ന്യൂഡല്‍ഹി: കേരളപ്പിറവി ദിനത്തില്‍ കേരളത്തിന് ബിസിസിഐയുടെ സമ്മാനം. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം ഏകദിനം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും.
ഏകദിന മല്‍സരം ഉള്‍പ്പെടെ വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ മല്‍സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനവും മൂന്നു ട്വന്റി20 മല്‍സരങ്ങളുമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഉള്ളത്. പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും. ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരമാണ് തിരുവനന്തപുരത്തു നടക്കുക.
കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനുശേഷമാണ് കളി തിരുവനന്തപുരത്തു തന്നെയാക്കാന്‍ തീരുമാനിച്ചത്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്ബോള്‍ മൈതാനം കുത്തിപ്പൊളിച്ചു ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബിസിസിഐ ഇടപെടുകയായിരുന്നു. സര്‍ക്കാരും തിരുവനന്തപുരത്തു മല്‍സരം നടത്തണമെന്ന നിലപാട് എടുത്തതോടെ കെസിഎ വഴങ്ങി.
ഒക്ടോബര്‍ 4 മുതല്‍ 8 വരെ രാജ്കോട്ടില്‍ ഒന്നാം ടെസ്റ്റും 12 മുതല്‍ 16 വരെ ഹൈദരാബാദില്‍ രണ്ടാം ടെസ്റ്റും നടക്കും.
21ന് ഗോഹട്ടിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 24ന് ഇന്‍ഡോറില്‍ രണ്ടാം ഏകദിനവും 27ന് പൂനയില്‍ മൂന്നാം ഏകദിനവും നാലാം ഏകദിനം 29നു മുംബൈയിലും അഞ്ചാം ഏകദിനം തിരുവനന്തപുരത്തും നടക്കും. ട്വന്റി 20 പരമ്പരിയലെ ആദ്യ മത്സരം നവംബര്‍ നാലിന് കോല്‍ക്കത്തയില്‍ നടക്കും. രണ്ടാം മത്സരം ആറിന് ലക്നോയിലും മൂന്നാം മത്സരം 11ന് ചെന്നൈയിലും നടക്കും.
അഭിമാനത്തോടെ സ്പോര്‍ട്സ് ഹബ്
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ ഏഴിന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബില്‍ ട്വന്റി 20 മത്സരം നടന്നിരുന്നു. ദിവസങ്ങളോളം നീണ്ടുനിന്ന കനത്ത മഴയില്‍ മല്‍സരം നടക്കില്ലെന്ന ആശങ്കയിലായിരുന്നു.
കളി തുടങ്ങിയപ്പോഴും മഴയാ യിരുന്നു. എന്നാല്‍, മഴ മാറിനിന്ന് അരമണിക്കൂറിനകം സ്റ്റേഡിയം മല്‍സരത്തിനു സജ്ജമാക്കിയാണ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം രാജ്യാന്തര കായികമേഖലയില്‍ ശ്രദ്ധ നേടി. എട്ടു വീതം ഓവറുകളാക്കി ചുരുക്കിയ മല്‍സരത്തില്‍ ഇന്ത്യ ആറു റണ്‍സിനു ന്യൂസിലന്‍ഡിനെ തോല്പിക്കുകയും ചെയ്തു. കനത്ത മഴയിലും അരങ്ങേറ്റമല്‍സരം ഗംഭീരമാക്കിയതിന്റെ അഭിമാനത്തിലാണ് സ്പോര്‍ട്സ് ഹബ് സ്റ്റേഡിയം രണ്ടാമത്തെ രാജ്യാന്തരമല്സരത്തിന് ഒരുങ്ങുന്നത്.