ന്യൂഡല്‍ഹി: ആദ്യമത്സരം മഴമുടക്കിയെങ്കില് രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് വിജയം. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സിന്റെ ഉജ്വലവിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 43 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് ഉജ്വല ജയമൊരുക്കിയത്. ഓപ്പണര്‍ അജിങ്ക്യ രഹാനെ 103 റണ്‍സ് നേടി. 10 ബൗണ്ടറിയും രണ്ട് സിക്സറും അടങ്ങിയതായിരുന്നു രഹാനെയുടെ ഇന്നിംഗ്സ്. കരിയറിലെ മൂന്നാം സെഞ്ചുറിയായിരുന്നു രഹാനെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ സ്വന്തമാക്കിയത്. ശിഖര്‍ ധാവനും (63) വിരാട് കോഹ്ലിയും അര്‍ധസെഞ്ചുറി നേടി. കേവലം 66 പന്തില്‍നിന്നാണ് കോഹ്്ലി 87 റണ്‍സ് നേടിയത്.
വിന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് തുടക്കം മുതല്‍ പതറി. സ്കോര്‍ബോര്‍ഡില്‍ നാലു റണ്‍സുള്ളപ്പോള്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവരെ കരകയറ്റിയത് 81 റണ്‍സെടുത്ത ഷായി ഹോപ്പാണ്. എന്നാല്‍, അദ്ദേഹത്തിനു വിന്‍ഡീസിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. റോസ്റ്റണ്‍ ചേസ് 33 റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി കന്നി മത്സരം കളിച്ച കുല്‍ദീപ് യാദവ് നാലു വിക്കറ്റ് സ്വന്തമാക്കി. ഉമേഷ് യാദവും ആര്. അശ്വിനും രണ്ടു വിക്കറ്റ് നേടി. ഭുവനേശ്വര്‍ കുമാറിന് ഒരു വിക്കറ്റ് ലഭിച്ചു. സെഞ്ചുറി നേടിയ രഹാനെയാണ് മാന്‍ ഓഫ് ദ മാച്ച്.
റിക്കാര്‍ഡ് ഇന്ത്യ
ഏകദിന ക്രിക്കറ്റില്‍ പുതിയ റിക്കാര്‍ഡ് സൃഷ്ടിച്ചാണ് ഇന്ത്യന്‍ ടീം വിന്‍ഡീസിനെതിരേ ബാറ്റിംഗ് അവസാനിപ്പിച്ചത്. ഇന്ത്യ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ തവണ 300ന് മുകളില്‍ സ്കോര്‍ ചെയ്യുന്ന ടീമായി ഇന്ത്യ മാറി. വിന്‍ഡീസിനെതിരെ നടന്ന മത്സരത്തോടെ 96 തവണയാണ് ഇന്ത്യ 300-ലേറെ റണ്‍സ് നേടുന്നത്. ഓസീസിനെ മറികടന്നാണ് ഇന്ത്യ ഈ റിക്കാര്‍ഡ് സ്വന്തമാക്കിയത്.
95 മത്സരങ്ങളില്‍ ഓസീസ് 300 കടന്നു. ഇന്ത്യയും ഓസ്ട്രേലിയയും മാത്രമേ 90 പ്രാവശ്യം 300 കടന്നിട്ടുള്ളൂ. ഏകദിന റാങ്കിംഗില്‍ ഒന്നാമതുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതാണ്. 77 തവണ അവര്‍ 300 പിന്നിട്ടു. പാക്കിസ്ഥാനും ശ്രീലങ്കയും പിന്നിലുണ്ട്.
300 കടന്ന 96 മത്സരങ്ങളില്‍ 75 എണ്ണത്തില്‍ ഇന്ത്യ ജയിച്ചു. 19 കളിയില്‍ പരാജയപ്പെടുകയും രണ്ട് മത്സരങ്ങള്‍ സമനിലയാകുകയും ചെയ്തു. 300 കടന്നിട്ട് ഏറ്റവും കൂടുതല്‍ തവണ തോറ്റ ടീമും ഇന്ത്യയാണ്. 95ല്‍ 84 തവണയും ഓസീസ് ജയിച്ചു. 300 കടന്നിട്ട് ഏഴ് തവണമാത്രമേ ദക്ഷിണാഫ്രിക്ക തോറ്റിട്ടുള്ളൂ.