ബംഗളൂരു: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സിലും ഇന്ത്യ തകര്‍ന്നടിഞ്ഞു. ഓഫ് സ്പിന്നര്‍ നാഥന്‍ ലയണിന് മുന്നില്‍ മുട്ടുമടക്കിയ ഇന്ത്യ 189 റണ്‍സിന് പുറത്തായി. എട്ട് വിക്കറ്റ് നേടിയ ലയണ്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തൂത്തെറിഞ്ഞു. 22.2 ഓവറില്‍ 50 റണ്‍സ് വഴങ്ങിയായിയിരുന്നു ലയണിന്‍റെ വിക്കറ്റ് കൊയ്ത്ത്.
ഓപ്പണര്‍ കെ.എല്‍.രാഹുലിന്‍റെ ഒറ്റയാള്‍ ചെറുത്തുനില്‍പ്പ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എടുത്തുപറയാനുള്ളത്. 90 റണ്‍സ് നേടിയ രാഹുല്‍ ഒന്‍പതാമനായാണ് പുറത്തായത്. ബാക്കിയുള്ളവരെല്ലാം പൂനെയിലെ ഒന്നാം ടെസ്റ്റിന്‍റെ ആവര്‍ത്തനമായി. ക്യാപ്റ്റന്‍ വിരാട് കോഹ്ലി (12), ചേതേശ്വര്‍ പൂജാര (17), അഭിനവ് മുകുന്ദ് (0), അജിങ്ക്യ രഹാനെ (17) എന്നിവരെല്ലാം പരാജയമായി. രാഹുലിന് ശേഷം 26 റണ്‍സ് നേടിയ കരുണ്‍ നായരാണ് ടോപ്പ് സ്‌കോറര്‍.
പൂനെയിലെ കനത്ത തോല്‍വിക്ക് ശേഷം കളത്തിലിറങ്ങുന്ന ഇന്ത്യ ജയന്ത് യാദവിനെ ഒഴിവാക്കി ഒരു ബാറ്റ്‌സ്മാനെ കൂടി അധികം ഉള്‍പ്പെടുത്തിയാണ് ബംഗളൂരുവില്‍ ഇറങ്ങിയത്. പരിക്കറ്റ ഓപ്പണര്‍ മുരളി വിജയ്ക്ക് പകരം അഭിനവ് മുകുന്ദ് ടീമിലെത്തി. ജയന്ത് യാദവിന് പകരെ കരുണ്‍ നായര്‍ 11 അംഗ ടീമിലിടം പിടിക്കുകയായിരുന്നു. നാല് മത്സരങ്ങളുടെ പരന്പരയില്‍ ഓസീസ് 10ന് മുന്നിലാണ്.