കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) സ്പോർട്സ് ഹബ് ഉടമകളും തമ്മിലുള്ള തർക്കത്തെ തുടർന്ന് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കേണ്ട ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിനം പ്രതിസന്ധിയിൽ. ഇന്നലെ കൊച്ചിയിൽ ചേർന്ന കെസിഎ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ ടിക്കറ്റ്, പരസ്യ വരുമാനത്തെച്ചൊല്ലി തർക്കമുണ്ടായതാണു മത്സരം അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
വാടകയ്ക്കു പുറമേ സ്റ്റേഡിയത്തിനു പുറത്തെ പരസ്യവരുമാനം കൂടി തങ്ങളുടേതാണെന്നാണു സ്പോർട്സ് ഹബ് ഉടമകളായ കാര്യവട്ടം സ്പോർട്സ് ഫസിലിറ്റീസ് ലിമിറ്റഡ് പറയുന്നത്. കോർപറേറ്റ് ബോക്സ് ടിക്കറ്റുകളിൽ സ്റ്റേഡിയം ഉടമകൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കാനാവില്ലെന്നാണു കെസിഎയുടെ നിലപാട്. മത്സരത്തിന്റെ സംഘാടകർ തങ്ങളാണ്.
ടിക്കറ്റ്, പരസ്യം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് അസോസിയേഷനാണെന്നു കെസിഎ ഭാരവാഹികൾ പറഞ്ഞു. വേണ്ടിവന്നാൽ മത്സരം മാറ്റുന്ന കാര്യം പരിശോധിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
മത്സരം നടക്കാതെ പോയാൽ നാലരക്കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്നും കെസിഎ യോഗം വിലയിരുത്തി. സ്റ്റേഡിയം ഉടമകളുമായി തുടർ ചർച്ചകൾക്കായി കെസിഎ അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ നാലിന് തുടങ്ങുന്ന ഇന്ത്യ-വിൻഡീസ് ടെസ്റ്റ്-ഏകദിന പരന്പരയിലെ അഞ്ചാം ഏകദിന മത്സരമാണ് ബിസിസിഐ കേരളത്തിന് അനുവദിച്ചത്.