക് പാണ്ഡ്യയുടെ ബാറ്റിംഗും ബൗളർമാരുടെ പോരാട്ടവീര്യവും ഇന്ത്യൻ ക്യാന്പിന് ആശ്വാസം പകരുന്നു. സെഞ്ചുറിയനിലെ കുറേക്കൂടി ഇന്ത്യൻ ശൈലിയിലുള്ള പിച്ചിൽ തിരിച്ചടിക്കാമെന്ന് രവി ശാസ്ത്രിയും സംഘവും കണക്കുകൂട്ടുന്നു.
ഈ ഇന്ത്യൻ ടീമിൽ എത്രപേർ നല്ല പേസ് പിച്ചിൽ കളിക്കും. രവി ശാസ്ത്രിയോടാണു ചോദ്യമെങ്കിൽ ഇന്ത്യൻ പിച്ചിലെ പുലികളെപ്പറ്റി വാതോരാതെ വർണിക്കും. എന്നാൽ നിഷ്പക്ഷനായ ഒരു ക്രിക്കറ്റ് പ്രേമിയും പറയില്ല, വിദേശത്തു കളിക്കാൻ പറ്റിയ മികച്ച ബാറ്റിംഗ് നിരയാണ് ഇതെന്ന്. ശിഖർ ധവാനും മുരളി വിജയും മികവുള്ളവർ തന്നെ; പക്ഷേ ഉപഭൂഖണ്ഡത്തിലെ അരയ്ക്കൊപ്പം പോലും പന്തുയരാത്ത പിച്ചുകളിലാണെന്ന് മാത്രം.
കേപ്ടൗണിൽ ആദ്യടെസ്റ്റിൽ ഇന്ത്യ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം അജിങ്ക്യ രഹാനെയെ പുറത്തിരുത്തിയതാണ്. ടീമിലുള്ളവരിൽ പുറംദേശത്ത് നല്ല റിക്കാർഡുള്ള അപൂർവം കളിക്കാരനാണ് രഹാനെ. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ആ ബാറ്റ് ശബ്ദിക്കുന്നത് നാം ഒരുപാടുതവണ കണ്ടിട്ടുണ്ട്. എന്നിട്ടും രഹാനെയെ വെള്ളക്കുപ്പി ചുമക്കാൻ മാത്രമായി കേപ്ടൗണിലേക്ക് കൊണ്ടുപോയി. പകരമെത്തിയ രോഹിത് ശർമയാകട്ടെ സന്പൂർണ പരാജയവുമായി. രഹാനെയായിരുന്നു പകരക്കാരനെങ്കിൽ അന്തിമഫലത്തിൽ തന്നെ മാറ്റമുണ്ടായേനെ.
ന്യൂലാൻഡ്സിൽ സ്ലിപ്പിൽ ഇന്ത്യ കൈവിട്ട ക്യാച്ചുകളും ഒരുപരിധിവരെ തോൽവിയിൽ സുപ്രധാന പങ്കുവഹിച്ചു. ആദ്യ ഇന്നിംഗ്സിൽ എ.ബി. ഡിവില്യേഴ്സ് നല്കിയ നിർണായക അവസരം ധവാൻ കൈവിട്ടതടക്കം അരഡസനിലേറെ ക്യാച്ചുകൾ ഇന്ത്യ നിലത്തിട്ടു. അന്തിമവിലയിരുത്തലിൽ ഈ തോൽവിയിലേക്കുള്ള ദൂരം കൈവിട്ട ക്യാച്ചുകളാണെന്ന് പറയാം.
രണ്ടു ടീമുകളുടെയും സമീപനമാണ് ആദ്യടെസ്റ്റിനെ വ്യത്യസ്തമാക്കിയത്. പ്ലാൻ എയിൽ മാത്രമൂന്നിയാണ് ഇന്ത്യ കളിച്ചത്. ദക്ഷിണാഫ്രിക്കയാകട്ടെ പ്ലാൻ എ തകർന്നപ്പോൾ പ്ലാൻ ബി നടപ്പിലാക്കുകയും ചെയ്തു. ആദ്യ ഇന്നിംഗ്സിലെ അപ്രതീക്ഷിത തകർച്ചതന്നെ ഉദാഹരണം. മൂന്നിന് 17 റണ്സെന്ന നിലയിൽ തകർന്നപ്പോൾ കൗണ്ടർ അറ്റാക്ക് നടത്തുകയെന്ന തന്ത്രമാണ് ആതിഥേയർ പരീക്ഷിച്ചത്. ഡിവില്യേഴ്സിന്റെ കൂറ്റനടികളും ഫഫ് ഡുപ്ലിസിയുടെ അവസരോചിത പിന്തുണയും ചേർന്നപ്പോൾ തന്ത്രം വിജയിക്കുകയും ചെയ്തു. ബൗളിംഗിലും അവർക്ക് വ്യക്തമായ ഗെയിംപ്ലാനുണ്ടായിരുന്നു.
വിരാടിനെ അധികം ക്രീസിൽ നിർത്തിയാൽ കളി കൈവിട്ടു പോകുമെന്ന് ആഫ്രിക്കക്കാർക്ക് അറിയാമായിരുന്നു. ഓണ്സൈഡിൽ പാഡുകൾക്ക് നേരെ ഗുഡ് ലെംഗ്ത് പന്തുകളെറിഞ്ഞ് അവർ വിരാടിന്റെ ദൗർബല്യം മുതലെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ ക്യാപ്റ്റൻ പുറത്തായതുതന്നെ ദക്ഷിണാഫ്രിക്കൻ സമീപനം വ്യക്തമാക്കും. എന്തായാലും അടുത്ത ടെസ്റ്റിന് മുന്പ് ബാറ്റിംഗ് ലൈനപ്പിലെ വിള്ളലുകൾ പരിഹരിക്കേണ്ടതുണ്ട്. ഒത്തുപിടിച്ചാൽ സെഞ്ചൂറിയനിൽ തിരിച്ചുവരാം.
എൻഗിഡിയും ഒലിവറും ടീമിൽ
സെഞ്ചൂറിയൻ: രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ ഫാസ്റ്റ് ബൗളർമാരായ ഡുവാനെ ഒലിവറും ലൂംഗി എൻഗിഡിയും സ്ഥാനംപിടിച്ചു. പരിക്കേറ്റ ഡെയ്ൽ സ്റ്റെയ്ൻ പരന്പരയിൽ ഇനി കളിക്കില്ല. ടീമിൽ മറ്റു മാറ്റങ്ങളില്ല. 21കാരനായ എൻഗിഡി കഗിസോ റബാഡയ്ക്കുശേഷം ദക്ഷിണാഫ്രിക്ക കണ്ടെത്തിയ മറ്റൊരു എക്സ്പ്രസ് ബൗളറാണ്. സ്ഥിരമായി 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയാൻ കഴിവുള്ള താരമാണ്.