“ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു. 2018ൽ ഇന്ത്യ സന്ദർശിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. (പൊട്ടിച്ചിരിച്ചുകൊണ്ട്) ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ!’’- ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സേവനത്തിന്റെയും സമാധാനത്തിന്റെയും ലോക നായകനുമായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണിത്.
ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ധാക്കയിൽനിന്നു വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കിടെ പ്രത്യേക പേപ്പൽ വിമാനത്തിൽ 2017 ഡിസംബർ രണ്ടിനു നടത്തിയ പത്രസമ്മേളനത്തിൽ ദീപിക ലേഖകന്റെ ചോദ്യത്തിനു മറുപടിയായാണു പാപ്പാ ഇക്കാര്യം പറഞ്ഞത്. മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്നു വിശ്വാസികളടക്കം ലക്ഷക്കണക്കിനാളുകൾ ആഗ്രഹിക്കുന്നു. 2018ൽ ഇന്ത്യയിൽ വരുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം.
“ദൈവിക പദ്ധതിയുടെ ഭാഗമാണെല്ലാം. വളരെ വിശാലമായ രാജ്യവും വൈവിധ്യവുമുള്ള സംസ്കാരവുമാണ് ഇന്ത്യയുടേത്. ഒരു പക്ഷേ, ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലേക്കുള്ള പര്യടനത്തിനായിത്തന്നെ ഒരു പ്രത്യേക യാത്ര ആവശ്യമായതു കൊണ്ടാകാം ഇത്തവണത്തെ ദക്ഷിണേഷ്യൻ യാത്രയിൽ കഴിയാതെ പോയത്. ഇന്ത്യാ സന്ദർശനമെന്നത് ഒരു മുഴുവൻ പരിപാടിയാണ്. വലിയ രാജ്യമായതിനാൽ ഇന്ത്യയുടെ തെക്കും വടക്കുകിഴക്കും മധ്യഭാരതത്തിലുമെല്ലാം എനിക്കു പോകേണ്ടി വരും’’. മാർപാപ്പ വിശദീകരിച്ചു.
അരികിലെത്തിയിട്ടും അകലെ
ബംഗ്ലാദേശിൽനിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യക്കു മുകളിലൂടെ പേപ്പൽ വിമാനം പറക്കുന്പോഴായിരുന്നു ഫ്രാൻസിസ് പാപ്പാ ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിൽ വരാനായിരുന്നു ആദ്യം ആലോചിച്ചതെന്നും എന്നാൽ ഇന്ത്യയിലെ സർക്കാരിന്റെ തീരുമാനം വൈകിയതിനാൽ മ്യാൻമറിലേക്കു പോകാൻ തീരുമാനിക്കുകയായിരുന്നുവെന്നുമുള്ള പാപ്പായുടെ വെളിപ്പെടുത്തലിൽ എല്ലാമുണ്ട്. അതിലേറെ തെളിമയുണ്ട്. തൊട്ടടുത്ത രാജ്യത്തെത്തിയിട്ടും ലോകസമാധാനത്തിന്റെ അപ്പസ്തോലനായ ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനു പച്ചക്കൊടി കാട്ടാൻ കേന്ദ്രം മടിച്ചുവെന്നതു ദുഃഖകരമായി. കേരളത്തിലടക്കം ഇന്ത്യയിൽ എല്ലായിടവും സന്ദർശിക്കാൻ ആഗ്രഹമുണ്ടെന്നും അതിനായി വീണ്ടും വരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമുള്ള പാപ്പായുടെ വാക്കുകൾ 140 കോടി ഇന്ത്യക്കാരുടെ മനസിൽ വിങ്ങലായി തുടരും.
“ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കും പോകുകയെന്നതായിരുന്നു എന്റെ ആദ്യത്തെ പരിപാടി. പക്ഷേ, ഇന്ത്യാ സന്ദർശനത്തിനുള്ള നടപടിക്രമങ്ങൾ വൈകി. അതിനാലാണ് ബംഗ്ലാദേശും അടുത്തുള്ള മ്യാൻമറും തെരഞ്ഞെടുത്തത്. സമയം ക്രമീകരിക്കാനായാണ് (ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്നു തീരുമാനം വൈകിയതു മൂലമുള്ള) ഇന്ത്യയും ബംഗ്ലാദേശും എന്ന ഒറിജിനൽ പ്ലാൻ മാറ്റി മ്യാൻമറും ബംഗ്ലാദേശും സന്ദർശിക്കാൻ തെരഞ്ഞെടുത്തത്’’. വലിയ വിജയമായ ദക്ഷിണേഷ്യൻ യാത്രയിൽ, ഇന്ത്യകൂടി സന്ദർശിക്കാൻ കഴിയാതിരുന്നതിന്റെ യഥാർഥ കാരണമെന്താണെന്ന ദീപികയുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പാപ്പാ.
പഴിചാരാൻ സാങ്കേതികത്വങ്ങൾ
മ്യാൻമറിലും ബംഗ്ലാദേശിലും ഫ്രാൻസിസ് പാപ്പാ നടത്തിയ ചരിത്ര സന്ദർശനത്തിനു ശേഷം വത്തിക്കാനിലേക്കു തിരിച്ചുപോകുന്ന വിമാനത്തിലെ പത്രസമ്മേളനത്തിൽ അദ്ദേഹം ഉന്മേഷവാനും വാചാലനുമായിരുന്നു. നല്ല ആരോഗ്യമുള്ളതിനാൽ ഒരു മണിക്കൂറിലേറെ നീണ്ട പത്രസമ്മേളനത്തിലുടനീളം നിന്നുകൊണ്ടാണ് അന്നു മാർപാപ്പ മറുപടികൾ പറഞ്ഞത്. 2017 നവംബർ 26 മുതൽ ഡിസംബർ രണ്ടു വരെയായിരുന്നു പാപ്പയുടെ പര്യടനം.
2017ൽ ഇന്ത്യ സന്ദർശിക്കുന്നതിനായി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാരിനോടു സൗകര്യം ചോദിച്ചിരുന്നതായി വത്തിക്കാന്റെ ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. വത്തിക്കാനിലെ അന്നത്തെ മാധ്യമവിഭാഗം തലവനായിരുന്ന ഗ്രെഗ് ബുർക് പിന്നീട് ഇതേ സൂചന നൽകി. രാഷ്ട്രത്തലവനെന്ന നിലയിൽ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സൗകര്യം അടക്കം ഔപചാരികതകളുടെ സാങ്കേതികത്വം പറഞ്ഞായിരുന്നു സർക്കാർ മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം നീട്ടിയത്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തിരക്കെന്ന ഒഴിവുകൾക്കും പഞ്ഞമുണ്ടായില്ല. പക്ഷേ, പ്രധാനമന്ത്രിയും സർക്കാരും വിചാരിച്ചിരുന്നെങ്കിൽ ലോകസഞ്ചാരിയായിരുന്ന ഫ്രാൻസിസ് പാപ്പാ ഇന്ത്യയിലെത്തുമായിരുന്നു.
അസൗകര്യങ്ങളും നടപടിക്രമങ്ങളും പഴിചാരി മാർപാപ്പയുടെ സന്ദർശനത്തിനു വിലങ്ങിടുന്നത് ആർഎസ്എസിന്റെ എതിർപ്പു മൂലമാണോയെന്ന വിദേശ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ ഉയർന്നപ്പോഴും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനോ നിരാകരിക്കാനോ ന്യായീകരിക്കാനോ പഴിചാരാനോ വത്തിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല. ദൈവീകപദ്ധതിക്കു വഴങ്ങുകയെന്നതാണു ഫ്രാൻസിസ് പാപ്പായ്ക്ക് ഏറ്റവും മുഖ്യമെന്നായിരുന്നു മറുപടി. ആരോടും വെറുപ്പും വിദ്വേഷവുമില്ല.
മലയാളികളെ സ്നേഹിച്ച പിതാവ്
മലയാളികളോടും മലയാളികളായ സഭാ ശുശ്രൂഷകരോടും ഫ്രാൻസിസ് പാപ്പായ്ക്കു പ്രത്യേകമായൊരു മമത ഉണ്ടെന്ന് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞതും മായാതെയുണ്ട്. സീറോമലബാർ സഭയുടെ അന്നത്തെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരുടെ പേരുകൾ മാർപാപ്പ പ്രത്യേകം പരാമർശിക്കുകയും ചെയ്തു. 2019 മുതൽ മാർപാപ്പയുടെ വിദേശ സന്ദർശനങ്ങളുടെ ഏകോപന ചുമതല നിർവഹിച്ച ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ടിനെ കർദിനാളായി ഉയർത്തിയതും ഇതിന്റെകൂടി തെളിവാകും. മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ചു ധാക്കയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ സന്ദേശം നൽകിയതു കർദിനാൾ മാർ ആലഞ്ചേരി ആയിരുന്നുവെന്നതും കേരളത്തിന് അഭിമാനമായി.
ജോർജ് കള്ളിവയലിൽ