തോമസ് വർഗീസ്
കാര്യവട്ടം: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പര ചരിത്രവിജയത്തോടെ തൂത്തുവാരി ഇന്ത്യ. കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
ബാറ്റിംഗിൽ വിരാട് കോഹ്ലി (110 പന്തിൽ 166), ശുഭ്മൻ ഗിൽ (97 പന്തിൽ 116) എന്നിവരും ബൗളിംഗിൽ മുഹമ്മദ് സിറാജിന്റെ തകർപ്പൻ പ്രകടനവുമാണ് ഇന്ത്യക്കു ജയമൊരുക്കിയത്. ഇതോടെ മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരന്പര 3-0ന് ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ അഞ്ചു വിക്കറ്റിന് 390 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 22-ാം ഓവറിൽ 73 റണ്‍സിന് എല്ലാവരും പുറത്തായി.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ് 10 ഓവറിൽ 34 റണ്‍സ് വിട്ടുകൊടുത്തു നാലു വിക്കറ്റ് നേടി. സ്കോർ: ഇന്ത്യ- 390/5 (50 ഓവർ); ശ്രീലങ്ക- 73/10 (22 ഓവർ). പരന്പരയിൽ രണ്ടു സെഞ്ചുറി നേടിയ വിരാട് കോഹ്ലിയാണു പരന്പരയിലെയും മത്സരത്തിലെയും താരം.
ഗില്ലാട്ടം
റണ്‍ വരൾച്ച നേരിടുന്ന പിച്ചെന്നു പഴികേട്ട കാര്യവട്ടത്ത് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ശുഭ്മൻ ഗില്ലാണ് ഓപ്പണറായെത്തിയത്. ഇരുവരും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സിനു മികച്ച അടിത്തറയിട്ടു.
ആദ്യ 10 ഓവറിൽ 75 റണ്‍സ് സ്വന്തമാക്കിയ ഇന്ത്യയുടെ ആദ്യ വിക്കറ്റ് 95-ാം റണ്‍സിൽ നഷ്ടമായി. 42 റണ്‍സ് എടുത്ത രോഹിത് ശർമയെ കരുണരത്നയുടെ പന്തിൽ ഫെർണാണ്ടോ പിടിച്ചു പുറത്താക്കി.
മൂന്നു സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.പിന്നാലെയെത്തിയ വിരാട് കോഹ്ലി ആദ്യ ഓവറിൽതന്നെ ബൗണ്ടറി പായിച്ചു വരവറിയിച്ചു.
17-ാം ഓവറിൽ വാൻഡർസെയുടെ പന്ത് തുടർച്ചയായി രണ്ടുതവണ കോഹ്ലി ബൗണ്ടറിയിലേക്കു പായിച്ചു. 19-ാം ഓവറിൽ ഗിൽ അർധശതകം നേടി. 52 പന്തിൽ എട്ടു ബൗണ്ടറിയോടെയായിരുന്നു നേട്ടം.
ഗിൽ -കോഹ്ലി സഖ്യം 24-ാം ഓവറിൽ ഇന്ത്യൻ സ്കോർ 150 കടത്തി. നുവിനിഡോ ഫെർണാണ്ടോ എറിഞ്ഞ 31-ാം ഓവറിലെ അവസാന പന്തിൽ ഗിൽ സെഞ്ചുറി തികച്ചു.
89 പന്തിൽ 11 ബൗണ്ടറിയും രണ്ട് സിക്സുമുൾപ്പെട്ട ഇന്നിംഗ്സ്. 32-ാം ഓവറിൽ മൂന്നു ബൗണ്ടറി ഉൾപ്പെടെ ഗിൽ 13 റണ്‍സ് നേടി. തൊട്ടടുത്ത ഓവറിൽ കസുണ് രജിതയുടെ പന്തിൽ ഗിൽ ബൗൾഡ്. 97 പന്തിൽ 14 ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടെ 116 റണ്‍സോടെ മടക്കം.
വിരാടവാഴ്ച
തുടർന്നെത്തിയ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യൻ സ്കോർ ഉയർത്തി. 37-ാം ഓവറിൽ ഇന്ത്യ 250 റണ്‍സും 42.5 ഓവറിൽ 300 റണ്‍സും പിന്നിട്ടു.
43-ാം ഓവറിലെ അവസാന പന്തിലായിരുന്നു കാര്യവട്ടം കാത്തിരുന്ന കോഹ്ലിയുടെ സെഞ്ചുറി; അതും 85 പന്തിൽ 10 ബൗണ്ടറിയുടേയും ഒരു സിക്സറിന്റെയും അകന്പടിയോടെ.
നൂറു പിന്നിട്ടതോടെ കോഹ്ലി ആക്രമണകാരിയായി. 45-ാം ഓവറിൽ കരുണരത്നയ്ക്കെതിരേ രണ്ട് സിക്സും ബൗണ്ടറിയും കോഹ്ലി അടിച്ചുകൂട്ടി. ഇടയ്ക്കുവച്ച് ശ്രേയസ് അയ്യരും (32 പന്തിൽ 38), കെ.എൽ രാഹുലും (ഏഴ്) വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവും (നാല്) മടങ്ങിയെങ്കിലും കോഹ്ലി ആക്രമണത്തോത് കുറച്ചില്ല.
49.1-ാം ഓവറിൽ ലഹിരു കുമാരയെ സിക്സ് പറത്തി കോഹ്ലി 150 റണ്‍സ് കടന്നു. ഇന്ത്യൻ ഇന്നിംഗ്സ് അവസാനിക്കുന്പോൾ കോഹ്ലിയുടെ പേരിൽ പിറന്നത് 166 റണ്‍സ്. 85 പന്തിൽനിന്ന് സെഞ്ചുറി നേടിയ കോഹ്ലി ശേഷിച്ച 25 പന്തിൽനിന്ന് 66 റണ്‍സാണ് വാരിക്കൂട്ടിയത്.
കൂട്ടക്കുരുതി
391 വിജയലക്ഷ്യം പിന്തുടർന്ന ലങ്കയ്ക്ക് ഒരു ഘട്ടത്തിൽപ്പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മുഹമ്മദ് സിറാജിന്റെ തീപാറും ബൗളിംഗിനു മുന്നിൽ ലങ്കയുടെ മുൻനിര തകർന്നു.
സ്കോർ രണ്ടക്കം കടക്കുംമുന്പേ ലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സ് എടുത്ത അവിഷ്ക ഫെർണാണ്ടോ സിറാജിന്റെ പന്തിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകി മടങ്ങി.
സിറാജ് പ്രഹരം തുടർന്നതോടെ ലങ്കൻ സ്കോർ 50ൽ എത്തിയപ്പോൾ ഏഴു മുൻനിര ബാറ്റർമാർ പവലിയനിൽ തിരിച്ചെത്തി. പിന്നെയൊക്കെ വെറും ചടങ്ങ് മാത്രം. ഒടുവിൽ 22-ാം ഓവറിൽ ലങ്ക 73 റണ്‍സിന് ഓൾ ഒൗട്ട്.
മൂന്നു പേർ മാത്രമാണ് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. 19 റണ്‍സ് നേടിയ നുവാൻഡിയു ഫെർണാണ്ടോയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ദസുൻ ഷനക (11),കസുൻ രജിത (13) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാലും മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
ഫീൽഡിംഗിനിടെയുണ്ടായ കൂട്ടിയിടിയിൽ പരിക്കേറ്റ രണ്ടു ലങ്കൻ താരങ്ങളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാഹചര്യത്തിൽ കണ്ടീഷണൽ സബ്സ്റ്റിറ്റ്യൂട്ട് വ്യവസ്ഥയിൽ ഒരു താരത്തിനു പകരം ദുനിത് വെല്ലാലഗെയ്ക്കു ബാറ്റിംഗിന് അവസരം നൽകി.
പരിക്കേറ്റ രണ്ടാമത്തെ താരത്തിനു പകരക്കാരനെ അനുവദിച്ചില്ല. ഇതോടെ ഒന്‍പതു വിക്കറ്റ് നഷ്ടമായപ്പോൾ ലങ്ക ബാറ്റിംഗ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് 317 റണ്‍സിന്റെ റിക്കാർഡ് ജയം.
ചരിത്രജയം- 317
കാര്യവട്ടത്ത് ഇന്ത്യ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തിയപ്പോൾ കടപുഴകിയത് നിരവധി റിക്കാർഡുകൾ. റണ്‍ അടിസ്ഥാനത്തിൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ലങ്കയ്ക്കെതിരേ നേടിയത്.
15 വർഷം മുന്‍പ് 2008ൽ അയർലൻഡിനെതിരേ ന്യൂസിലൻഡ് കുറിച്ച 290 റണ്‍സിന്റെ ജയമെന്ന റിക്കാർഡാണ് രോഹിത് ശർമയും സംഘവും തിരുത്തിയെഴുതിയത്.
ഇതിനുമുന്‍പ് 2007 ക്രിക്കറ്റ് ലോകകപ്പിൽ ബർമുഡയ്ക്കെതിരേ നേടിയ 257 റണ്‍സിന്റെ ജയമായിരുന്നു റണ്‍സിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.
അന്ന് ടീമിന്റെ നായകനായിരുന്ന രാഹുൽ ദ്രാവിഡാണ് ഇപ്പോൾ ടീം ഇന്ത്യയുടെ കോച്ചെന്നതും യാദൃച്ഛികം.