ജൊഹാന്നസ്ബർഗ്: ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒന്നുപോലെ ആക്രമിച്ചു കയറിയ ഇന്ത്യക്കു മുന്നിൽ ദക്ഷിണാഫ്രിക്ക വീണ്ടും മുട്ടുമടക്കി. മൂന്ന് മത്സര ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 28 റണ്‍സിന്റെ ഉജ്വല ജയം.
ശിഖർ ധവാന്റെ (39 പന്തിൽ 72 റണ്‍സ്) ഇന്നിംഗ്സും ഭുവനേശ്വർ കുമാറിന്റെ (നാല് ഓവറിൽ 24 റണ്‍സിന് അഞ്ച് വിക്കറ്റ്) ബൗളിംഗും ചേർന്നതോടെ ആതിഥേയർ ചിത്രത്തിൽപോലും ഇല്ലാതായി. ഓപ്പണർ റീസ ഹെൻഡ്രിക്കസ് (50 പന്തിൽ 70) മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പൊരുതി നിന്നത്. സ്കോർ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 203. ദക്ഷിണാഫ്രിക്ക 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 175. ഭുവനേശ്വറാണ് മാൻ ഓഫ് ദ മാച്ച്.
കൂറ്റനടിയുമായി ഇന്ത്യ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാണ്ടറേർസിൽ അവസാനം നടന്ന നാല് ട്വന്റി-20യിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത് എന്ന ചരിത്ര സ്മരണയിലാണ് ഡുമിനി ഇന്ത്യയെ ബാറ്റിംഗിന് അയച്ചത്. എന്നാൽ, കൂറ്റനടികളുമായി ഇന്ത്യ ആതിഥേയരുടെ സ്വപ്നം തകർത്ത് കളംനിറഞ്ഞു. പീറ്റേഴ്സണ് എറിഞ്ഞ ആദ്യ ഓവറിൽ രണ്ടു സിക്സറും ഒരു ഫോറും രോഹിത് ശർമയുടെ ബാറ്റിൽനിന്ന് പിറന്നു.
ആദ്യ ഓവർ അവസാനിച്ചപ്പോൾ ഇന്ത്യൻ അക്കൗണ്ടിൽ 18 റണ്‍സ്! എന്നാൽ രണ്ടാം ഓവറിൽ ഇന്ത്യക്ക് പ്രഹരമേറ്റു. ജൂണിയർ ഡാലയുടെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ ക്ലാസനു ക്യാച്ച് നൽകി രോഹിത് മടങ്ങി. തുടർന്നെത്തിയ സുരേഷ് റെയ്ന ഒരു സിക്സറും രണ്ടു ഫോറും അടക്കം ഏഴ് പന്തിൽ 15 റണ്‍സ് എടുത്ത് മടങ്ങി. ഡാല റിട്ടേണ്‍ ക്യാച്ചിലൂടെയാണ് റെയ്നയ്ക്ക് പവലിയനിലേക്കുള്ള വഴികാണിച്ചത്. അഞ്ച് ഓവർ പൂർത്തിയാകുന്പോൾ ഇന്ത്യൻ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 60ൽ എത്തിയിരുന്നു.
ശിഖർ ധവാനും ക്യാപ്റ്റൻ വിരാട് കോഹ്ലിയും ചേർന്നു സ്കോർ 100 കടത്തി. പത്താം ഓവറിൽ വിരാട് കോഹ്ലി ഷംസിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി പുറത്ത്. കോഹ്ലി റിവ്യൂവിനു നല്‍കിയെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല. 20 പന്തിൽ 26 റണ്‍സുമായി ക്യാപ്റ്റൻ മടങ്ങി.
നേരിട്ട 27-ാം പന്തിൽ ധവാൻ അർധസെഞ്ചുറി പൂർത്തിയാക്കി. ഷംസിയുടെ പന്ത് ഡീപ്പ് മിഡ് വിക്കറ്റിലൂടെ വേലിക്കെട്ട് കടത്തിയാണ് ധവാൻ 47ൽനിന്ന് 51ലേക്ക് കുതിച്ചത്. എന്നാൽ, 14.4-ാം പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ധവാൻ പുറത്ത്. പെഹ്ലുക്വായോയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ധവാൻ മടങ്ങി.
39 പന്തിൽ പത്ത് ഫോറും രണ്ട് സിക്സും അടക്കം 72 റണ്‍സ് എടുത്തായിരുന്നു ധവാന്റെ മടക്കം. ട്വന്റി-20 കരിയറിൽ ധവാന്റെ നാലാം അർധ സെഞ്ചുറിയാണിത്. ഇന്ത്യൻ നിരയിൽ മനീഷ് പാണ്ഡെ (27 പന്തിൽ 29), ഹാർദിക് പാണ്ഡ്യ (ഏഴു പന്തിൽ 13) എന്നിവർ പുറത്താകാതെ നിന്നു. എം.എസ്. ധോണി 11 പന്തിൽ 16 റണ്‍സ് നേടി.
ഹെൻഡ്രികസ് മാത്രം
ഇന്ത്യക്കെതിരേ പോരാടാനുള്ള മനക്കരുത്ത് റീസ ഹെൻഡ്രിക്കസ് മാത്രമാണ് കാണിച്ചത്. 50 പന്തിൽ 70 റണ്‍സ് എടുത്ത് ഹെൻഡ്രിക്കസ് ആതിഥേയ ഇന്നിംഗ്സിൽ ടോപ് സ്കോറർ ആയി. ബെഹാർഡിൻ (27 പന്തിൽ 39), സ്മുട്സ് (ഒന്‍പത് പന്തിൽ 14), ക്ലാസൻ (8 പന്തിൽ 16) എന്നിവരുടെ ശ്രമങ്ങൾ ഫലം കണ്ടില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ സാധിച്ചത് ഇന്ത്യക്ക് നേട്ടമായി.
ഭുവനേശ്വർ കുമാർ നാല് ഓവറിൽ 24 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തിരിച്ചെത്തിയ സുരേഷ് റെയ്നയ്ക്ക് അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. ദക്ഷിണാഫ്രിക്കൻ നിരയിൽ പരിക്കേറ്റ എബി ഡിവില്യേഴ്സ് ഉണ്ടായിരുന്നില്ല. പുതുമുഖങ്ങളായ ക്ലാസൻ, ജൂണിയർ ഡാല എന്നിവർ ആദ്യ പതിനൊന്നിൽ ഇറങ്ങി.
സ്കോർബോർഡ്
ഇന്ത്യ ബാറ്റിംഗ്: രോഹിത് സി ക്ലാസൻ ബി ഡാല 21, ധവാൻ സി ക്ലാസൻ ബി പെഹ്ലുക്വായോ 72, റെയ്ന സി ആൻഡ് ബി ഡാല 15, കോഹ്ലി എൽബിഡബ്ല്യു ബി ഷംസി 26, മനീഷ് പാണ്ഡെ നോട്ടൗട്ട് 29, ധോണി ബി മോറിസ് 16, ഹാർദിക് പാണ്ഡ്യ നോട്ടൗട്ട് 13, എക്സ്ട്രാസ് 11, ആകെ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 203.
ബൗളിംഗ്: പീറ്റേഴ്സണ് 4-0-48-0, ഡാല 4-0-47-2, ക്രിസ് മോറിസ് 4-0-39-1, ഷംസി 4-0-37-1, സ്മുട്സ് 2-0-14-0, പെഹ്ലുക്വായോ 2-0-16-1.
ദക്ഷിണാഫ്രിക്ക ബാറ്റിംഗ്: സ്മുട്സ് സി ധവാൻ ബി ഭുവനേശ്വർ 14, ഹെൻഡ്രിക്കസ് സി ധോണി ബി ഭുവനേശ്വർ 70, ഡുമിനി സി റെയ്ന ബി ഭുവനേശ്വർ 3, മില്ലർ സി ധവാൻ ബി ഹാർദിക് 9, ബെഹാർഡിൻ സി പാണ്ഡ്യ ബി ചാഹൽ 39, ക്ലാസൻ സി റെയ്ന ബി ഭുവനേശ്വർ 16, പെഹ്ലുക്വായോ സി ചാഹൽ ബി ഉനദ്കട് 13, ക്രിസ് മോറിന് സി റെയ്ന ബി ഭുവനേശ്വർ 0, പീറ്റേഴ്സണ് റണ്ണൗട്ട് 1, ഡാല നോട്ടൗട്ട് 2, ഷംസി നോട്ടൗട്ട് 0, എക്സ്ട്രാസ് 8, ആകെ 20 ഓവറിൽ ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 175.
ബൗളിംഗ്: ഭുവനേശ്വർ കുമാർ 4-0-24-5, ഉനദ്കട് 4-0-33-1, ബുംറ 4-0-28-0, ഹാർദിക് 4-0-45-1, ചാഹൽ 4-0-39-1.